എൺപതുകളിൽ തിളങ്ങി നിന്ന ബാലതാരം... ഇന്ന് ഒമ്പതാം ക്ലാസുകാരന്റെ അച്ഛൻ, അനുബന്ധത്തിലെ ഹരിയുടെ വിശേഷങ്ങൾ!
ഒരു കാലത്ത് മലയാളത്തിൽ കുട്ടികളെ പ്രധാന കഥപാത്രങ്ങളാക്കി നിരവധി സിനിമകൾ റിലീസിനെത്താറുണ്ടായിരുന്നു. സൂപ്പർ താരങ്ങളും ഇത്തരം സിനിമകളുടെ ഭാഗമായിരുന്നുവെങ്കിലും കഥ സഞ്ചരിച്ചിരുന്നത് സിനിമയിലെ ബാലതാരത്തിന്റെ കഥാപാത്രത്തിലൂടെയായിരുന്നു. അതിനാലാണ് ബേബി ശാലിനി അടക്കമുള്ള അന്നത്തെ ബാലതാരങ്ങൾ എൺപതുകളിൽ ജനമനസ് കീഴടക്കിയത്. പരിചയ സമ്പന്നരായ മുതിർന്ന അഭിനേതാക്കളെപ്പോലും പിന്നിലാക്കുന്ന പ്രകടനമായിരുന്നു അക്കാലത്ത് ബാലതാരങ്ങൾ കാഴ്ചവെച്ചിരുന്നത്.
അത്തരത്തിൽ എൺപതുകളിൽ മലയാള സിനിമയിൽ നല്ല നിരവധി വേഷങ്ങൾ ചെയ്ത ഒരു ബാലതാരമാണ് മാസ്റ്റർ വിമൽ. ഇന്ന് മാസ്റ്റർ വിമലല്ല അനുബന്ധത്തിലെ ഹരി മുതിർന്നു... വിവാഹിതനും ഒമ്പതാം ക്ലാസുകാരന്റെ അച്ഛനും ഐടി കമ്പനി ജീവനക്കാരനുമാണ്. അനുബന്ധം, ആരൂഢം, ഉണ്ണികളെ ഒരു കഥ പറയാം എന്നിങ്ങനെ തുടങ്ങി മലയാളത്തിലും തമിഴിലുമായി എഴുപത്തിയഞ്ചോളം സിനിമകളിൽ വിമൽ അഭിനയിച്ചിട്ടുണ്ട്. ജനിച്ച് ആറാം മാസം മുതൽ വിമൽ ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കാൻ തുടങ്ങിയതാണ്.

തുടക്കം തമിഴിൽ സിനിമകൾ ചെയ്തുകൊണ്ടായിരുന്നു. നടന്റെ യഥാർത്ഥ പേര് വിപിൻ എന്നാണ്. സിനിമയിൽ വന്നശേഷമാണ് വിമലായി മാറിയത്. എവിഎം പ്രൊഡക്ഷൻസാണ് വിപിനെ വിമലാക്കി മാറ്റിയത്. പതിനാല് വയസ് വരെ സിനിമയുടെ വെള്ളിവെളിച്ചത്തിലുണ്ടായിരുന്നു. പിന്നീട് പഠനത്തിനും കരിയറിനും ശ്രദ്ധ കൊടുക്കാമെന്ന് തീരുമാനിച്ചതോടെ വിമൽ സിനിമയോടും അഭിനയത്തോടും ഗുഡ് ബൈ പറഞ്ഞു.
എൺപതുകളിലെ സിനിമകളെ സ്നേഹിക്കുന്നവർ അനുബന്ധത്തിലെ ഹരിയെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സോഷ്യൽമീഡിയ വഴി അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. എന്നാൽ ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയുടെ റീ യൂണിയൻ പ്ലാൻ ചെയ്തപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് വിമലിനെ തപ്പിയെടുത്ത് കൊണ്ടുവന്നത്. മോഹൻലാൽ പോലും ഏറ്റവും ആകാംഷയോടെ കാത്തിരുന്നതും റീ യൂണിയന് എത്തിയപ്പോൾ ആദ്യം അന്വേഷിച്ചതും വിമലിനെയായിരുന്നു.
ഇപ്പോഴിതാ മനോരമ ഓൺലൈനിന് നൽകിയ പുതിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതകാലത്തെ അനുഭവങ്ങളും പുതിയ വിശേഷങ്ങളും വിമൽ പങ്കിട്ടു. ഞാൻ ചെന്നൈയിലായിരുന്നു ജനിച്ച് വളർന്നത്. പഠനവും കരിയറും നോക്കിപ്പോയപ്പോഴാണ് സിനിമയിൽ ബ്രേക്ക് വന്നത്. പിന്നെ മടങ്ങി വരാൻ നോക്കിയപ്പോഴേക്കും മലയാള സിനിമ മാറി. ജോലി ലഭിച്ചതോടെ കുടുംബത്തോടെ ബാംഗ്ലരിൽ സെറ്റിൽഡാണ് ഞാൻ. ഉണ്ണികളെ ഒരു കഥ പറയാം റീയൂണിയനെ പറ്റി കേട്ടപ്പോൾ നമ്പർ തപ്പിയെടുത്ത് ആദ്യം വിളിച്ചത് കമൽ സാറിനെയാണ്.
അദ്ദേഹവും എന്റെ ശബ്ദം കേട്ടപ്പോൾ ഷോക്ക്ഡായിരുന്നു. പിന്നെ ഇപ്പോഴും ഞാൻ ചെയ്ത കഥാപാത്രങ്ങൾ ആളുകൾ ഓർക്കുന്നുവെന്നതിൽ സന്തോഷം. എന്റെ ഗുരു ഐവി ശശി സാറാണ്. അദ്ദേഹത്തിന്റെ സിനിമകളിലാണ് എനിക്ക് ഒരുപാട് നല്ല കഥാപാത്രങ്ങൾ കിട്ടിയത്. ആരൂഢം ചെയ്തശേഷമാണ് ആളുകൾ എന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

നക്ഷത്രകൂടാരമായിരുന്നു അവസാനം അഭിനയിച്ച സിനിമ. ആ കാലഘട്ടത്തിൽ ഒരുപാട് ചൈൽഡ് സെൻട്രിക്ക് സിനിമകൾ വന്നിരുന്നു. സിനിമയിൽ അഭിനയിക്കാൻ അന്നും ഇന്നും എനിക്ക് വളരെ ഇഷ്ടമായിരുന്നു. കുട്ടിയായിരുന്നപ്പോൾ എക്സ്പ്രഷൻ ഇടാനൊക്കെ എല്ലാ താരങ്ങളും സംവിധായകരും സഹായിച്ചിട്ടുണ്ട്. സെറ്റിൽ എല്ലാവർക്കും എന്നെ ഇഷ്ടമായിരുന്നു.
അതുകൊണ്ട് തന്നെ ഒരുപാട് പാംമ്പറിങ് കിട്ടിയിട്ടുണ്ട്. ഡയലോഗ്സ് എനിക്ക് നേരത്തെ തരും. മലയാളം വശമില്ലാത്തതിനാൽ അമ്മയാണ് എന്നെ ഡയലോഗ് പഠിക്കാൻ സഹായിച്ചിരുന്നത്. അന്ന് സിനിമാ ഷൂട്ടെല്ലാം ചെന്നൈയിലായിരുന്നു. അതും എനിക്ക് ഗുണം ചെയ്തു.
ഞാനാണ് എന്റെ കുടുംബത്തിൽ സിനിമയുമായി ബന്ധമുള്ള ഒരേയൊരാൾ. അച്ഛന്റെ സുഹൃത്തുക്കൾ വഴിയാണ് സിനിമയിലേക്ക് എത്തിയത്. പ്രാക്ടീസ് ചെയ്താണ് ഷോട്ടിന് എത്തിയിരുന്നത്. സിനിമയിലേക്ക് തിരികെ വരണമെന്ന് എപ്പോഴും തോന്നുമായിരുന്നു. നല്ല കാരക്ടർ കിട്ടിയാൽ വീണ്ടും തിരിച്ചുവരും.
നായകനായി 2014ൽ ശശി സാറിന്റെ ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. പക്ഷെ അത് പൂർത്തിയായില്ല. അതിനുശേഷം പിന്നെ മറ്റൊന്നിന് ശ്രമിച്ചില്ല. ഭാര്യയുടെ പേര് നിയ എന്നാണ്. മകൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഞാൻ പണ്ട് നടനായിരുന്നുവെന്നതും സംസ്ഥാന, ദേശീയ അവാർഡുകൾ കിട്ടിയതുമൊന്നും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അറിയില്ല. ആരോടും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞാണ് വിമൽ അവസാനിപ്പിച്ചത്.


Click it and Unblock the Notifications