'കാല് അനങ്ങുന്നില്ല... നടക്കുമ്പോൾ വീഴുന്ന അവസ്ഥ, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇക്ക അറിയണമെന്ന് തോന്നി'
ഒമർ ലുലു സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ഹാപ്പി വെഡിങ് എന്ന ചിത്രത്തിലെ ഒരൊറ്റ സീൻ കൊണ്ട് മലയാളി മനസിൽ കയറിപ്പറ്റിയ മിടുക്കിയായ കലാകാരിയാണ് ഗ്രേസ് ആന്റണി. ശേഷം സൂപ്പർ ഹിറ്റ് ചിത്രം കുമ്പളങ്ങി നൈറ്റ്സിൽ ഫഹദിന്റെ ഭാര്യ വേഷം ചെയ്തും ഞെട്ടിച്ചു. ആ ഒരൊറ്റ ചിത്രം കൊണ്ടുതന്നെ നടിയുടെ കരിയർ തന്നെ മാറുകയായിരുന്നു. ശേഷം ഒരുപാട് മികച്ച വേഷങ്ങൾ താരത്തെ തേടി വന്നിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ വെബ് സീരിസ് നാഗേന്ദ്രൻസ് ഹണിമൂണിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഗ്രേസിന്റെ കഥാപാത്രമായ ലില്ലിക്കുട്ടിയായിരുന്നു. നാഗേന്ദ്രൻസ് ഹണിമൂണിലെ ഗ്രേസിന്റെ പ്രകടനം കണ്ട് ഉർവശിയുടെ കൽപ്പനയുടെയും പിന്മാഗിയാണ് ഗ്രേസ് എന്നാണ് പ്രേക്ഷകർ കുറിച്ചത്. നുണക്കുഴിയാണ് ഗ്രേസിന്റെ ഏറ്റവും പുതിയ റിലീസ്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയിൽ ബേസിൽ ജോസഫ് അടക്കം വൻ താരനിര അണിനിരന്നിരുന്നു. ഇപ്പോഴിതാ നുണക്കുഴി തിയേറ്ററുകൾ നിറഞ്ഞോടുമ്പോൾ ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ച് ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ ഗ്രേസ് ആന്റണി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താൻ കടന്നപോയ ഒരു രോഗാവസ്ഥയെ കുറിച്ചാണ് ഗ്രേസ് വെളിപ്പെടുത്തിയത്.
ഡിസ്ക് ബൾജ് ചെയ്തത് കാര്യമാക്കാതിരുന്നതിന്റെ പേരിൽ അനുഭവിച്ച വിഷമങ്ങളും ഗ്രേസ് വെളിപ്പെടുത്തി. നമ്മൾ ചില പ്രോജക്ടിലേക്ക് കയറി കഴിഞ്ഞാൽ ബാക്കിയുള്ള കാര്യങ്ങൾ എല്ലാം മറന്നുപോകും. എനിക്ക് ഡിസ്ക് ബൾജ് വന്നു. അതിന്റെ വേദന അസഹനീയമാണ്. ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് ഞാൻ ആരുടെ അടുത്തും അത് പറഞ്ഞില്ല. ഷൂട്ടിംഗ് ആരംഭിച്ചാൽ ഞാൻ അത് മറക്കും.
പക്ഷെ അങ്ങനെ ചെയ്യരുതെന്ന് അത് കഴിഞ്ഞാണ് എനിക്ക് മനസിലായത്. നിരന്തരം വന്ന് ചെറിയ ബൾജ് വലുതായി. പതിയെ വേദന മാറി മരവിപ്പായി. എനിക്ക് കാല് ഫീൽ ചെയ്യാതായി. ഒരു ഭാഗം സ്വാധീനമില്ലാത്ത രീതിയിലേക്ക് വന്നു. എന്റെ കാല് അനങ്ങുന്നില്ല. നടക്കുമ്പോൾ ഞാൻ വീഴുന്ന സ്റ്റേജിലേക്കായി. ഞാൻ മനസിലാക്കി... എന്തോ എന്റെ ശരീരത്ത് സംഭവിക്കുന്നുണ്ട്. അതുവരെ ഞാൻ ആരുടെ അടുത്തും പറഞ്ഞിരുന്നില്ല. അത് തെറ്റായിപ്പോയി.
നമ്മുടെ ആരോഗ്യം നമ്മൾ നോക്കണമായിരുന്നു. അവസാനം കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് സർജറി ചെയ്തത്. അത് എടുത്തുമാറ്റി. ആശുപത്രിയിൽ കയറിയപ്പോൾ ആദ്യം സംവിധായകൻ റാം സാറിനെ വിളിച്ച് കാര്യം പറഞ്ഞു. പിന്നീട് മമ്മൂക്കയ്‌ക്ക് മെസേജ് അയച്ചു. വേറെ ആരോട് പറഞ്ഞില്ലെങ്കിലും ഇനി എന്തെങ്കിലും എനിക്ക് സംഭവിച്ചാൽ ഇക്ക അറിയണം. എനിക്ക് വയ്യ ഞാൻ സർജറിക്ക് പോവുകയാണെന്ന് മമ്മൂക്കയ്‌ക്ക് മെസേജ് അയച്ചു.

പ്രാർത്ഥിക്കാമെന്ന് അദ്ദേഹം റിപ്ലെയും തന്നു. എന്നിട്ട് ഫോൺ മാറ്റി സൈലന്റ് മോഡിലേക്ക് വെച്ചിട്ടാണ് ഞാൻ സർജറിക്ക് പോകുന്നത്. ഈ രണ്ട് വ്യക്തികളോടാണ് ഞാൻ ഇത് പറഞ്ഞത്. വേറെ ആർക്കും എന്റെ രോഗവിവരം അറിയില്ലായിരുന്നുവെന്നാണ് ഗ്രേസ് വെളിപ്പെടുത്തിയത്. മമ്മൂട്ടിക്കൊപ്പം റോഷാക്കിൽ ഒരു ശ്രദ്ധേയ വേഷം ഗ്രേസ് ചെയ്തിരുന്നു. നുണക്കുഴിയിൽ ഏറ്റവും കൂടുതൽ കയ്യടി നേടുന്നതും ഗ്രേസിന്റെ കഥാപാത്രം തന്നെയാണ്.
നടി എന്നതിലുപരി സംവിധാനം, നിർമാണം, തിരക്കഥ എഴുത്ത് എന്നിവയിലെല്ലാം പരീക്ഷണം നടത്തി വിജയിച്ചിട്ടുണ്ട് ഗ്രേസ്. സംവിധാനം, നിർമാണം, തിരക്കഥ എന്നിവയെല്ലാം ഗ്രേസ് ചെയ്തത് ഒരു ഹ്രസ്വചിത്രത്തിന് വേണ്ടിയായിരുന്നു. അത് വലിയ വിജയവുമായിരുന്നു.


Click it and Unblock the Notifications











