'എന്റെ മനസില്‍ ഇപ്പോള്‍ സമ്മിശ്രമായ ഒരുപാട് വികാരങ്ങളാണ്'; കാർത്തികയുടെ വിവാഹനിശ്ചയ ചിത്രങ്ങളുമായി അമ്മ രാധ!
പഴയകാല താരങ്ങളില്‍ ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരങ്ങള്‍ വളരെ കുറവാണ്... പ്രത്യേകിച്ച് നടിമാര്‍. മലയാളത്തില്‍ ശ്രദ്ധേയയായ നടി അംബികയെ മലയാളികള്‍ക്ക് ഇന്നും ഓര്‍മ്മയുണ്ട്. എന്നാല്‍ അംബികയുടെ സഹോദരി രാധയെ പ്രേക്ഷകര്‍ക്ക് അത്രത്തോളം ഓര്‍മ്മയുണ്ടാവില്ല.
അംബികയോടൊപ്പം തന്നെ അതേ കാലഘട്ടത്തില്‍ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡത്തിലും നിറഞ്ഞ് നിന്ന താരമാണ് രാധ. ഒരുകാലത്ത് തമിഴ് സിനിമ ആസ്വാദകരുടെ മനസില്‍ നിറഞ്ഞ് നിന്ന മുഖമാണ് നടി രാധയുടേത്.
കമൽഹാസൻ അടക്കം ഒട്ടനവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച രാധ 1991ലാണ് വിവാഹിതയായത്. ദമ്പതികൾക്ക് കാർത്തിക നായർ, തുളസി നായർ, വിഘ്‌നേഷ് നായർ എന്നീ മൂന്ന് മക്കളാണുള്ളത്. രാധയുടെ രണ്ട് പെൺമക്കളും അഭിനേതാക്കളായി ശ്രദ്ധനേടി കഴിഞ്ഞു. രാധയുടെ മക്കളിൽ ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ചെടുത്തത് കാർത്തികയാണ്.

ജീവയ്ക്കൊപ്പം നായികയായി കാർത്തിക ചെയ്ത കോ എന്ന സിനിമയും ചിത്രത്തിലെ ഗാനങ്ങളും വലിയ ഹിറ്റായിരുന്നു. ഇതുവരെ വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമെ കാർത്തിക അഭിനയിച്ചിട്ടുള്ളു. അതിൽ ഒന്ന് മകരമഞ്ഞ് എന്ന മലയാള സിനിമയാണ്. നിരൂപക പ്രശംസ നേടിയ ചിത്രം കൂടിയായിരുന്നു മകരമഞ്ഞ്. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം വിവാഹിതായാകാൻ പോകുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
മോതിരത്തിന്റെ ചിത്രം പങ്കുവെച്ച് വിവാഹനിശ്ചയം കഴിഞ്ഞ വിവരം കാർത്തിക തന്നെയാണ് ആരാധകരെ അറിയിച്ചത്. പക്ഷെ വരന്റെ മുഖമോ മറ്റ് വിവരങ്ങളോ താരം പങ്കിട്ടിരുന്നില്ല. അതേസമയം ഇപ്പോഴിതാ മകളുടെ വിവാഹനിശ്ചയ ചടങ്ങിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് നടി രാധ നായർ.
മനോഹരമായ കുറിപ്പും ഒപ്പം രാധ പങ്കുവെച്ചിട്ടുണ്ട്. മകളുടെ വിവാഹം ഏറെ നാളുകളായി സ്വപ്നം കണ്ട് കഴിയുന്ന ഒരു അമ്മയുടെ എല്ലാ സന്തോഷവും കുറിപ്പിൽ നിന്നും മനസിലാക്കാൻ സാധിക്കും. 'ഞങ്ങളുടെ മകളെ മറ്റൊരു പുതിയ കുടുംബത്തിലേക്ക് ഉടന്‍ നല്‍കുന്നു എന്ന അഭിമാനം എത്രത്തോളമാണെന്ന് എനിക്ക് പറയാന്‍ പറ്റുന്നില്ല.'
'സന്തോഷവും വിജയകരവുമായ ദാമ്പത്യം നല്‍കി ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നിനക്ക് വേണ്ടി ഈ മനോഹരമായ കുടുംബം തിരഞ്ഞെടുത്തതിന് എന്നെ ഭാഗ്യവതി എന്ന് വിളിക്കാന്‍ പറ്റില്ല. രണ്ട് കുടുംബങ്ങളും ഒന്നിക്കുന്നതാണ് വിവാഹം. എന്റെ മനസ്സില്‍ ഇപ്പോള്‍ സമ്മിശ്രമായ ഒരുപാട് വികാരങ്ങളാണ്.'

'എന്നാല്‍ അതിലെല്ലാം ഏറ്റവും വലിയ വൈബ്രേഷന്‍ നിങ്ങളുടെ സ്‌നേഹവും സന്തോഷവുമാണ്. ഏതൊരു അമ്മയ്ക്കും ആഗ്രഹിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മകളാണ് കാര്‍ത്തൂ... നീ. ഇരുകുടുംബങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല സമ്മാനം.'
'നീ എനിക്ക് നല്‍കിയ ഈ അത്ഭുമായ അനുഭവങ്ങള്‍ക്ക് നന്ദി', എന്നാണ് രാധ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. എന്നാല്‍ രാധ പങ്കുവെച്ച പോസ്റ്റിലും വരന്റെ മുഖവും വിവരങ്ങളും ഒന്നുമില്ല. ഇന്റിമേറ്റ് സെറിമണിയായിരുന്നു ചടങ്ങ് എന്നാണ് കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്.
സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് താരപുത്രിക്ക് ആശംസകൾ നേർന്ന് എത്തിയത്. പുറംമ്പോക്ക് എങ്കിറ പൊതുവുടമൈ എന്ന തമിഴ് സിനിമയിലാണ് ഏറ്റവുമൊടുവില്‍ കാർത്തിക അഭിനയിച്ചത്. രാധയുടെ രണ്ടാമത്തെ മകൾ തുളസി കടല്‍ എന്ന മണിരത്‌നം ചിത്രത്തിലൂടെയാണ് തമിഴില്‍ എത്തിയത്.
ചിത്രത്തില്‍ വ്യത്യസ്തമായ കഥാപാത്രത്തെയാണ് തുളസി അവതരിപ്പിച്ചത്. തിരുവനന്തപുരം കിളിമാനൂരിൽ നിന്നാണ് രാധ തെന്നിന്ത്യന്‍ സിനിമയുടെ മുന്‍നിര നായികയായി എത്തിയത്. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന രാധ ഗെസ്റ്റായി ചില റിയാലിറ്റി ഷോകളില്‍ മാത്രമാണ് പങ്കെടുക്കുന്നത്.


Click it and Unblock the Notifications











