For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടിയന് ഒടി വച്ചതാര്? മമ്മൂട്ടി ഫാന്‍സോ, ബിജെപിയോ?

  |

  ജിന്‍സ് കെ ബെന്നി

  ജേര്‍ണലിസ്റ്റ്
  മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

  മലയാളി പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു ഒടിയന്‍. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ രജനികാന്ത്- ശങ്കര്‍ ചിത്രം 2.0, ഷാരുഖ് ഖാന്‍ ചിത്രം സീറോ എന്നീ ചിത്രങ്ങളെ പിന്നിലാക്കി ഒടിയന്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിക്ക് ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞതിന് ശേഷം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അത്ര ആശാവഹമായിരുന്നില്ല. ഓരോ പ്രദര്‍ശനങ്ങള്‍ കഴിയുമ്പോഴും ഒടിയന്‍ തുടര്‍ പോസ്റ്റുമാര്‍ട്ടങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്നു.

  അവര്‍ പറയട്ടെ! മോഹന്‍ലാലും ആന്‍റണിയും മോശം പറഞ്ഞാല്‍ പണി നിര്‍ത്തുമെന്ന് ശ്രീകുമാര്‍ മേനോന്‍!

  പ്രതീക്ഷയോടെ എത്തുന്ന പ്രേക്ഷകന്‍ നിരാശനായി മടങ്ങേണ്ടി വരികയാണ്. തങ്ങളുടെ നിരാശ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഇത് ചിത്രത്തെ ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒടിയന്‍ നേരിടുന്ന ഈ വെല്ലുവിളിക്ക് പിന്നില്‍ ആര്, ആരാണ് ഇതിന്റെ ഇത്തരവാദി എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുമ്പോള്‍ ലഭിക്കുന്ന ഉത്തരം സിനിമ വ്യവസയാത്തിനുള്ള താക്കീതാണ്.

  കേരളത്തില്‍ താരാധക യുദ്ധത്തിന് ഇരയാകേണ്ടി വരുന്നതെപ്പോഴും മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളാണ്. ഇരുവിഭാഗങ്ങളും സോഷ്യല്‍ മീഡിയയെ പോര്‍ക്കളമാക്കുന്നത് പതിവ് കാഴ്ചയുമാണ്. ഒടിയനെതിരായി വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ സ്വാഭാവികമായും സംശയത്തിന്റെ മുന നീളുന്നത് മമ്മൂട്ടി ഫാന്‍സിലേക്കാണ്. എന്നാല്‍ ഇവിടെ മമ്മൂട്ടി ഫാന്‍സിനെ ചിത്രത്തിനൊപ്പം കൂട്ടാനുള്ള മറുമരുന്ന് ഒടിയന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യമേ നല്‍കിയിരുന്നു. വൈദ്യുതി വെളിച്ചം പാലക്കാടന്‍ ഗ്രാമങ്ങളില്‍ നിന്നും ഇരുട്ടിനെ അകറ്റുന്നതിനും മുമ്പ് ഇരുളിന്റെ മറപറ്റി ഒടിവിദ്യകളുമായി എത്തുന്ന ഒടിയന്‍ എന്ന മിത്തിനേക്കുറിച്ച് പ്രേക്ഷകരോട് പങ്കുവയ്ക്കുന്നത് മമ്മൂട്ടിയുടെ ശബ്ദത്തിലാണ്. മമ്മൂട്ടിയെ ഒരു ശബ്ദ സാന്നിദ്ധ്യമായി ചിത്രത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ മമ്മൂട്ടി എന്ന നടനെ മാത്രമല്ല അദ്ദേഹത്തിന്റെ ആരാധകരേയും ചിത്രത്തിനൊപ്പം കൂട്ടുകയായിരുന്നു ഒടിയന്റെ അണിയറ പ്രവര്‍ത്തകര്‍.

  ഏറെ അപ്രതീക്ഷിതമായിരുന്നു ഒടിയന്‍ റിലീസ് ദിനത്തില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍. സാധാരണ ഹര്‍ത്താല്‍ ദിനങ്ങളില്‍ ഹര്‍ത്താലിന് ശേഷമേ തിയറ്ററുകള്‍ തുറക്കാറുള്ളു. നാല് മണിക്ക് ആദ്യ ഷോ പ്രഖ്യാപിക്കുകയും ആഴ്ച്ചകള്‍ക്ക് മുന്നേ ആദ്യ ദിനങ്ങളിലെ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുപോകുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഹര്‍ത്താലിനെ അവഗണിച്ച് തിയറ്ററിലേക്ക് എത്താനായിരുന്നു ആരാധകരുടെ തീരുമാനം. ഭൂരിഭാഗം തിയറ്ററുകളിലും മുന്‍നിശ്ചയിച്ച പ്രകാരം ചിത്രം പ്രദര്‍ശിപ്പിക്കുയും ചെയ്തു. ഹര്‍ത്താല്‍ പൊളിക്കാന്‍ ശ്രമിച്ച ഒടിയനെതിരെ ബിജെപി പ്രവര്‍ത്തകരാണ് പ്രചരണങ്ങള്‍ നടത്തുന്നതെന്നായിരുന്നു ആദ്യ പ്രചരിപ്പിക്കപ്പെട്ടത്.

  ഒടിയനെതിരെ പ്രചരണങ്ങള്‍ നടത്തി ചിത്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാരെന്ന ചോദ്യം പിന്നേയും ബാക്കിയാകുന്നുണ്ട്. മധ്യപ്രദേശിലെ ലീഡ് നിലപോലെ ഇതും മാറി മറിഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ബിജെപിയിലേക്കും മമ്മൂട്ടി ഫാന്‍സിലേക്കുമല്ല മോഹന്‍ലാല്‍ ആരാധകരിലേക്ക് തന്നെയാണ് വിരല്‍ വന്ന് നില്‍ക്കുന്നത്. സ്വന്തം താരത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിനെതിരെ എന്തിന് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന എന്ന ചോദ്യത്തിന് നല്‍കാന്‍ അവര്‍ക്ക് വ്യക്തമായ ഉത്തരമുണ്ട്. അവരെ സംബന്ധിച്ച് ഇതൊരു നിസഹായന്റെ രോദനമാണ്. ഇത് ഒടിയനും മോഹന്‍ലാലിനും മാത്രമല്ല അവകാശവാദങ്ങളുടെ ആടയാഭരണങ്ങളോടെ ഇനിയും വരാനിരിക്കുന്ന ഓരോ സൂപ്പര്‍ താര ചിത്രങ്ങള്‍ക്കുമുള്ള താക്കീതാണ്.

  കട്ടപ്പ എന്തിന് ബാഹുബലിയെ കുത്തി എന്നത് ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരുന്ന ആരാധകരെ ആവേശത്തിലാഴ്ത്തിയ ചോദ്യമായിരുന്നു. റിലീസിന് മുമ്പ് ഒരു അഭിമുഖത്തില്‍ കട്ടപ്പയായി അഭിനയിച്ച സത്യരാജ് ഇതിനേക്കുറിച്ച് പ്രതികരിച്ചത് സംവിധായകന്‍ രാജമൗലി പറഞ്ഞിട്ടാണ് കട്ടപ്പ ബാഹുബലിയെ കുത്തിയത് എന്നായിരുന്നു. ഒടിയനിലേക്ക് വരുമ്പോഴും സ്ഥിതി മറ്റൊന്നല്ല. ഒടിയന് ഒടി വച്ചത് ആര് എന്ന ചോദ്യത്തിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പ്രധാനമായി സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനും എന്നാണ് ഉത്തരം. സിനിമ കണ്ടിറങ്ങുന്ന ഭൂരിഭാഗം പ്രേക്ഷകരും വിരല്‍ ചൂണ്ടുന്നതും ഇതിലേക്ക് തന്നെ.

  സ്വന്തം കുഞ്ഞ് മോശമാണെന്ന് ആരും പറയില്ലെങ്കിലും ഇത്രത്തോളം പറയരുതെന്ന സൂചനയാണ് ഒടിയന്‍. തുറന്ന മനസുമായി സമീപിക്കുന്ന ഒരു പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന സിനിമയെ ഇത്തരത്തിലാക്കിയതിന്റെ ഉത്തരവാദിത്വം ഇവര്‍ ഏറ്റെടുത്തേ മതിയാകു. പുലിമുരുകന് ശേഷം മോഹന്‍ലാലില്‍ നിന്നും ഒരു മാസ് സിനിമ ലഭിക്കാതെ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്കാണ് മാസ് സിനിമ, മലയാളത്തിന്റെ ബാഹുബലി, മലയാളത്തിന്റെ സൂപ്പര്‍ ഹിറോ എന്നീ വിശേഷണങ്ങള്‍ നല്‍കി ശ്രീകുമാര്‍ മേനോന്‍ 'ഒടിയന്‍' പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്. അതേസമയം റിലീസ് ദിവസം തിയറ്ററിലേക്ക് എത്തിയ സംവിധായകന്‍ പറയുന്നു ഇതൊരു ഇമോഷണല്‍ ത്രില്ലറാണെന്ന്. .

  ഒടിയന്‍ ഒരു സൂപ്പര്‍ ഹിറോയല്ല. ഒടി വിദ്യ എന്ന മാന്ത്രിക വിദ്യ വശപ്പെടുത്തിയ മജ്ജയും മാംസവും വികാര വിചാരങ്ങളുമുള്ള ഒരു സാധാരണ മനുഷ്യനാണ്. അത്തരത്തിലാണ് ഒടിയന്‍ എന്ന ചിത്രം ഒടിയന്‍ മാണിക്യന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇക്കാര്യം ഒരിക്കല്‍ പോലും സമ്മതിച്ചു തരുവാന്‍ സംവിധായകന്റെ മനസ് അനുവദിച്ചില്ല എന്നാണ് യാഥാര്‍ത്ഥ്യം. അങ്ങനെ ഒരു മനസ് സംവിധായകന് ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ഈ ചിത്രത്തിന്റെ വിധി മറ്റൊന്നാകുമായിരുന്നു. പ്രി റിലീസ് ബിസിനസില്‍ കണ്ണ് നട്ട് നടത്തുന്ന ഇത്തരം പ്രമോഷനുകള്‍ക്ക് അധികം ആയുസുണ്ടാകില്ല എന്നതും വസ്തുതയാണ്, മിനിമം ഗ്യാരണ്ടി ഡിസ്ട്രിബ്യൂഷനും മുന്‍കൂര്‍ സാറ്റലൈറ്റും മെല്ലെ പിന്‍വാങ്ങിയതുപോലെ.

  മോഹന്‍ലാലും ആന്‍റണിയും മോശം പറഞ്ഞാല്‍ ഞാൻ പണി നിര്‍ത്തും | filmibeat Malayalam

  ഒടിയന്‍ ഒരിക്കലും ഒരു മോശം സിനിമയല്ല. മികച്ച ഛായാഗ്രഹണവും ഗാനങ്ങളും സംഘട്ടനവും കഥാപാത്രങ്ങളും എല്ലാം ഒന്നിച്ചു ചേര്‍ന്ന നല്ല സിനിമാനുഭവം തന്നെയാണ്. പക്ഷെ, ഇപ്പോള്‍ ഒടിയന്‍ ഒരു ഇരയാണ്. പൊള്ളയായ അവകാശവാദങ്ങളുടെ ചുഴിയില്‍ വീണുപോയ ഇര. ഇത് ഒടുവിലത്തേതാകട്ടെ എന്ന് ആഗ്രഹിക്കാനേ ഓരോ ചലച്ചിത്രാസ്വാദകനും സാധിക്കു.

  English summary
  Who will take responsibility of this great fall
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X