പരമാവധി രണ്ട് മൂന്ന് ടേക്ക്, അതിൽ കൂടുതൽ ചോദിച്ചാൽ...; നിത്യ മേനോൻ സെറ്റിലിങ്ങനെ: സംവിധായിക
അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ വേഷങ്ങൾ നിത്യ മേനോന് ലഭിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലും നിത്യ പ്രിയങ്കരിയാണ്. ഏത് റോളും അവിസ്മരണീയമാക്കാൻ നിത്യ മേനോന് സാധിക്കുന്നെന്ന് പ്രേക്ഷകർ പറയുന്നു. തിരുച്ചിത്രമ്പലം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നിത്യക്ക് ലഭിച്ചു. തെരഞ്ഞെടുക്കുന്ന സിനിമകളിൽ നിത്യക്ക് പല നിബന്ധനകളുണ്ട്. കഥ ഇഷ്ടപ്പെട്ടെങ്കിലും മാത്രമേ നിത്യ ഒരു സിനിമയുടെ ഭാഗമാകാറുള്ളൂ.
സൂപ്പർ താരമുള്ളത് കൊണ്ടോ വലിയ പ്രൊഡക്ഷൻ കമ്പനിയോ ആയതിന്റെ പേരിലോ നടി സിനിമകൾ തെരെഞ്ഞെടുക്കാറില്ല. വലിയ തോതിൽ പണം ചെലവഴിക്കുന്ന സിനിമകളോട് തനിക്ക് താൽപര്യമില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ നിത്യ മേനോൻ പറഞ്ഞിട്ടുണ്ട്. ഇത്തരം മാനദണ്ഡങ്ങളും നിബന്ധനകളും നിത്യക്ക് തുടക്ക കാലത്ത് വിനയായിട്ടുണ്ട്. എന്നാൽ ഇതിനെ മറികടന്ന് മുന്നേറാൻ താരത്തിനായി. ഇപ്പോഴിതാ നിത്യ മേനോന്റെ വർക്കിംഗ് രീതികളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായിക കിരുതിഗ ഉദയനിധി.

റിലീസിനൊരുങ്ങുന്ന നിത്യയുടെ കാതലിക്ക നേരമില്ല എന്ന സിനിമ സംവിധാനം ചെയ്തത് കിരുതിഗ ഉദയനിധിയാണ്. 'കാതലിക്ക് നേരമില്ലെയിൽ നിത്യ മേനോനോട് ഒരു ടേക്ക് കൂടെ വേണമെന്ന് ആവശ്യപ്പെട്ടെന്ന് വെച്ചോളൂ. എന്താണ് ടേക്കിൽ എനിക്ക് വേണ്ടതെന്ന് പറയുന്നതിന് മുമ്പ് ഞാൻ തയ്യാറെടുക്കണം. അഭിനയ രാക്ഷസിയാണവർ. ഒരു ടേക്ക് കൂടെ വേണമെന്ന് പറഞ്ഞാൽ കൃത്യമായി എന്താണ് വേണ്ടതെന്ന് തിരിച്ച് ചോദിക്കും. എന്താണ് വേണ്ടതെന്ന് കൃത്യമായി പറയാൻ ഞാൻ തയ്യാറെടുക്കണം. പരമാവധി രണ്ട് മൂന്ന് ടേക്കാണ് അവരെടുക്കുക. അതിന് മുകളിൽ പോയാൽ...,' സംവിധായിക ചെറുചിരിയോടെ പറഞ്ഞതിങ്ങനെ.
അത് നല്ലതാണ്. സ്ക്രിപ്റ്റും ഡയലോഗും മനസിലാക്കാൻ സഹായിക്കും. തനിക്കത് നല്ല അനുഭവമായിരുന്നെന്നും കിരുതിഗ ഉദയനിധി പറഞ്ഞു. ഗലാട്ട പ്ലസ് റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു സംവിധായിക. നടനും നിർമാതാവും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ ഭാര്യയാണ് കിരുതിഗ ഉദയനിധി. ജനുവരി 14 ന് ചിത്രം തിയറ്ററുകളിലെത്തും. ജയം രവിയാണ് നായകൻ. നിത്യയുടെ രീതികൾ ഇഷ്ടപ്പെടുന്നവരോടൊപ്പം ഇതിനോട് വിയോജിപ്പുള്ളവരും സിനിമാ ലോകത്തുണ്ട്.

ഒരു കാലത്ത് മലയാള സിനിമാ രംഗത്ത് നടിക്ക് വിലക്ക് നേരിടേണ്ടി വന്നതും ഇത് കൊണ്ടാണ്. തത്സമയം ഒരു പെൺകുട്ടി എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു സംഭവം. മറ്റൊരു സിനിമയുടെ ചർച്ചയ്ക്കായി നിത്യയെ കാണാൻ പ്രമുഖ നിർമാതാക്കളെത്തി. എന്നാൽ നിത്യ ഇവരെ കാണാൻ തയ്യാറായില്ല. കൂടിക്കാഴ്ച പിന്നീടാകാമെന്നും താൻ വർക്കിലാണെന്നും മാനേജർ മുഖേന നിത്യ അറിയിച്ചു.
ഇതോടെ നിത്യയെ സിനിമാ രംഗത്ത് വിലക്കുമെന്ന് നിർമാതാക്കളുടെ സംഘടന പ്രഖ്യാപിച്ചു. പിന്നീട് ഈ പ്രശ്നം പരിഹരിച്ചു എന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ മലയാള സിനിമാ രംഗത്ത് നിത്യ സജീവമായില്ല. തെലുങ്കിലും തമിഴിലും നടി കൂടുതൽ സിനിമകൾ ചെയ്തു. തന്നെക്കുറിച്ച് തെറ്റിദ്ധാരണകൾ സിനിമാ രംഗത്തുണ്ടായിട്ടുണ്ടായിട്ടുണ്ടെന്ന് നിത്യ ഒരിക്കൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications