'വിവാഹം നടക്കാൻ പോകുന്നില്ല, ഒരുക്കങ്ങൾ നടത്തിക്കോട്ടെയെന്ന് ചോദിച്ച് ഇനി ആരും വിളിക്കേണ്ട'; നിത്യാ മേനോൻ!
ബാലതാരമായി അഭിനയം ആരംഭിച്ച് സൗത്ത് ഇന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് നിത്യാ മേനോൻ. ആകാശ ഗോപുരത്തിലൂടെ മലയാളത്തിൽ അഭിനയിച്ച് തുടങ്ങിയ നിത്യ ഇന്ന് മലയാളികൾക്ക് പ്രിയപ്പെട്ട അഭിനേത്രികളിൽ ഒരാളാണ്.
മുപ്പത്തിനാലുകാരിയായ നിത്യാ മേനോന്റെ മാതാപിതാക്കൾ മലയാളികളാണെങ്കിലും അവർ ബെംഗളൂരുവിലാണ് സ്ഥിര താമസം. കേരളവുമായി ബന്ധമുണ്ടെങ്കിലും മലയാളം എഴുതാനോ വായിക്കാനോ നിത്യയ്ക്ക് അറിയില്ല.
ആകാശഗോപുരത്തിലൂടെയാണ് നിത്യ മലയാള സിനിമയിൽ അഭിനയിച്ച് തുടങ്ങിയതെങ്കിലും തത്സമയം ഒരു പെൺകുട്ടി എന്ന സിനിമയാണ് നിത്യയെ മലയാളികൾക്ക് സുപരിചിതയാക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിത്യയുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ നിരവധി വാർത്തകൾ വന്നിരുന്നു.
പ്രമുഖ മലയാള താരവുമായി വിവാഹിതയാവുന്നു എന്ന റിപോർട്ടുകളാണ് നിത്യയെ കുറിച്ച് വന്നിരുന്നത്. രണ്ട് അഭിനേതാക്കൾക്കും സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് പരസ്പരം അറിയാമായിരുന്നുവെന്നും ആ പഴയ ബന്ധം സൗഹൃദമായി മാറുകയും പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് നയിക്കുകയും ചെയ്തു എന്നുമായിരുന്നു റിപ്പോർട്ടുകൾ വന്നത്.

വിവാഹ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. നിത്യയുടെ വിവാഹ വാർത്ത വലിയ ചർച്ചയായതോടെ നടി തന്നെ ഇപ്പോൾ പ്രചരിക്കുന്ന വാർത്തയിലെ സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.
വിവാഹ പ്ലാനുകളൊന്നുമില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വെറുതെ സത്യാവസ്ഥ തിരക്കാതെ എഴുതിപ്പിടിപ്പിച്ചവയാണെന്നും നിത്യാ മേനോൻ സോഷ്യൽമീഡിയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
'വിവാഹം കഴിക്കുന്നില്ല. വാർത്തയിൽ പറയുന്നപോലൊരു വ്യക്തിയും ഇല്ല. ഞാൻ വിവാഹം കഴിക്കുന്നില്ലെന്ന് നേരിട്ട് പറയാൻ വേണ്ടിയാണ് ഈ അവസരം ഉപയോഗിക്കുന്നത്. അക്ഷരാർത്ഥത്തിൽ ആ വാർത്തയിൽ സത്യമില്ല.'

'വിവാഹ പദ്ധതികളൊന്നുമില്ല. വരനും ചിത്രത്തിലില്ല. വിവാഹം സംഭവിക്കാൻ പോകുന്നില്ല. ബോറടിച്ച ഒരാൾ എഴുതിയ വാർത്തമാത്രമാണത്. ഒരു നിർമിത ലേഖനം. ഞാൻ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കാൻ പോകുകയാണ്.'
'സുഖം പ്രാപിക്കാൻ എനിക്ക് ആ സമയം ആവശ്യമാണ്. ഒരു യന്ത്രമനുഷ്യനെപ്പോലെ തുടർച്ചയായി അല്ലെങ്കിൽ യാന്ത്രികമായി പ്രവർത്തിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല.'
'എനിക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു വർഷമായിരുന്നു. ഞാൻ അക്ഷരാർത്ഥത്തിൽ എല്ലാ ദിവസവും ജോലി ചെയ്തു. ഒപ്പം ലോക്ക്ഡൗൺ സംഭവിച്ചു.'

'ലോക്ക്ഡൗൺ കാരണം എല്ലാ വർക്കുകളും കുമിഞ്ഞുകൂടിയിരുന്നു. എന്റെ അഞ്ചോ ആറോ പ്രോജക്റ്റുകൾ കൂടി റിലീസ് ചെയ്യാനുണ്ട്. അതിനാൽ അതാണ് എനിക്കിപ്പോൾ നല്ല വാർത്ത.'
'ഞാൻ കഠിനാധ്വാനം ചെയ്യുന്നതിനാൽ എനിക്ക് ഒരു ഇടവേള ആവശ്യമാണ്. എന്റെ കണങ്കാൽ സുഖം പ്രാപിച്ച് വരികയാണ്. ഞാൻ കാലിൽ എഴുന്നേൽക്കാൻ തുടങ്ങിയിരിക്കുന്നു.'
'അൽപ്പം യാത്ര ചെയ്യാമെന്ന തീരുമാനത്തിലാണ്. പിന്നെ തിരിച്ച് വന്ന് അഭിനയിക്കാം. എന്റെ വിവാഹ പരിപാടികൾ ക്രമീകരിക്കാൻ എനിക്ക് ഇനി കോളുകൾ ആവശ്യമില്ല. കാരണം അത് നടക്കാൻ പോകുന്നില്ല' നിത്യാ മേനോൻ പറഞ്ഞു.
Recommended Video

50 ലധികം സിനിമകളിൽ അഭിനയിച്ച നിത്യ മൂന്ന് ഫിലിംഫെയർ സൗത്ത് അവാർഡുകൾ, രണ്ട് നന്ദി അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
1998ൽ ദി മങ്കി ഹൂ ന്യൂ ടൂ മച്ച് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ പത്ത് വയസുള്ളപ്പോൾ നിത്യ ബാലതാരമായി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചു.
മോഡേൺ ലവ് ഹൈദരാബാദ് എന്ന ടെലിവിഷൻ പരമ്പരയിലാണ് നിത്യ അടുത്തിടെ പ്രത്യക്ഷപ്പെട്ടത്. നാഗേഷ് കുക്കുനൂർ, വെങ്കിടേഷ് മഹാ, ഉദയ് ഗുരാള, ദേവിക ബഹുധനം എന്നിവർ ചേർന്നാണ് ഷോ സംവിധാനം ചെയ്തത്.


Click it and Unblock the Notifications