ഉണ്ണി മുകുന്ദനോടൊപ്പം ചേർത്ത് വെച്ച് എന്നെ വലുതാക്കരുത്, ഞാൻ പതുക്കെ വളർന്നോളാം; നിസാർ മാമുക്കോയ
മലയാളികൾക്ക് എന്നും ഓർത്തുവെക്കാൻ മനസിൽ തങ്ങി നിൽക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചാണ് മാമുക്കോയ എന്ന മഹാനടൻ വിടപറഞ്ഞത്. കോഴിക്കോടൻ ഭാഷയുടെ തനതായ ശൈലിയെ ജനകീയമാക്കിയ നടൻ സിനിമയുള്ള കാലത്തോളം മലയാള സിനിമയെ സ്നേഹിക്കുന്നവരുടെ മനസിലുണ്ടാകും. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്‍മാരില്‍ ഒരാളായ മാമുക്കോയ നാടകരംഗത്ത് നിന്നുമാണ് സിനിമയിലേക്ക് കടന്നുവരുന്നത്.
1979ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയയുടെ സിനിമയിലേക്കുള്ള വരവ്. പിന്നീട് അങ്ങോട്ട് തുടരെ തുടരെ ഒട്ടനവധി സിനിമകൾ ചെയ്തു. പിതാവിന്റെ വഴിയെ മകനും സിനിമയിലേക്ക് എത്തി കഴിഞ്ഞു. നിസാർ മാമുക്കോയ ആദ്യമായി അഭിനയിച്ച ഒരുമ്പെട്ടവൻ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ച് കഴിഞ്ഞു.

ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശിയും ഹരിനാരായണൻ കെ എമ്മും ചേര്‍ന്നാണ് ഒരുമ്പെട്ടവൻ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ നിസാർ സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.
തന്നേകുറിച്ച് സിനിമഫയൽ എന്ന സോഷ്യൽമീഡിയ പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിന് എതിരെ പ്രതികരിച്ചുള്ളതായിരുന്നു നിസാറിന്റെ കുറിപ്പ്. മാന്യ സുഹൃത്തുക്കളെ... ഞാൻ നിസാർ മാമുകോയ. എന്താണ് അഭിനയം എന്നറിയാത്ത, സിനിമയിൽ അഭിനയിച്ചെങ്കിലും എല്ലാ പ്രയാസങ്ങളേ യും മാറ്റാമെന്ന് കരുതി ഇവിടേയ്ക്ക് വന്ന എന്നെ കുറിച്ച് പലയിടത്തും ഞാൻ ഉണ്ണി മുകുന്ദന് എതിരാണെന്നും ഞാൻ മാർക്കോ സിനിമക്കെതിരെ പറഞ്ഞുവെന്നും പറയുന്നു.
ഒരു പ്രൊമോഷൻ നടക്കുമ്പോൾ മുമ്പിൽ നിന്നും ചോദിച്ചതിന് മറുപടി പറഞ്ഞ എന്നെ ദോഷം പറയരുത്. ഉണ്ണി മുകുന്ദനോടൊപ്പം എന്നെ ചേർത്ത് വെച്ച് എന്നെ വലുതാക്കരുത്. ഞാൻ പതുക്കെ വളർന്നോളാം... പതുക്കെ മതിയെന്നേ. ആരും എന്നെ ഉദ്ദേശ ശുദ്ധിയോടെ അല്ലാതെ വാർത്ത ഉണ്ടാക്കി വലുതാക്കരുത്. ഒരു വമ്പൻ സിനിമയെ ഞാൻ മോശമാക്കുന്നുവെന്ന് പറഞ്ഞ് എനിക്ക് പ്രശസ്തി തരരുത്. ഒരു പാൻ ഇന്ത്യൻ ലെവൽ ആക്ടറിനെ എന്നോട് കൂട്ടി കെട്ടി മോശമാക്കരുത്.
ഇത് ഒരു അപേക്ഷയാണ് അഭ്യർത്ഥനയാണ്. എന്നെ കേൾക്കണം പ്ലീസ്... പിന്നേ എന്നെ അറിയുന്നവർക്ക് എന്നെ നല്ലോണം അറിയാം കേട്ടോ... എന്നായിരുന്നു നിസാറിന്റെ പ്രതികരണം. നെഗറ്റീവ് ഗോസിപ്പുകൾക്ക് ചെവി കൊടുക്കാൻ നിന്നാൽ അഭിനയ കലയിലെ താങ്കളുടെ മനോവീര്യം നഷ്ടപ്പെടും. ചിലന്തികൾ ചിലച്ച് കൊണ്ടിരിക്കട്ടെ.

താങ്കൾ അഭിനയിച്ച് കൊണ്ടിരിക്കുക എന്നായിരുന്നു നിസാറിനെ പിന്തുണച്ച് വന്ന കമന്റുകൾ. നിസാറിനെ നെപ്പോ കിഡ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് വൈറലായ കുറിപ്പ് തുടങ്ങുന്നത്. എന്നാൽ ഇപ്പോൾ ഗ്രൂപ്പിൽ ആ പോസ്റ്റ് കാണാനില്ല. സർക്കാസം നിറഞ്ഞ രീതിയിലുള്ള നിസാറിന്റെ പ്രതികരണം വൈറലായതോടെ താരപുത്രനെ വിമർശിച്ച് പോസ്റ്റിട്ട വ്യക്തി തന്നെ മറുപടിയുമായി എത്തി.
നിസാർ മാമുക്കോയ... ഇത് വാർത്തയായി കൂട്ടണ്ട. അഭിമുഖങ്ങൾ കണ്ടപ്പോൾ തോന്നിയ കാര്യം എഴുതിയെന്ന് മാത്രം. താങ്കൾ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് അറിഞ്ഞപ്പോൾ സന്തോഷം. പക്ഷെ വീഡിയോ കാണുന്നവർക്ക് അങ്ങനെ തോന്നുന്നുണ്ട് എന്നായിരുന്നു മറുപടി. പറ്റുമെങ്കിൽ താങ്കൾ തന്നെ തിരുത്തൂവെന്നും നിസാർ കുറിച്ചു. മറുപടി കിട്ടി വളരെ സന്തോഷം. ഞാൻ തീവ്രവാദി അല്ലെന്ന് കണ്ടു പിടിച്ചു.
മറുപടി തന്ന ആൾക്ക് നന്മ വരട്ടെ. എല്ലാവർക്കും നന്മ വരട്ടെയെന്നും സ്ക്രീൻ ഷോട്ട് പങ്കിട്ട് നിസാർ കുറിച്ചു. വയലന്‍സ് ചിത്രങ്ങളുടെ ബെഞ്ച് മാര്‍ക്ക് എന്ന വിശേഷണം നേടി പ്രദർശനം തുടരുകയാണ് ഉണ്ണി മുകുന്ദൻ സിനിമ മാര്‍ക്കോ.


Click it and Unblock the Notifications











