അച്ഛനെന്ന അവകാശവാദവുമായി ഇനി അദ്ദേഹമില്ല; കതിരേശൻ മരിച്ചു; ധനുഷ് മകനാണെന്ന് ആവർത്തിച്ചയാൾ
നടൻ ധനുഷിന്റെ മാതാപിതാക്കളാണെന്ന അവകാശ വാദവുമായെത്തിയ വൃദ്ധ ദമ്പതികൾ കുറച്ച് നാൾ മുമ്പ് വരെ വാർത്തകളിൽ ഇടം നേടിയിരുന്നു. മധുരൈയിൽ നിന്നുള്ള കതിരേശൻ, മീനാക്ഷി എന്നിവരാണ് ധനുഷ് തങ്ങളുടെ മകനാണെന്നും മകനെ തിരിച്ച് വേണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നത്. കേസ് കോടതി വരെ എത്തി. ഈ വൃദ്ധ ദമ്പതികളിലൊരാളായ കതിരേശൻ മരണപ്പെട്ടെന്ന വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്. 70ാം വയസിലാണ് അന്ത്യം.
മധുരെെ ഗവൺമെന്റ് രാജാജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായിരുന്നു. മധുരയിലെ മേലൂർ താലൂക്കിൽ മലംപട്ടി ഗ്രാമത്തിൽ നിന്നുള്ളവരാണ് കതിരേശനും അറുപതുകാരിയായ ഭാര്യ മീനാക്ഷിയും. ധനുഷ് തങ്ങൾക്ക് പിറന്ന മൂന്നാമത്തെ മകനാണെന്നാണ് ഇവർ അവകാശപ്പെട്ടത്. കെ. കലൈസെൽവൻ എന്നായിരുന്നു പേര്.

പഠനം നിർത്തി സിനിമാ സ്വപ്നങ്ങളുമായി ചെന്നെെയിലേക്ക് പോയതാണ് മകൻ. പിന്നീട് പേര് ധനുഷ് എന്ന് മാറ്റുകയായിരുന്നെന്നും ഇവർ വാദിച്ചു.മകനാണെന്ന് തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. ധനുഷ് ഞങ്ങളെ നോക്കുന്നില്ല. മകനെന്ന നിലയിൽ ഞങ്ങൾക്ക് മാസം 65,000 രൂപ ധനുഷ് നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. കേസ് കോടതിയിലെത്തി. ധനുഷ് ഇവർക്കെതിരെ രംഗത്ത് വന്നു. കേസ് തള്ളിക്കളയണമെന്നും ഡിഎൻഎ ടെസ്റ്റ് നടത്തരുതെന്നും ധനുഷ് ആവശ്യപ്പെട്ടു.
തനിക്കൊന്നും ഒളിക്കാനുള്ളത് കൊണ്ടല്ല ഡിഎൻഎ ടെസ്റ്റ് എതിർക്കുന്നത്. ഇത്തരം വ്യാജ കേസുകളുടെ പേരിൽ തന്റെ സ്വകാര്യത ഇല്ലാതാക്കരുതെന്നും ധനുഷ് വാദിച്ചു. ആർ കൃഷ്ണമൂർത്തി, കെ വിജയലക്ഷ്മി എന്നിവരാണ് എന്റെ മാതാപിതാക്കൾ. 1983 ജൂലൈ 28 നാണ് ജനിച്ചത്. ആർകെ വെങ്കിടേഷ് പ്രഭു എന്നാണ് പേരിട്ടത്. അച്ഛൻ കസ്തൂരി രാജ എന്ന് പേര് മാറ്റി. എന്റെ പേര് ധനുഷെന്ന് മാറ്റിയെന്നും നടൻ രേഖകൾ സഹിതം കോടതിയിൽ സമർപ്പിച്ചു. ഇതോടെ കോടതി കേസ് തള്ളുകയാണുണ്ടായത്. 2017 ലാണ് കേസ് തള്ളിയത്.

അന്നുണ്ടായ വിവാദങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിക്കാൻ ധനുഷ് തയ്യാറായില്ല. പൊതുവെ തന്നെക്കുറിച്ച് വരുന്ന വിവാദങ്ങളോടൊന്നും പ്രതികരിക്കാൻ ധനുഷ് തയ്യാറാകാറില്ല. തമിഴകത്ത് വൻ വിവാദമായ സുചി ലീക്ക്സിലൂടെ ധനുഷിന്റെ ചില ഫോട്ടോകൾ പുറത്താവുകയും നടനെതിരെ ആരോപണം ഉയർന്ന സംഭവം ഇതിനുദാഹരണമാണ്. ഒരു ടെലിവിഷൻ പ്രോഗ്രാമിൽ ഇതേക്കുറിച്ച് ചോദ്യം വന്നപ്പോൾ മൈക്ക് വലിച്ചെറിഞ്ഞ് ധനുഷ് പോവുകയുണ്ടായത്.
കഴിഞ്ഞ ദിവസമാണ് നടൻ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തത്. രണ്ട് വർഷം വേർപിരിഞ്ഞ് താമസിച്ച ശേഷമാണ് നിയമപരമായി വിവാഹമോചനം നേടാൻ ധനുഷും ഐശ്വര്യ രജിനികാന്തും തീരുമാനിച്ചത്. 2004 ലാണ് ഇവർ വിവാഹിതരായത്. യാത്ര രാജ്, ലിംഗ രാജ് എന്നിവരാണ് മക്കൾ. വിവാഹ മോചനത്തിന് കാരണമെന്തെന്ന് ധനുഷോ ഐശ്വര്യയോ വ്യക്തമാക്കിയിട്ടില്ല.


Click it and Unblock the Notifications