'രണ്ടുപേരുടെ സൈഡും നിൽക്കാൻ പറ്റില്ല... സത്യാവസ്ഥ അറിയില്ല, അവരെക്കാൾ ടെൻഷനാണ് ഇപ്പോൾ നമുക്ക്'; നോബി
നടൻ ബിനു അടിമാലി ഫോട്ടോഗ്രാഫറുടെ കാമറ തല്ലിപ്പൊട്ടിച്ച വിഷയം ആളിപടർന്നുകൊണ്ടിരിക്കുകയാണിപ്പോൾ. സ്റ്റാർ മാജിക്കിന്റെ ഭാഗമായശേഷം നിരവധി ആരാധകർ ബിനു അടിമാലിക്കുണ്ട്. കുറച്ച് ദിവസം ബിനുവിനെ ഷോയിൽ കാണാതായാൽ തന്നെ അന്വേഷിച്ചുള്ള കമന്റുകൾ ഷോയുടെ പേജിൽ നിറയാറുണ്ട്. സ്റ്റാർ മാജിക്കിൽ വന്നശേഷമാണ് കൂടുതൽ സിനിമാ അവസരങ്ങളും ബിനുവിന് തുറന്നുകിട്ടിയത്.
മിനിസ്ക്രീനിൽ എപ്പോഴും നിറഞ്ഞ് നിൽക്കുന്ന മുഖമായതുകൊണ്ട് തന്നെ ഒരു ഫോട്ടോഗ്രാഫറെ ബിനു മർദ്ദിക്കുമോ എന്ന സംശയമാണ് ആരാധകർക്ക്. പലർക്കും ബിനുവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ വിശ്വസിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ കൃത്യമായ തെളിവുകൾ നിരത്തിയാണ് ഫോട്ടോഗ്രാഫർ ജിനേഷ് ബിനുവിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. ഫ്ലവേഴ്സിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് തനിക്ക് മർദ്ദനമേറ്റതെന്നാണ് ജിനേഷ് പറഞ്ഞത്.

അതേസമയം ഇപ്പോഴിതാ വിഷയത്തിൽ നടനും സ്റ്റാർ മാജിക്ക് താരവുമായ നോബി മാർക്കോസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ വിഷയം വന്നത് മുതൽ ബിനുവിനേയും ജിനേഷിനേയും കാൾ ടെൻഷൻ തങ്ങൾ സുഹൃത്തുക്കൾക്കാണെന്നാണ് നോബി ഷാജി പാപ്പൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 'ആരുടെ ഭാഗത്താണ് സത്യമെന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ എനിക്ക് എന്ത് ചെയ്യാൻ പറ്റും. രണ്ടുപേരുടെ സൈഡും നിൽക്കാൻ പറ്റില്ല.'
'സത്യാവസ്ഥ അറിയില്ല. പ്രശ്നം നടന്ന ദിവസത്തെ ഷൂട്ടിന് ഞാൻ ഇല്ലായിരുന്നു. ആ ഫോട്ടോഗ്രാഫറെ എനിക്ക് അറിയാം. അവർ ഒരുമിച്ചായിരുന്നല്ലോ. ഇതൊക്കെ പറഞ്ഞതുകൊണ്ട് എനിക്ക് ഇനി പ്രശ്നമാകുമോ..?. ഈ വിഷയത്തിൽ ചർച്ച നടക്കുന്നത് ഞാൻ കണ്ടിരുന്നു. പക്ഷെ സത്യാവസ്ഥ എനിക്ക് അറിയില്ല.'
'സത്യാവസ്ഥ അറിയാതെ ഞാൻ എന്തെങ്കിലും പറയുന്നത് ശരിയല്ല. രണ്ടുപേരും എന്റെ സുഹൃത്തുക്കളാണ്. നമുക്ക് മാനസീകാമായി ഭയങ്കര വിഷമമായി. ഒരുപാട് പേർ സത്യാവസ്ഥ വിളിച്ച് ചോദിക്കുന്നുണ്ട്. പക്ഷെ ഒന്നും അറിയാതെ നമ്മൾ ഒന്നും പറയാനും പാടില്ലല്ലോ. എത്രയും പെട്ടന്ന് കോംപ്രമൈസായി രണ്ടുപേരും നല്ല സൗഹൃദത്തിലാവട്ടെ എന്നാണ് ഞങ്ങൾ സുഹൃത്തുക്കൾ ആഗ്രഹിക്കുന്നതും പറയാനുള്ളതും.'
'നമ്മുടെ സുഹൃത്തുക്കളായതുകൊണ്ട് അവരെക്കാൾ ടെൻഷനാണ് ഇപ്പോൾ നമുക്ക്. ബിനുവിന്റെ പേജ് വാങ്ങാൻ നോക്കിയോ ഇല്ലയോ എന്നൊന്നും എനിക്ക് ദൈവ സത്യമായും അറിയില്ല. ഫേസ്ബുക്കിൽ ഫോട്ടോയിടാൻ അറിയാത്ത ആളാണ് ഞാൻ. ഇതിനെ പറ്റി മറ്റാരും പറഞ്ഞിരുന്നില്ല.'

'ഇപ്പോൾ പ്രശ്നമായപ്പോഴാണ് ഞാൻ അറിയുന്നത്. ഞാൻ സ്റ്റാർ മാജിക്കിൽ നിന്നും ഇറങ്ങിയിട്ട് എട്ട് മാസത്തോളമായി. മറ്റ് ഷൂട്ടിങുകൾ വന്നതുകൊണ്ട് എനിക്ക് പോകാൻ പറ്റിയിട്ടില്ല. ബിനുവിനെ വർഷങ്ങളായി എനിക്ക് അറിയാം. അതുപോലെ ഞങ്ങളുടെ ഫോട്ടോസെല്ലാം ജിനേഷാണ് എടുത്തിരുന്നത്.'
'ഷോ പ്രൊഡ്യൂസർ അനൂപിന്റെ പ്രതികരണം എന്താണെന്ന് അറിയില്ല. കമന്റ് വായിച്ചാൽ ഞാനൊക്കെ ഇന്ന് ചാവാനുള്ള സമയം കഴിഞ്ഞു. അതുകൊണ്ട് വാർത്തകൾ വരുമ്പോൾ കാണും അത്രമാത്രം', എന്നാണ് നോബി പറഞ്ഞത്. പുതിയ ബിഗ് ബോസ് സീസണിനെ കുറിച്ചും നോബി സംസാരിച്ചു. ബിഗ് ബോസ് പുതിയ സീസൺ കാണുന്നുണ്ട്. അടിയോടടി... കൊള്ളാം രസമുണ്ട് കാണാൻ എന്നാണ് നോബി മർക്കോസ് പറഞ്ഞത്.
അതേസമയം വിഷയത്തിൽ വിശദീകരണവുമായി ബിനു അടിമാലി രംഗത്തെത്തിയിട്ടുണ്ട്. കാമറയ്ക്ക് മുമ്പിൽ നിന്ന് അരി വാങ്ങുന്ന താൻ കാമറ തല്ലിപ്പൊട്ടിക്കില്ലെന്നാണ് മകളെ പിടിച്ച് സത്യം ചെയ്ത് ബിനു പറഞ്ഞത്. 'ഞാൻ ഒമ്പത് ലക്ഷം രൂപ ജിനേഷിന് കൊടുക്കണം എന്നാണ് എന്നോട് പറഞ്ഞത്. അത് കൊടുക്കാൻ എനിക്ക് നിവൃത്തിയില്ല. ഇക്കാര്യം പറഞ്ഞ് ഒരുപാട് പേര് വിളിക്കുന്നുണ്ട്. എന്നെ വിളിച്ചിട്ട് കോംപ്രമൈസ് ചെയ്യൂ എന്നാണ് പറയുന്നത്.'
'ഈ കാര്യങ്ങളൊന്നും ഞാൻ ചെയ്തിട്ടില്ല. എന്റെ മകൾക്ക് സുഖമില്ലാത്തതാണ്. ആ മകളാണ് എന്റെ തീരാദുഖം. ആ മകളുടെ തലയിൽ കൈവെച്ച് ഞാൻ പറയുകയാണ്... ജിനീഷ് എന്ന വ്യക്തിയെ ഞാൻ തല്ലിയിട്ടില്ല അവന്റെ ക്യാമറ ഞാൻ തല്ലിപ്പൊളിച്ചിട്ടുമില്ല', എന്നാണ് ബിനു നൽകിയ വിശദീകരണം.


Click it and Unblock the Notifications











