കഥാപാത്രം ഡിമാന്റ് ചെയ്യുമ്പോൾ ഇൻഹിബിഷൻ ഇല്ല, അന്ന് അത് ചെയ്തതുകൊണ്ട് ഇന്ന് നിങ്ങൾ ചോദിക്കുന്നു; മോഹൻലാൽ
മോഹൻലാൽ ഒരിടവേളയ്ക്കുശേഷം അഭിനയിച്ച തെലുങ്ക് സിനിമയായിരുന്നു കണ്ണപ്പ. വിഷ്ണു മാഞ്ചു ടൈറ്റിൽ റോളിലെത്തിയ സിനിമയിൽ കാമിയോ വേഷമായിരുന്നു ലാലിന്. കിരാത എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സിനിമ അടുത്തിടെയാണ് തിയേറ്ററുകളിൽ എത്തിയത്. ശരാശരിക്കും താഴെയുള്ള അനുഭവാണ് കണ്ണപ്പ സമ്മാനിച്ചതെന്നായിരുന്നു പ്രേക്ഷക പ്രതികരണങ്ങൾ. ഇത്തരമൊരു സിനിമയിൽ ഭാഗമായതിന് മോഹൻലാൽ ആരാധകർ നടനെ വിമർശിച്ചിരുന്നു.
വളരെ ഏറെ ദൈർഘ്യം കുറഞ്ഞ റോൾ മോഹൻലാൽ ചെയ്യേണ്ടിയിരുന്നില്ലെന്നും സിനിമാപ്രേമികൾ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ കണ്ണപ്പ സിനിമയെ കുറിച്ചും നാൽപ്പത്തിയേഴ് വർഷത്തെ സിനിമാ ജീവിതത്തെ കുറിച്ചും നടൻ മനസ് തുറന്നു. കണ്ണപ്പ നല്ലൊരു സിനിമയാണെന്ന് തോന്നിയിരുന്നുവെന്നും സിനിമയിലേക്ക് ക്ഷണിക്കുമ്പോൾ നോ പറയേണ്ട ആവശ്യമുള്ളതായി തോന്നിയില്ലെന്നും മോഹൻലാൽ പറയുന്നു.

കണ്ണപ്പയുടെ ഭാഗമാകാൻ എന്നെ ക്ഷണിച്ചതിന് ഞാൻ അവർക്ക് നന്ദി പറയുന്നു. നടൻ എന്ന നിലയിൽ ആ സിനിമയുടെ ഭാഗമായത് അനുഗ്രഹം. എല്ലാവർക്കും പരിചിതമായ കഥ തന്നെയാണ് കണ്ണപ്പയുടേത്. എല്ലാ സീനുകളും മനോഹരമായി ചെയ്തിട്ടുണ്ട്. കഥാപാത്രത്തിന്റെ വലിപ്പത്തിനോ സീനുകളുടെ ദൈർഘ്യത്തിനോ ഞാൻ പ്രാധാന്യം കൊടുത്തിട്ടില്ല.
കുറച്ച് സെക്കന്റുകൾ മാത്രമുള്ള കഥാപാത്രമാണെങ്കിലും ഭാഗമാകുമായിരുന്നു. പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന സിനിമയാണല്ലോ. ന്യൂസിലാന്റിലാണ് ഏറെയും ഭാഗങ്ങൾ ചിത്രീകരിച്ചത്. സീനുകൾ കണ്ടാൽ ഇന്ത്യൻ സിനിമയാണെന്ന തോന്നൽ വരില്ല. വിഷ്ണു കഥയുമായി എന്നെ സമീപിച്ചപ്പോൾ തന്നെ ഞാൻ യെസ് പറഞ്ഞിരുന്നു. മോഹൻ ബാബു സാറിന്റെ കുടുംബവുമായി എനിക്ക് വളരെ വർഷങ്ങളായി പരിചയമുണ്ട്.
എന്റെ ചില മലയാളം സിനിമകൾ തെലുങ്കിൽ റീമേക്ക് ചെയ്തപ്പോൾ അദ്ദേഹമാണ് അഭിനയിച്ചത്. വിഷ്ണുവിനെ കുട്ടിക്കാലം മുതൽ അറിയാം. അദ്ദേഹത്തിന്റെ സിനിമകൾ ഞാൻ ലോഞ്ച് ചെയ്തിട്ടുണ്ട്. സിനിമയിലേക്ക് ക്ഷണിക്കുമ്പോൾ നോ പറയേണ്ട ആവശ്യമുള്ളതായി തോന്നിയില്ല. കാരണം നല്ലൊരു സിനിമയാണെന്ന് തോന്നിയിരുന്നു. നാൽപ്പത്തിയേഴ് വർഷത്തെ എന്റെ സിനിമാ യാത്ര മനോഹരമായിരുന്നു.
ഇപ്പോഴും ഞാൻ ഇവിടെ സർവൈവ് ചെയ്ത് മുന്നോട്ട് പോകുന്നു. മറ്റെല്ലാ മേഖലകളിലും എന്നതുപോലെ സിനിമയിലും നിരവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കണ്ണപ്പ പോലുള്ള സിനിമകൾ ഉണ്ടാകുന്നത്. വലിയ സിനിമ ചെറിയ സിനിമ എന്ന രീതിയിൽ ഒന്നിനേയും സമീപിക്കാറില്ല. നല്ല സിനിമകൾ ചെയ്യണമെന്നതാണ് ലക്ഷ്യം. അതുപോലെ തുടരും ഒരിക്കലും ഒരു ചെറിയ സിനിമയല്ല.

കണ്ടന്റും ഇമോഷൻസുമെല്ലാം പരിശോധിച്ചാൽ അതും ഒരു വലിയ സിനിമ തന്നെയാണ്. ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ഹൃദയപൂർവം എന്ന സിനിമയും ഫാമിലി ഡ്രാമയാണെന്നും മോഹൻലാൽ ബിഗ് ബജറ്റ് സിനിമകളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് പറഞ്ഞു. കാലാപാനിയെ ഷൂ നക്കുന്ന സീൻ ചെയ്യാൻ എവിടെ നിന്ന് ആത്മവിശ്വാസം ലഭിച്ചുവെന്ന് വിഷ്ണു മാഞ്ചു ചോദിച്ചപ്പോൾ വളരെ മനോഹരമായ മറുപടിയാണ് ലാൽ നൽകിയത്.
ഗോവർദ്ധൻ എന്ന കഥാപാത്രമായിരിക്കുമ്പോൾ അത് ചെയ്യാതെ വേറെ മാർഗമില്ല. കഥാപാത്രം ഡിമാന്റ് ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ ഇൻഹിബിഷൻ പാടില്ല. ഞാൻ അന്ന് അങ്ങനൊരു സീൻ ചെയ്യാൻ തയ്യാറായതുകൊണ്ടാണ് നിങ്ങൾ ഇന്ന് എന്നോട് അതേ കുറിച്ച് സംസാരിക്കുന്നത്. കഥാപാത്രം എത്രത്തോളം ക്രൂരത അനുഭവിക്കുന്നുവെന്ന് കാഴ്ചക്കാർക്ക് മനസിലാക്കി കൊടുക്കാൻ ആ സീൻ ആവശ്യമായിരുന്നു.
ഒരു കഥാപാത്രം അക്സപ്റ്റ് ചെയ്യുമ്പോൾ എന്റെ സാറ്റിസ്ഫാക്ഷനാണ് ഞാൻ ആദ്യം പ്രധാന്യം കൊടുക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. പാസിങ് ഷോട്ടിൽ അഭിനയിക്കേണ്ട സാഹചര്യം വന്നപ്പോൾ അതും മടി കൂടാതെ താൻ ചെയ്തിട്ടുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
*ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. ഇത് (https://www.facebook.com/ActorMohanlal) നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്


Click it and Unblock the Notifications