For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്ത്യയെ വരയ്ക്കുമ്പോള്‍!

  By Desk
  |

  സതീഷ് പി ബാബു

  സിനിമകളെ ഗൗരവത്തോടെ കാണുന്ന ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥി. നിരവധി ഷോര്‍ട് ഫിലിമുകള്‍ ഒരുക്കുന്നതിന് പുറമേ ആനുകാലികങ്ങളില്‍ ധാരാളം സിനിമാസ്വാദനങ്ങളും എഴുതിയിട്ടുണ്ട്.

  ഇന്ത്യയിലെ പ്രാദേശിക ഭാഷാ ചിത്രങ്ങളുടെ എണ്ണത്തിന്റെ കണക്കെടുത്താല്‍ അതില്‍ ഏറ്റവും കുറഞ്ഞ പ്രാതിനിത്യമുണ്ടാവുക വടക്കു, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സിനിമകള്‍ക്കാവും. മേഘാലയ, മണിപ്പൂര്‍, ആസ്സാം, അരുണാചല്‍ പ്രദേശ്, സിക്കിം, നാഗാലാന്റ്, ത്രിപുര, മിസോറാം എന്നിങ്ങനെയുള്ള 8 സംസ്ഥാനങ്ങളുടെ വ്യാപ്തി പറയാമെങ്കിലും ഇരുന്നൂറോളം വരുന്ന തനത് ഭാഷകള്‍ പ്രചാരത്തിലുള്ളതിനാല്‍ ഒരു ഭാഷയിലും ചിത്രങ്ങള്‍ വിജയിക്കാനാവശ്യമായ കാണികളെ കിട്ടുക പ്രയാസമായതാണ് ഒരു കാരണം. എങ്കിലും ഏറ്റവും കൂടുതല്‍ പൊതുവില്‍ ഉപയോഗിക്കപ്പെടുന്ന മൂന്നോ നാലോ ഭാഷകള്‍ ഉപയോഗിച്ചുകൊണ്ടാണ് ഇവിടത്തെ ചലച്ചിത്ര കുതുകികള്‍ ഈ പ്രതിസന്ധികളെ മറികടക്കുന്നത്.

  പ്രദര്‍ശന വ്യാപ്തി കുറഞ്ഞത് കൊണ്ടു തന്നെ വന്‍ നിര്‍മ്മാണ കമ്പനികളൊന്നും നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് ഫണ്ട് ഇറക്കാറില്ലെങ്കിലും അപൂര്‍ച്ചമായ് ചില നന്മകളുണ്ടാവുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'പഹുന' എന്ന ചിത്രം നിര്‍മ്മിച്ചത് പ്രിയങ്കാ ചോപ്രയുടെ നേതൃത്വത്തിലുള്ള പര്‍പ്പിള്‍ പെബ്ബിള്‍സ് പിക്‌ച്ചേഴ്‌സായിരുന്നു. മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെട്ടു പോയ മൂന്ന് കുട്ടികളുടെ യാത്രയുടെ കഥ പറഞ്ഞ ആ ചിത്രം സംവിധാനം ചെയ്തത് പാഖി എ ടൈയര്‍വാലയായിരുന്നു. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചലച്ചിത്ര സംവിധായകരില്‍ അരുണാചലില്‍ നിന്നുള്ള ചോ പാര്‍ത്ഥാ ബര്‍ഗോയെന്‍, മേഘാലയയില്‍ നിന്നുള്ള ഒയ്‌നാം ദോറന്‍, വന്‍ഫെറാങ് ഡിങ്‌ദോ, സിമി കങ്തിയാങ്, നാഗാലാന്റില്‍ നിന്നുള്ള കിവിനി ശോഹെ, സോഫി ലാസു, മണിപ്പൂരില്‍ നിന്നുള്ള വെങ്‌ലന്‍ ഖണ്ടോങ്ബാം, 'വില്ലേജ് റോക്ക്സ്റ്റാര്‍സ്' ലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ റീമ ദാസ്തുടങ്ങി കുറച്ച് പേരെ മാത്രമേ പുറംലോകം അറിയുന്നുള്ളു. ആ ശ്രേണിയില്‍ പെട്ടെ മറ്റൊരാളാണ് ആസ്സാമില്‍ നിന്നുള്ള സഞ്ജിബ് ദേബ്. നിരവധി ദേശിയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഏതാനും ഹ്രസ്വചിത്രങ്ങള്‍ ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ പ്രഥമ ഫീച്ചര്‍ ഫിലിമാണ് ill Smoking barrels. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഈ ചിത്രമെത്തിയതോടെയാണ് ഇദ്ദേഹത്തെ നാമറിയുന്നത്. ഈയിടെ കോഴിക്കോട് സമാപിച്ച പ്രാദേശിക മേളയിലും അദ്ദേഹം തന്റെ ചിത്രവുമായെത്തി.

  രാജ്യത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ ആയിരിക്കെ തന്നെ അസ്വസ്ഥതകളുടേയും അസ്വാരസ്യങ്ങളുടേയും അനിശ്ചിതാവസ്ഥകളുടേയുമൊക്കെ സാന്നിദ്ധ്യമാണ് നോര്‍ത്ത് ഈസ്റ്റിനെ വേറിട്ടൊരു ഭൂമികയായ് അടയാളപ്പെടുത്തുന്നത്. തീവ്രവാദ ഗ്രൂപ്പുകളും റിബലുകളും മയക്കുമരുന്നു ശൃംഖലകളും ഒക്കെയായ് ഈ സംസ്ഥാനങ്ങള്‍ നിലനില്‍ക്കവേ അവിടെ നിന്നിറങ്ങുന്ന ചിത്രങ്ങളിലും അതിന്റെ പ്രതിഫലനം തീര്‍ച്ചയാണ്. ആദ്യമായൊരു ചിത്രം ചെയ്യാന്‍ അവസരം വന്നപ്പോള്‍ കഥകളൊന്നും അന്വേഷിച്ച് സമയം പാഴാക്കേണ്ടി വന്നില്ലെന്നും പകരം കഥകള്‍ തന്നെ തേടി വരികയായിരുന്നെന്നും സഞ്ജിബ് പറയുന്നത് ഇക്കാരണത്താലാണ് . അനുഭവിക്കുകയോ അറിയുകയോ ചെയ്ത കാഴ്ചകളില്‍ നിന്ന് ഏതാനും പേരെ മാറ്റിനിര്‍ത്തി അവരെ കഥാപാത്രങ്ങളാക്കി പേരിടുകയായിരുന്നു അദ്ദേഹം. തുടക്കം, മധ്യം, ഒടുക്കം എന്നിങ്ങനെ ശീര്‍ഘകങ്ങള്‍ നല്‍കി പറയാനുള്ള കഥകളെ മൂന്ന് ഖണ്ഡങ്ങളാക്കുകയായിരുന്നു ആദ്യം.

  റിബലുകളില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന ഒരു പെണ്‍കുട്ടിയാണ് തുടക്കത്തിലെ കേന്ദ്രകഥാപാത്രം. ഭരണവ്യവസ്ഥക്കെതിരെ പോരാടാന്‍ ഇങ്ങനെ ദൈനംദിനം റാഞ്ചപ്പെടുന്ന അനേകം കുട്ടികളുടെ പ്രതിനിധിയാണവള്‍. പതിനഞ്ച് വയസ് മാത്രമുള്ള അവള്‍, തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ഒരു കാര്‍ യാത്രികനോട് തന്നെയേതെങ്കിലും നഗരത്തിലിറക്കാന്‍ പറയുന്നത്. തന്റെ മകളുടെ പ്രായം മാത്രമുള്ള ആ കുട്ടിയോട് തന്നോടൊപ്പം വരാന്‍ അയാളഭ്യര്‍ത്ഥിക്കുന്നുണ്ടെങ്കിലും അങ്ങനെ വന്നാല്‍ 'നിങ്ങളേയും അവര്‍ കൊന്നു കളയുമെന്ന് ' പറഞ്ഞ് ആ ക്ഷണം നിരസിക്കുകയാണവള്‍. ഇടയില്‍ ഉണ്ടയില്ലാ തോക്കുമായാണവളുടെ ഭീഷണിയെന്ന് തിരിച്ചറിയുന്നുണ്ടെങ്കിലും നഗരപ്രാന്തത്തിലിറങ്ങി ഇരുട്ടിലലയുന്ന അത്തരം കുട്ടികളുടെ ദുര്‍ഗതിയോര്‍ത്ത് അയാള്‍ സങ്കടപ്പെടുന്നിടത്ത് ആ ഭാഗം അവസാനിക്കുന്നു.

  എഞ്ചിനീയറിംഗ് പഠനം മുടങ്ങിയ ഒരു യുവാവ് മയക്കുമരുന്നു മാഫിയയില്‍ അണി ചേരുന്ന സാമൂഹ്യാന്തരീക്ഷമാണ് രണ്ടാം ഭാഗം വിവരിക്കുന്നത്. പഠനം തുടരാനോ ജോലി നേടാനോ ഉള്ള അമ്മയുടെ ആഗ്രഹത്തെ അവന്‍ ആശ്വസിപ്പിക്കുന്നത് തനിക്ക് ബിസിനസിലാണ് താത്പര്യമെന്ന കാരണം പറഞ്ഞാണ്. അതാണവനെ ഒരു പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസില്‍ എത്തിക്കുന്നത്. തുടക്കത്തില്‍ കാര്യമറിയാതെയായിരുന്നു ഉത്സാഹമെങ്കിലും ഒരു കാരിയറാവുക വഴി എളുപ്പത്തില്‍ വന്നു ചേരുന്ന സമ്പത്തില്‍ അവന്‍ വളരെ വേഗം ആകൃഷ്ടനാവുകയായിരുന്നു. സ്വാഭാവികമായും അത് അമിതധൈര്യത്തിലേക്കും കുടിപ്പകയിലേക്കും പടര്‍ന്നു കയറുകയും അവന്റെ മരണത്തിന് കാരണമാവുകയും ചെയ്യുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ യുവതയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നായ തൊഴിലില്ലായ്മയും പട്ടിണിയും അവരെ എവിടെ കൊണ്ടെത്തിക്കുന്നു എന്നതിന്റെ നേര്‍ചിത്രമാണ് സംവിധായകന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്.

  നഗരങ്ങളിലെ സ്ഥിതി ഇതായിരിക്കെ, ഗ്രാമങ്ങളിലേക്കെത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ വേറൊരു വിധത്തില്‍ സങ്കീര്‍ണ്ണമാവുന്നതാണ് അവസാന ഭാഗത്ത് ചിത്രീകരിച്ചിരിക്കുന്നത്. അമിത ലഹരിയുപയോഗങ്ങളും ഗാര്‍ഹിക പീഡനങ്ങളും പട്ടിണിയും അരക്ഷിതാവസ്ഥയുമൊക്കെ ചേര്‍ന്ന് ഞെരുക്കിയിരിക്കുന്ന ജനതക്ക് പലപ്പോഴും നിസ്സംഗത ഒരു ശീലമായതായ് നമുക്ക് അനുഭവപ്പെടുന്നു.. കൂടുതല്‍ പണം കിട്ടുന്നതിനായ് കാട്ടില്‍ കടന്ന് ആനകളെ കൊന്ന് കൊമ്പ് മോഷ്ടിക്കുന്ന ഒരാളാണ് മൂന്നാം ഭാഗത്തിലെ പ്രധാന കഥാപാത്രം. അതിനയാളെ പ്രേരിപ്പിക്കുന്ന ആന കൊമ്പുലോബിയുടെ ചൂഷണത്തില്‍ നിന്നും പ്രലോഭനത്തില്‍ നിന്നും മോചിതനാകാന്‍ എത്ര ശ്രമിച്ചിട്ടും കഴിയാത്ത ഒരവസ്ഥയുണ്ട്. ഗര്‍ഭാനന്തരം കുഞ്ഞിനെ തനിച്ചാക്കി ഭാര്യ മരിക്കുന്നതോടെ പണത്തോടുള്ള അത്യാര്‍ത്ഥി ഉപേക്ഷിക്കാന്‍ അയാള്‍ തയ്യാറാവുകയും അനന്തരം ഒരു പ്രകൃതിസംരക്ഷണ ഗ്രൂപ്പില്‍ അംഗമായി തെറ്റ് തിരുത്താന്‍ തയ്യാറാവുകയുമാണ്.


  മൂന്ന് ചിത്രങ്ങളിലും പൊതുവില്‍ പ്രത്യക്ഷപ്പെടുന്ന തോക്ക്, ഒരര്‍ത്ഥത്തില്‍ ശൂന്യതയുടെ പ്രതീകം കൂടിയാണ്. തോക്ക് സ്വമേധയാ ഒരു അക്രമകാരിയല്ല, അതിന്റെ ട്രിഗറില്‍ വിരലമര്‍ത്തുമ്പോള്‍ മാത്രമാണ് അതൊരു ആപത്തിലേക്ക് വഴിവെക്കുന്നത്. മേല്‍ പറഞ്ഞ മൂന്ന് പ്ലോട്ടുകളിലെ കഥാപാത്രങ്ങളിലേയും അക്രമോത്സുകതക്ക്, സ്റ്റേറ്റിന്റെ പങ്ക് വളരെ വലുതാണെന്നു കൂടി പറയാതെ പറയുകയാണ് 'ഇല്‍ സ്‌മോക്കിംഗ് ബാരല്‍സ് '. വിഘടന ഗ്രൂപ്പുകളും തിയ്യേറ്ററുകളുടെ അഭാവവും നല്ലൊരു സിനിമാ സംസ്‌ക്കാരത്തിന്റെ പിന്തുണയില്ലായ്മയുമൊക്കെ നോര്‍ത്ത് ഈസ്റ്റിലെ സംവിധായകര്‍ക്ക് വെല്ലുവിളിയാണെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട് സഞ്ജീബ് ദേബ്.അത് കൊണ്ടു തന്നെ അവിടങ്ങളില്‍ നിന്നുള്ള സംവിധായകര്‍ക്ക് മുംബെയിലേക്കോ ടി.വി പ്രോഗ്രാമുകളിലേക്കോ ഒക്കെ ചേക്കേറേണ്ടി വരുന്നു. സഞ്ജിബിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഡെല്‍ഹിയില്‍ ടെലിവിഷന്‍ മേഖലയിലാണ് ആസ്സാം നിവാസിയായ അദ്ദേഹം കരിയര്‍ തുടങ്ങുന്നത്. തുടര്‍ന്നായിരുന്നു മുംബെയിലേക്ക് തിരിക്കുന്നതും ഗോവിന്ദ് നിഹ്ലാനി, ഹബീബ് ഫൈസല്‍, ശേഖര്‍ ഘോഷ് തുടങ്ങിയവരോടൊപ്പം സഹകരിക്കുന്നതും. പിന്നീട് സ്വതന്ത്രമായ് ഏതാനും ഷോര്‍ട് ഫിലിമുകള്‍ ചെയ്യുകയും മികച്ച നിരൂപക പ്രശംസ നേടുകയും ചെയ്തതിന് ശേഷമാണ് തന്റെ ആദ്യ ഫീച്ചര്‍ ഫിലിമിലേക്ക് അദ്ദേഹം കാലെടുത്ത് വച്ചത്.

  'വില്ലേജ് റോക്ക് സ്റ്റാര്‍സി'ലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന സംവിധായിക റിമാദാസിന്റെ യാത്ര കുറേക്കൂടി ദുര്‍ഘടമായിരുന്നു. ആസ്സാമിന്റെ ഒരുള്‍നാടില്‍ നിന്ന് മുംബെയിലേക്കവര്‍ ട്രെയിന്‍ കയറിയത് നടിയാകണമെന്ന ആഗ്രഹത്തിലായിരുന്നു. അവിടെ വെച്ചാണവര്‍ ലോകസിനിമകളെ പരിചയപ്പെടുന്നതും അത്തരമൊരു ഫോര്‍മാറ്റിലേക്ക് തന്റെ നാടിന്റെ കഥ പറയുന്നതിനായ് സംവിധായികയുടെ വേഷമണിയുന്നതും. നാലുമാസത്തിലധികം സമയമെടുത്ത് തന്റെ ഗ്രാമത്തിലെ തന്നെ കുട്ടികളേയും മുതിര്‍ന്നവരേയും അവര്‍ നടീനടന്മാരാക്കി മാറ്റുകയായിരുന്നു. ഫണ്ടിന്റെ അഭാവം കാരണം എഡിറ്റിംഗും ഛായാഗ്രഹണവും കലാസംവിധാനവും തിരക്കഥയും സംവിധാനവുമുള്‍പ്പെടെ ഒട്ടുമിക്ക പ്രധാനമേഖലകളിലും റീമ സ്വയം കൈവെച്ചു. കുട്ടികളുടെ ഒരു സംഗീത ബാന്റ് തുടങ്ങണമെന്ന ധുനുവെന്ന പെണ്‍കുട്ടിയുടെ ആഗ്രഹമാണ് സംവിധായിക പറഞ്ഞതെങ്കിലും ഒരുള്‍നാടന്‍ ഇന്ത്യന്‍ ഗ്രാമത്തിന്റെ നേര്‍പകര്‍പ്പ് അനുഭവിപ്പിക്കാന്‍ അവര്‍ക്കായതാണ് ആ ചിത്രത്തിന്റെ പ്രധാന വിജയകാരണം.

  പ്രതിസന്ധികളില്‍ നിന്ന് കല ഊര്‍ജ്ജം സ്വീകരിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് നോര്‍ത്ത് ഈസ്റ്റ് ചിത്രങ്ങളും സംവിധായകരും. വിഷയ സ്വീകരണത്തിന്റെ കാര്യത്തില്‍ മറാത്തി സിനിമയുടെ വിപ്ലവാത്മകതയോടൊപ്പം ചേര്‍ത്തു വെക്കേണ്ട, വന്‍ സെന്‍സര്‍ഷിപ്പു നിയമങ്ങളേയും ഭീഷണികളേയും അവഗണിച്ച് ദേശത്തെ അടയാളപ്പെടുത്തുന്ന തങ്ങളുടെ സിനിമകളെ പുറം ലോകത്തെത്തിക്കാന്‍ ഇറാനിയന്‍ സംവിധായകരെടുക്കുന്ന മിടുക്കിന്റേയും ധൈര്യത്തിന്റെയും ശ്രേണിയില്‍ ചേര്‍ത്തു വെക്കേണ്ട ഒരു പ്രസ്ഥാനം തന്നെയാണ് നമ്മുടെ നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള ചിത്രങ്ങളുമെന്ന് അടിവരയിട്ട് പറയാം.

  Read more about: cinema review സിനിമ
  English summary
  North eastern films
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X