നവാസിന് പൂർത്തീകരിക്കാൻ കഴിയാത്തത് മക്കളിലൂടെ സഫലമാവട്ടെ! പ്രകമ്പനം കണ്ട് നിയാസ് പറഞ്ഞത്? പോസ്റ്റ് വൈറൽ
കഴിഞ്ഞ ദിവസമായിരുന്നു പ്രകമ്പനം തിയേറ്റുകളിലേക്കെത്തിയത്. ഹൊറര്‍ കോമഡി ജോണറിലെത്തിയ ചിത്രത്തിന് വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഗണപതിയും, സാഗര്‍ സൂര്യയും പ്രധാന താരങ്ങളായി അഭിനയിച്ച ചിത്രത്തില്‍ കലാഭവന്‍ നവാസും വേഷമിട്ടിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്നെയായി അദ്ദേഹം അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. റിലീസ് ദിനത്തില്‍ സിനിമ കാണാനായി രഹനയും മക്കളും എത്തിയിരുന്നു. വികാരഭരിതരായാണ് ഇവര്‍ ചിത്രം കണ്ടത്. ചിത്രത്തെക്കുറിച്ചും., നവാസിന്റെ പ്രകടനത്തെക്കുറിച്ചും പറഞ്ഞുള്ള നിയാസിന്റെ കുറിപ്പ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
ഞങ്ങളെത്ര നന്നായി അഭിനയിച്ചാലും ഞങ്ങളുടെ വാപ്പിച്ചിയെ ( actor അബൂബക്കർ late ) അടുത്തറിയുന്നവർ വാപ്പിച്ചിയുടെ പഴയകാല നാടകങ്ങളും സിനിമകളും കണ്ടിട്ടുള്ളവർ പറയും കൊള്ളാം. എങ്കിലും അബൂബക്കറിനോളം വന്നില്ല എന്ന്. അങ്ങിനെ ആവുക എളുപ്പമല്ലെന്ന് ഞങ്ങൾക്കും അറിയാം. എന്നാൽ ഇന്നലെ പ്രകമ്പനം എന്ന സിനിമയിലെ നവാസിന്റെ അഭിനയം കണ്ടപ്പോൾ പല സീനുകളിലും വാപ്പിച്ചിയുടെ അനായാസമായ അഭിനയ ശൈലി അവനിലെത്തിയതായി എനിക്ക് തോന്നി. ഇനിയായിരുന്നു ഏറെ നല്ല കഥാപാത്രങ്ങളെ അവന് നമുക്ക് വേണ്ടി കാണിക്കാനുണ്ടായിരുന്നത്.

ഓർക്കുമ്പോൾ സഹിക്കുന്നില്ല. എങ്കിലും ജീവിതയാഥാർഥ്യങ്ങളെ ഞാൻ ഉൾകൊള്ളുന്നു. ഞങ്ങളുടെ നവാസിന് പൂർത്തീകരിക്കാൻ കഴിയാത്തത് അവന്റെ മക്കൾക്ക് സാധ്യമാവട്ടെയെന്ന പ്രാർത്ഥനയിലാണ് ഞങ്ങൾ. പ്രകമ്പനം ഒരു തികഞ്ഞ എന്റർടൈൻമെന്റ് ചിത്രമാണ്. സിനിമയുടെ എല്ലാ ഘടകങ്ങളിലും ആ മികവ് പുലർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമ നിങ്ങൾ തിയ്യേറ്ററിൽ തന്നെ പോയി കാണണം നഷ്ടം വരില്ല.
എന്റെ അനുജന് ഈ ഹിറ്റ് സിനിമയിൽ ഒരു നല്ല വേഷം നൽകിയ പ്രകമ്പനത്തിന്റെ പ്രൊഡ്യൂസർ, ഡയറക്ടർ, മറ്റെല്ലാം മെമ്പേഴ്സിനും എന്റെ നിറഞ്ഞ സ്നേഹം പ്രാർത്ഥന എന്നുമായിരുന്നു അദ്ദേഹം കുറിച്ചത്.
വളരെ ശരിയാണ്. നിങ്ങള്‍ രണ്ടുപേരെയും സ്‌ക്രീനില്‍ കാണുമ്പോള്‍ ഉടന്‍ വാപ്പയുടെ മുഖം മനസിലേക്ക് വരും. വാത്സല്യത്തിലെ അമ്മാവന്‍, ഒരുപാട് ദു:ഖങ്ങള്‍ മനസില്‍ കൊണ്ട് നടന്ന ക്യാരക്ടര്‍. കഥാപാത്രമായി ജീവിക്കുകയായിരുന്നു അദ്ദേഹം. മൂന്നുപേര്‍ക്കപം മൂന്ന് പാറ്റേണാണ്. ബക്കര്‍ ഇക്ക വേറെ ലെവലായിരുന്നു. അദ്ദേഹത്തിന്റെ ചക്രവാളം ചുവന്നപ്പോള്‍ എന്ന നാടകം തന്നെ ഉദാഹരണം. അത് എത്ര പ്രാവശ്യം കണ്ടുവെന്നറിയില്ല.
നിയാസേ, നിങ്ങളുടെ വാപ്പച്ചി തന്റെ കഴിവ് പല സിനിമയിലൂടെയും നമുക്ക് കാണിച്ചു തന്നു. നിങ്ങളും നിങ്ങളുടെ കഴിവുകൾ ഞങ്ങൾക്ക് കാണിച്ചുതന്നിട്ടുണ്ട്. അതിലൊന്നും ഞങ്ങൾക്കൊരു തർക്കവുമില്ല. എന്നാൽ ഇതിലും വലുത് നവാസിന്റെ മക്കളിലൂടെ പുറത്തുവരുവാൻ ഇരിക്കുന്നു എന്ന് നമുക്ക് കരുതാം. തീർച്ചയായിട്ടും ആ മക്കൾ മലയാള സിനിമയിൽ തല ഉയർത്തി എന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു. തുടങ്ങിയ കമന്റുകളായിരുന്നു പോസ്റ്റിന് താഴെ വന്നത്.


Click it and Unblock the Notifications











