'മനോഹരത്തിന് ശേഷം നല്ല സിനിമകൾ ലഭിച്ചില്ല, വിജയ് സാർ സിമ്പിൾ ആൻഡ് ഹമ്പിൾ'; അപർണ ദാസ് പറയുന്നു
ഒരു വർഷത്തിന് ശേഷം വീണ്ടുമൊരു വിജയ് സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. നെൽസൺ സംവിധാനം ചെയ്യുന്ന ബീസ്റ്റാണ് റിലീസിനൊരുങ്ങുന്ന വിജയിയുടെ ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ട്രെയിലറിന് മാത്രമല്ല സിനിമയുടേതായി ഇറങ്ങിയ ഗാനങ്ങളെല്ലാം വലിയ ഹിറ്റാണ്. കോമഡി ആക്ഷൻ എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകർക്കൊരു വിരുന്ന് തന്നെയാകുമെന്ന് ട്രെയിലർ ഉറപ്പുനൽകുന്നുണ്ട്. ഡോക്ടർ, കൊലമാവ് കോകില തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത് ഹിറ്റടിച്ച സംവിധായകനാണ് നെൽസൺ.
പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോർജിയ, ചെന്നൈ എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻസ്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സൺ പിക്‌ചേഴ്‌സ് നിർമാണം നിർവഹിച്ചിരിക്കുന്ന സിനിമ ഏപ്രിൽ 13നാണ് തിയേറ്ററുകളിൽ എത്താൻ പോകുന്നത്.

ചിത്രത്തിന്റെ പ്രഖ്യാപനം വന്നപ്പോൾ മുതൽ മലയാളിയായ അപർണയും സിനിമയുടെ ഭാഗമായി എന്നത് മലയാളികളെ ഒന്നടങ്കം സന്തോഷിപ്പിച്ച ഒന്നായിരുന്നു. ചിത്രത്തിലേതായി പുറത്തിറങ്ങിയ ഫോട്ടോകളും മലയാളി സാന്നിധ്യമായി അപർണയുണ്ടായിരുന്നു. മനോഹരം അടക്കമുള്ള മലയാള സിനിമകൾ ചെയ്ത ശേഷമാണ് അപർണയ്ക്ക് തമിഴ് സിനിമയിൽ നിന്നും ക്ഷണം ലഭിച്ചത്. ഒരു കട്ട വിജയ് ഫാൻ കൂടിയായ അപർണ ആദ്യ തമിഴ് ചിത്രം റിലീസ് ചെയ്യാൻ പോകുന്നുവെന്ന് അറിഞ്ഞതിന്റെ ത്രില്ലില്ലാണ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ അപർണ ഷൂട്ടിങ് അനുഭവങ്ങളും സിനിമാ ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞു. 'എന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലോ മറ്റോ കണ്ടിട്ടാണ് ബീസ്റ്റിന്റെ സംവിധായകൻ നെൽസൺ സാറിന്റെ സഹസംവിധായകരിലൊരാൾ എന്നെ വിളിക്കുന്നത്.'

'ആദ്യം കുറച്ച് ചിത്രങ്ങൾ അവർക്ക് അയച്ചുകൊടുക്കുകയും പിന്നീട് നെൽസൺ സാറിനെ നേരിൽ കാണുകയും ചെയ്തു. ലുക്ക് ടെസ്റ്റിന് ശേഷമാണ് ചിത്രത്തിന്റെ ഭാഗമായത്. ഒരു തുടക്കക്കാരിയെ സംബന്ധിച്ച് വലിയൊരു അനുഭവമായിരുന്നു ചിത്രം സമ്മാനിച്ചത്. ഞാനൊരു കട്ട ഇളയദളപതി ഫാൻ ആണ്. ചിത്രത്തിന്റെ പൂജയ്ക്കാണ് വിജയ് സാറിനെ ആദ്യമായി നേരിൽ കാണുന്നത്. അദ്ദേഹം വളരെ സിമ്പിൾ ആയ വിനീതനായ ഒരു വ്യക്തിയാണെന്ന് നമ്മൾ കേട്ടിട്ടുണ്ട്. അത് നൂറ് ശതമാനം സത്യമാണെന്ന് അദ്യ ദിവസം തന്നെ ഞാൻ തിരിച്ചറിഞ്ഞു. പൂജ നടക്കുന്ന റൂമിൽ റെഡ് കാർപറ്റ് വിരിച്ചിട്ടുണ്ടായിരുന്നു അദ്ദേഹത്തിന് നടന്ന് വരാൻ. താരങ്ങൾക്കിരിക്കാൻ വേദിയിൽ കസേരകൾ ഇട്ടിട്ടുണ്ട്. അതിനും ഏറ്റവും പുറകിലാണ് സിനിമയുടെ ക്രൂ അംഗങ്ങൾ നിൽക്കുന്നത്.'

'സാർ വരുന്നു എന്നറിഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്നു. എന്നാൽ അദ്ദേഹം ആ റെഡ് കാർപറ്റിലൂടെ നടക്കാതെ നേരെ ഏറ്റവും പുറകിൽ നിൽക്കുന്ന ക്രൂ അംഗങ്ങളുടെ അടുത്തേക്ക് ചെന്ന് എല്ലാവർക്കും കൈകൊടുത്ത് ആശംസകൾ നേർന്ന ശേഷമാണ് മുന്നിലോട്ട് വന്നത്. അത്രയ്ക്ക് സിമ്പിൾ ആയ മനുഷ്യനാണ് അദ്ദേഹം.വിജയ് സാറിന്റെ ഒപ്പം ഷോട്ടിന് നിൽക്കുമ്പോൾ ഒരു ഫാൻ ഗേൾ മൊമന്റ് കൂടിയായിരുന്നു അത്. ടെൻഷനേക്കാളുപരി ഞാൻ ഭയങ്കര ത്രിൽഡ് ആയിരുന്നു. ചിത്രത്തിലെ എന്റെ കഥാപാത്രത്തെക്കുറിച്ചോ കഥയെക്കുറിച്ചോ പുറത്ത് പറയാൻ എനിക്കിപ്പോൾ അനുമതിയില്ല. സിനിമ പുറത്തിറങ്ങാതെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ പോലും പുറത്ത് വിടാനാകില്ല. കുറേയേറെ ബന്ധങ്ങൾ ഉണ്ടാക്കാനും സൗഹൃദങ്ങൾ നേടാനും കുറേയേറെ കാര്യങ്ങൾ പഠിക്കാനും പറ്റി. ബീസ്റ്റ് എനിക്കേറെ സ്പെഷ്യലായ സിനിമയാണ്.'

'ഞാൻ പ്രകാശൻ ആണ് എന്റെ ആദ്യ ചിത്രം. സത്യൻ സാറിന്റെ മകൻ അഖിൽ സത്യനാണ് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോയോ വീഡിയോയോ മറ്റോ കണ്ടിട്ട് ഒരു ഓഡിഷൻ വീഡിയോ അയച്ചു തരാൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് സിനിമയുടെ ഭാഗമാവുന്നത്. പിന്നീടാണ് മനോഹരത്തിൽ നായികാ വേഷത്തിലെത്തുന്നത്. മനോഹരം ചെയ്തതിന് ശേഷം വന്ന ഇടവേള ഞാൻ മനപൂർവം എടുത്തതല്ല. നല്ല തിരക്കഥകൾ വന്നില്ല എന്നതാണ് സത്യം. വലിയ സിനിമയായാലും ചെറിയ സിനിമയായാലും നല്ലൊരു കഥയും കഥാപാത്രവും ഉള്ള സിനിമയുടെ ഭാഗമാവണം എന്നാണ് ആഗ്രഹം. ബീസ്റ്റിന് പുറമേ തഴിൽ കവിന്റെ നായികയായി ഒരു ചിത്രം ചെയ്യുന്നുണ്ട്. ബാബു ഗണേഷാണ് സംവിധാനം. മലയാളത്തിൽ പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിൽ നായിക കഥാപാത്രമാണ്. ഷറഫുദ്ദീനാണ് ചിത്രത്തിൽ നായകൻ' അപർണ ദാസ് പറയുന്നു.


Click it and Unblock the Notifications