'ഞാൻ കല്യാണം കഴിച്ചതുപോലും നന്നായി ഭക്ഷണം കഴിക്കാനാണ്, തടിക്കാൻ വേണ്ടി സ്റ്റിറോയിഡ് ഉപയോഗിച്ചു'; നളിനി!
ഭൂമിയിലെ രാജാക്കന്മാർ, ആവനാഴി, അടിമകൾ ഉടമകൾ, വാർത്ത തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ പ്രിയനായികയായിരുന്നു നടി നളിനി. എ.ബി രാജിന്റെ അഗ്നിശരം എന്ന സിനിമയിൽ ജയന്റെ സഹോദരിയായി അഭിനയിക്കുമ്പോൾ പത്ത് വയസ് മാത്രമായിരുന്നു നളിനിയുടെ പ്രായം.
റാണി എന്ന യഥാർത്ഥ പേരിൽ തന്നെയാണ് സിനിമയിലെത്തിയതെങ്കിലും രണ്ടാമത്തെ ചിത്രമായ ഇടവേളയുടെ നിർമ്മാതാവ് ഡേവിഡ് കാച്ചിറപ്പിളിയാണ് നളിനി എന്ന പേരിട്ടതെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. അമ്പത്തിയെട്ടുകാരിയായ നളിനി തമിഴ്നാട്ടിലാണ് ജനിച്ചതും വളർന്നതും.
താരത്തിന്റെ അച്ഛൻ തമിഴ് സിനിമകളിൽ കൊറിയോഗ്രാഫറായിരുന്നു. അമ്മ ഒരു പ്രൊഫഷണൽ ഡാൻസറും. ഏഴാം ക്ലാസ് വരെ പഠിച്ച നളിനി സിനിമകളുടെ തിരക്കിലായതിനാൽ പിന്നീട് പഠനം തുടർന്നില്ല. തുടക്കത്തിൽ മെലിഞ്ഞ ശരീരവുമായി വന്ന് നായിക വേഷം ചെയ്തിരുന്ന നളിനി കുറച്ച് കാലങ്ങൾക്ക് ശേഷം ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ തുടങ്ങി. വിവാഹത്തിന് ശേഷവും നളിനി അഭിനയത്തിൽ സജീവമായിരുന്നു.

പക്ഷെ ശരീര ഭാരമുയർന്നതിനാൽ അതിവേഗത്തിൽ അമ്മ വേഷങ്ങളിലേക്ക് മാറി. പൊതുവെ നടിമാർ ശരീര ഭാരം വർധിക്കാതിരിക്കാൻ പരമാവധി ശ്രമിക്കും. വണ്ണം വെച്ചാൽ നല്ല കഥാപാത്രങ്ങൾ ലഭിക്കാതെയാകും എന്നതാണ് കാരണം. പലരും ഡയറ്റും യോഗയുമെല്ലാം കഠിനമായി പിന്തുടരുന്നവരാണ്. എന്നാൽ നളിനി നേരെ തിരിച്ചാണ്. തടിച്ച ശരീരത്തോടാണ് നളിനിക്ക് പ്രിയം.
അതുകൊണ്ട് തന്നെ അമ്മ വേഷം ചെയ്യുന്നതിലും നളിനിക്ക് പരാതിയില്ല. പണ്ട് മുതൽ താൻ ഭക്ഷണപ്രിയയായിരുന്നുവെന്നും വിവാഹം കഴിച്ചത് പോലും വയറ് നിറയെ ഭക്ഷണം കഴിക്കാൻ വേണ്ടിയാണെന്നും പറയുകയാണ് നളിനി.
പുതിയ അഭിമുഖത്തിലാണ് ശരീരം വണ്ണം വെക്കാൻ സ്റ്റിറോയ്ഡുകൾ വരെ താൻ ഉപയോഗിച്ചിട്ടുണ്ടെന്ന് നളിനി വെളിപ്പെടുത്തിയത്. 'ഭക്ഷണത്തിന്റെ കാര്യത്തിൽ അന്നും ഇന്നും ഒരു നിയന്ത്രണവും ഞാൻ വച്ചിട്ടില്ല. എന്നാൽ അമ്മ സ്ട്രിക്ട് ആയിരുന്നു.'
'അന്ന് എങ്ങിനെയാണ് ശരീരം സംരക്ഷിച്ചത് എന്ന് ചോദിച്ചാൽ അറിയില്ല. ഇന്നത്തെപോലെ ജിമ്മിൽ പോകുകയോ ബ്യൂട്ടിപാലറിൽ പോകുകയോ ഒന്നും അന്നുണ്ടായിരുന്നില്ല. ധാരാളം വെള്ളം കുടിക്കുമായിരുന്നു. പലപ്പോഴും ഭക്ഷണം സ്കിപ് ആവും. അപ്പോൾ വെള്ളം കുടിക്കുകയാണ് ചെയ്യാറുള്ളത്. കിട്ടുമ്പോൾ എല്ലാം വാരിവലിച്ച് തിന്നും.'

'അപ്പോൾ അമ്മ നിയന്ത്രിക്കും. നീ ഒരു നടിയാണ്... അങ്ങിനെയൊന്നും തിന്നാൽ പാടില്ല. ഇന്ന സാധനങ്ങൾ മാത്രമെ കഴിക്കാവൂ എന്നൊക്കെ പറയും. വാസ്തവത്തിൽ ഞാൻ കല്യാണം കഴിച്ചതുപോലും നന്നായി ഭക്ഷണം കഴിക്കാനാണ്. പലവിധ ഭക്ഷണം പാകം ചെയ്യാനും മറ്റുള്ളവർക്ക് കൊടുക്കാനും സ്വയം കഴിക്കാനും എനിക്ക് ഒരുപാട് ഇഷ്ടമാണ്.'
'തടി വെക്കുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. ഇങ്ങനെ തടിക്കാൻ വേണ്ടി ഞാൻ സ്റ്റിറോയിഡ് ഉപയോഗിച്ചിട്ടുണ്ട്. തടിച്ച ശരീരമാണ് എനിക്കിഷ്ടം. അതിനുവേണ്ടി സ്റ്റിറോയിഡ് ഇൻഞ്ചക്ട് ചെയ്തു. എനിക് എന്നെ ഇങ്ങനെ കാണാനാണ് ഇഷ്ടമെന്നും', നളിനി പറയുന്നു.
ഭക്ഷണം കഴിഞ്ഞാൽ പിന്നെ ഇഷ്ടം സാരിയോടാണെന്നും നളിനി പറയുന്നു. 'ഏറ്റവും ഇഷ്ടമുള്ള മറ്റൊരു കാര്യം സാരിയാണ്. സാരിയുടെ കലക്ഷൻ എത്രത്തോളം ഉണ്ട് എന്ന് പറയാൻ പറ്റില്ല. ഇപ്പോഴിട്ട ഈ സാരി ഇനി ഞാൻ ഉടുക്കണമെങ്കിൽ മിനിമം 25 വർഷമെങ്കിലുമാവും. സമ്പാദിച്ചതിൽ പാതിയും സാരി തന്നെയാണെന്നും', നളിനി പറയുന്നു. നളിനിയുടെ വിവാഹ ജീവിതം പ്രതീക്ഷിച്ചതുപോലെ സുഖകരമായിരുന്നില്ല.
വിവാഹ ജീവിതം ശാപമായിരുന്നുവെന്നും അതിൽ കുറ്റബോധമുണ്ടെന്നും നളിനി മുമ്പ് വെളിപ്പെടുത്തിയിരുന്നു. 'ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും ഒരുപാട് സന്തോഷം ലഭിക്കുമെന്നും കരുതി എടുത്ത തീരുമാനം. സ്വപ്നം കണ്ടതൊന്നും ലഭിച്ചില്ല. തമിഴിൽ കുറെ സിനിമകളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അത് പ്രണയത്തിലും വിവാഹത്തിലും എത്തി. അധികം വൈകാതെ വേർപിരിഞ്ഞുവെന്നുമാണ്', നളിനി പറഞ്ഞത്. നടൻ രാമരാജനെയാണ് നളിനി വിവാഹം കഴിച്ചത്.


Click it and Unblock the Notifications