ആ പഴയ പൂച്ചയ്ക്ക് പിന്നാലെ പ്രേക്ഷകർ പായുമ്പോൾ, ആസിഫ് അലി ചിത്രവുമായി സിബി-രഞ്ജിത് കൂട്ടുകെട്ട്
മലയാളി പ്രേക്ഷകർക്ക് അത്രവേഗം മറക്കാൻ കഴിയാത്ത ചിത്രമാണ് 1998 സെപ്റ്റംബർ 4 ന് പിറന്ന സമ്മർ ഇൻ ബെത്‌ലഹേം' . രവിശങ്കറും , ഡെന്നീസും മോനായിയുമൊക്കെ പ്രേക്ഷകരുടെ ഇടയിലേയ്ക്ക് എത്തിയിട്ട് 22 വർഷം പിന്നിടുകയാണ്. വർഷങ്ങൾ കഴിഞ്ഞ് പോയിട്ടും ഇന്നും രവിശങ്കറിന്റേയും , ഡെന്നീസിന്റേയും മോനായിയും ബെത്‌ലഹേം പ്രേക്ഷകരുടെ പ്രിയപ്പെട്ട സമ്മർ വെക്കേഷൻ സ്ഥലം തന്നെയാണ്. സിനിമ കോളങ്ങളിലും സോഷ്യൽ മീഡിയകളിലും ഇന്നും ചർച്ചയാണ് ഈ ചിത്രം. ഇപ്പോഴും പഴയ പൂച്ചയുടെ പിന്നാലെയാണ് പ്രേക്ഷകർ.
22 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ സമ്മർ ഇൻ ബെത്ലഹേമിന്റ ചർച്ചകൾ ഇപ്പോഴും പ്രേക്ഷകർക്കിടയിൽ കനക്കുമ്പോൾ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. തന്റെ ചിത്രമായ സമ്മർ ഇൻ ബെത്ലഹേമിന്റെ 22ാം വാർഷിക ദിനത്തിലാണ് സംവിധായകൻ തന്റെ പുതിയ ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചത്.

സമ്മർ ഇൻ ബെത്ലഹേമിന്റെ സാരഥികളായിരുന്ന സിബി മലയിലും രഞ്ജിത്തും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. എന്നാൽ ഇക്കുറി ചിത്രത്തിൽ നിർമ്മാതാവിന്റെ റോളിലാണ് രഞ്ജിത്ത് സിബി ചിത്രത്തിലെത്തുന്നത്. ആസിഫ് അലിയാണ് ചിത്രത്തിൽ നായകൻ, എന്നാൽ ബാക്കിയുളള താരങ്ങളെ കുറിച്ചുളള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. രഞ്ജിത് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്.
Recommended Video

ഇരുപത്തിരണ്ട് വര്‍ഷം മുന്‍പ് ഈ ദിവസം ഇതിലൊരാള്‍ തിരക്കഥാകൃത്തും ഒരാള്‍ സംവിധായകനുമായി ‘സമ്മര്‍ ഇന്‍ ബെത്ലഹേം' പുറത്തിറങ്ങി. ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അതിലൊരാള്‍ നിര്‍മാതാവും മറ്റൊരാള്‍ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വര്‍ഷം ആരംഭിക്കുകയാണ്" എന്നാണ് രഞ്ജിത്ത് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നവാഗതനായ ഹേമന്ത് ആണ് തിരക്കഥ ഒരുക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. ചിത്രത്തിൽ ആസിഫ് അലിയുടെ പേര് മാത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഉടനെ തന്നെ ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും അണിയറ പ്രവർത്തകർ പുറത്തു വിടുമെന്നുളള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ആസിഫ് അലിക്കൊപ്പം മറ്റൊരു താരവും പ്രധാന വേഷത്തിലെത്തുമെന്നും സൂചനയുണ്ട്. അയ്യപ്പനും കോശിയുമാണ് രഞ്ജിത്തിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം. 2015ല്‍ പുറത്തെത്തിയ ‘സൈഗാള്‍ പാടുകയാണ്' സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ഒടുവിലത്തെ ചിത്രം.

സമ്മർ ഇൻ ബെത്ലഹേം ചിത്രത്തിൽ വൻ താരനിരയായിരുന്നു അണിനിരന്നത്. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിൽ നിർണ്ണായ കഥാപാത്രമായിരുന്നു മോഹൻലാൽ അവതരിപ്പിച്ച നിരഞ്ജൻ. മലയാളി സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.


Click it and Unblock the Notifications