'ദിലീപിന് വേണ്ടി സംസാരിച്ചതിന് അകറ്റി നിർത്തി... അവസരം കിട്ടിയില്ല, ഗുണമൊന്നും ഉണ്ടായിട്ടില്ല'; നടൻ മഹേഷ്!
ഒട്ടനവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടൻ മഹേഷിന്റേത്. ഉദയ സ്റ്റുഡിയോക്കടുത്തായിരുന്നു കുട്ടിക്കാലം മുതൽ മഹേഷിന്റെ വീട്. അതൊക്കെ തന്നെയാണ് ചെറുപ്പം മുതൽ മഹേഷിന്റെ മനസിൽ സിനിമ കയറിക്കൂടാൻ കാരണമായത്.
മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലും മഹേഷ് സജീവമായിരുന്നു. അഭിനേതാവ് എന്നതിൽ ഉപരി സംവിധായകൻ കൂടിയാണ്. 2009ൽ പുറത്ത് ഇറങ്ങിയ കലണ്ടർ എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്റെ കുപ്പായം അണിഞ്ഞത്.
എന്നാൽ ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയം നേടിയിരുന്നില്ല. മലയാളത്തിൽ സിനിമ പരാജയപ്പെട്ടതോടെ തമിഴിൽ സിനിമ ചെയ്തിരുന്നു. അഭിനേതാവ് സംവിധായകൻ എന്നതിൽ ഉപരി തിരക്കഥകൃത്ത് കൂടിയാണ് അദ്ദേഹം. 2007ൽ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രമായ അശ്വാരൂഢന്റെ കഥയും തിരക്കഥയും ഒരുക്കിയത് മഹേഷാണ്.

ഒരിടയ്ക്ക് മഹേഷ് വാർത്തകളിൽ നിറഞ്ഞിരുന്നത് നടൻ ദിലീപിന്റെ പേരിലായിരുന്നു. ദിലീപ് കേസിലുൾപ്പെട്ട സമയത്ത് മഹേഷ് പറഞ്ഞ പല കാര്യങ്ങളും വലിയ രീതിയിൽ ചർച്ചയായി. ദിലീപിന് വേണ്ടി സംസാരിച്ചതിന്റെ പേരിൽ പലയിടങ്ങളിലും നിന്നും തന്നെ അകറ്റി നിർത്തി എന്നാണ് പിന്നീട് മഹേഷ് പറഞ്ഞത്. ദിലീപിനെ പിന്തുണച്ച് സംസാരിച്ച ശേഷം തനിക്ക് ദോഷമല്ലാതെ ഒരു ഗുണവും സംഭവിച്ചിട്ടില്ലെന്നും മഹേഷ് പറയുന്നു.
പലരും തന്നെ വിളിക്കാൻ പോലും ഭയപ്പെട്ടുവെന്നുമാണ് നടൻ പറഞ്ഞത്. ഒരു സമയത്ത് ദിലീപിൽ നിന്നും മലയാള സിനിമ പൂർണമായും അകലം പാലിച്ചിരുന്നു. സിനിമാക്കാരുടെ ഫങ്ഷനുകളിൽ ദിലീപും കുടുംബവും പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട് വളരെ കുറച്ച് നാളുകളെയായിട്ടുള്ളു.
തനിക്ക് സംഭവിച്ചതിനെ കുറിച്ച് മഹേഷ് പറഞ്ഞതിങ്ങനെയാണ്... 'ശരിക്കും പറഞ്ഞാൽ ദിലീപിന്റെ ചിത്രങ്ങളിൽ പോലും വിളിച്ചിട്ടില്ല. പിന്നെ പറയാൻ ആണെങ്കിൽ അതിന് മുമ്പും ദിലീപ് എന്നെ വിളിച്ചിട്ടില്ല. അതിൽ പരാതി പറയാനാകില്ല. പക്ഷെ മലയാളം സിനിമ എന്നെ അകറ്റിനിർത്തി. വിശ്വാസമാണ് എല്ലാം. ദിലീപ് ഇത് ചെയ്തോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ ചെയ്യില്ലെന്ന വിശ്വാസമുണ്ട്.'
'രണ്ട് വലിയ സൂപ്പർ സ്റ്റാറുകൾക്കിടയിൽ സ്വന്തം അധ്വാനം കൊണ്ട് വളർന്നുവന്ന നടനാണ് ദിലീപ്. പ്രയത്നം കൊണ്ട് വന്നതാണ്. ഒരു സിനിമാ നടൻ എന്നതിലുപരി ദിലീപ് നല്ലൊരു ബിസിനസ് മാനാണ്. ഒരു സിനിമ എങ്ങനെ ജനങ്ങളിൽ എത്തിക്കാം. മാർക്കറ്റ് ചെയ്യാമെന്നെല്ലാം ദിലീപിന് അറിയാം.'

'ഒരു ക്രൈം ചെയ്യാനായി ദിലീപ് ഇറങ്ങി പുറപ്പെടും അല്ലെങ്കിൽ അത്രയും മണ്ടത്തരം ദിലീപ് ചെയ്യുമെന്ന് തനിക്ക് തോന്നിയില്ലെന്നും മഹേഷ് പറയുന്നു. പലരും ക്രൂശിക്കാൻ എടുത്ത ഇര മാത്രമാണ് ദിലീപെന്നും മഹേഷ് പറഞ്ഞിരുന്നു. കുറെ പേർ ക്രൂശിക്കാൻ എടുത്ത ഇര മാത്രമാണ് ദിലീപെന്ന് എനിക്ക് മനസിലായി.'
'അതിന്റെ പേരിലാണ് ഞാൻ സംസാരിക്കാൻ വന്നത്. അന്നും ഇന്നും എനിക്ക് വ്യക്തിപരമായി ദിലീപിനെ അറിയില്ല. അടുപ്പവും ഇല്ല. അഭിനയിച്ച രണ്ട് സിനിമകളിൽ നേർക്കുനേർ സീൻ പോലുമില്ല. നേരിട്ട് കണ്ടിട്ടുപോലുമില്ല. പക്ഷെ ഒരാൾ വെറുതെ ഇരുപത് വർഷക്കാലം ജയിലിൽ പോയി കിടക്കുന്നത് ന്യായമാണെന്ന് തോന്നിയില്ല.'
'കാരണം ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണെങ്കിൽ അത് സങ്കടകരമായ കാര്യം ആകുമല്ലോ. അതുകൊണ്ട് അദ്ദേഹത്തിനുവേണ്ടി വാദിച്ചുവെന്ന് മാത്രമെന്നും', ദിലീപിനെ അനുകൂലിച്ചതിനെ കുറിച്ച് സംസാരിച്ച് മഹേഷ് കൗമുദി ചാനലിനോട് പറഞ്ഞു. നായകന്റെ പിന്നാലെ നടക്കാൻ വയ്യാത്തത് കൊണ്ടാണ് സിനിമ സംവിധാനം ചെയ്യാത്തത് എന്നാണ് സംവിധാനത്തിൽ നിന്നും വിട്ടുനിൽക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ മഹേഷ് പറഞ്ഞത്.


Click it and Unblock the Notifications