'പ്രണയിച്ചതുകൊണ്ടാണ് കല്യാണം കഴിക്കാത്തത്, ആ ഗംഭീര നടനെ ചിന്ന വീട്ടിൽ നിന്നും 10000 രൂപ കൊടുത്ത് രക്ഷിച്ചു'
കാലം പോയ് മറയുമ്പോഴും മലയാള സിനിമയുടെ ആ തിലകക്കുറി ഓർമ്മകളുടെ തിരശീലയിൽ ഒളിമങ്ങാതെ ഇന്നുമുണ്ട്. പെരുന്തച്ചനിലെ തച്ചനും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശൻ മുതലാളിയും യവനികയിലെ വക്കച്ചനും കീരിടത്തിലെ അച്യുതൻ നായരും സ്ഫടികത്തിലെ ചാക്കോ മാഷും കാട്ടുകുതിരയിലെ കൊച്ചുവാവയുമൊക്കെ മലയാളികളുടെ ഇടനെഞ്ചിൽ ഇന്നും തുടിക്കുന്നു. 2012 സെപ്തംബർ 24ന് ആയിരുന്നു തിലകനെന്ന മഹാ വിസ്മയം മലയാള സിനിമയോട് വിട പറഞ്ഞത്. സ്‌കൂൾ നാടകങ്ങളിലൂടെയാണ് തിലകൻ കലാപ്രവർത്തനം ആരംഭിച്ചത്.
18 ഓളം പ്രൊഫഷണൽ നാടക സംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു. 1973ലാണ് തിലകൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പി.ജെ ആന്റണിയുടെ പെരിയാറിലൂടെ സിനിമ ജീവിതത്തിന്റെ തുടക്കം കുറിച്ചു.

പിന്നീട് ഉൾക്കടൽ, യവനിക എന്നീ ചിത്രങ്ങളിലൂടെ തിലകൻ മലയാള സിനിമയിൽ തന്റെ ഇരിപ്പിടം സ്വന്തമാക്കി. തിലകന്റെ വേർപാടിനുശേഷം അദ്ദേഹം ബാക്കിവെച്ചുപോയെ ഇരിപ്പിടത്തിലേക്ക് മറ്റൊരാൾക്കും വരാനായിട്ടില്ല. സിനിമയിൽ സജീവമായി നിൽക്കുമ്പോഴും നിലപാടുകൾ വെട്ടിത്തുറന്ന് പറയാൻ താരം ചങ്കൂറ്റം കാണിച്ചിരുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും സിനിമാ മേഖലയിൽ ഒറ്റപ്പെടുന്ന സാഹചര്യവുമുണ്ടായി.
അവസരങ്ങൾ നിഷേധിക്കപ്പെട്ടാലും പറയാനുള്ളത് അദ്ദേഹം വ്യക്തമായി തന്നെ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനൊപ്പം തന്നെ തിലകനെന്ന പേരും ആളുകൾ ചർച്ച ചെയ്യുന്നത്. മഹാനടന്റെ സിനിമാ ജീവിതം മാത്രമല്ല സ്വകാര്യ ജീവിതവും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ടായിരുന്നു. താൻ വിവാഹിതനാകാത്തതിന് പിന്നിലെ കാരണം വർഷങ്ങൾക്ക് മുമ്പ് ഒരിക്കൽ ദൂരദർശന് നൽകിയൊരു അഭിമുഖത്തിൽ നടൻ വെളിപ്പെടുത്തിയിരുന്നു.
ആ അഭിമുഖമാണ് ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. പ്രണയിച്ചതുകൊണ്ടാണ് കല്യാണം കഴിക്കാത്തതെന്നാണ് തിലകൻ വിവാഹജീവിതത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. ഞാൻ വിവാഹം കഴിച്ചിട്ടില്ല. ഇപ്പോൾ എന്റെ കൂടെയുള്ളവരെ എന്റെ കൂടെ താമസിപ്പിച്ചിട്ടുണ്ട് അത്രേയുള്ളു. അവർ പ്രസവിച്ച കുട്ടിയാണ് ഇപ്പോൾ ഇവിടെ നിന്ന് പോയ ഡോക്ടർ. ഞാൻ സ്വസ്ഥമായി ഒരു കുടുംബമായിട്ട് ജീവിക്കുകയാണ്.
സിനിമാ ഫീൽഡിൽ അനേകം ഭാര്യമാരില്ലാത്ത ഒരാളെ പറഞ്ഞ് തരാൻ കഴിയുമോ?. ചിന്ന വീട്ടിൽ നിന്നും പതിനായിരം രൂപ കൊടുത്ത് രക്ഷിച്ചിട്ടുണ്ട് ഒരു നടനെ ഞാൻ. നിങ്ങളെല്ലാം അറിയുന്ന ഗംഭീര നടനാണ് അയാൾ. ചേട്ടാ... പതിനായിരം രൂപ കൊടുത്തില്ലെങ്കിൽ എന്റെ ജീവൻ അപകടത്തിലാകുമെന്ന് അയാൾ പറഞ്ഞിട്ട് കത്ത് കൊണ്ടുവന്നയാളുടെ കയ്യിൽ പതിനായിരം രൂപ കൊടുത്തുവിട്ടു. അയാളെ തമിഴ്നാട്ടിൽ പിടിച്ച് കെട്ടിവെച്ചിരിക്കുകയായിരുന്നു.

എനിക്ക് അനേകം ഭാര്യമാരൊന്നുമില്ല. രണ്ട് ഭാര്യമാരെയുള്ളു. ആദ്യത്തേതിനെ പറഞ്ഞ് വിട്ടു. രണ്ടാമത്തേത് ഒപ്പമുണ്ട്. രണ്ടാമത്തേതും ഞാനുമായിട്ടും ഇപ്പോൾ വലിയ കമ്പനിയൊന്നുമില്ല. എന്റെ സ്വഭാവം അങ്ങനെയാണ്. ഞാൻ ഒന്നും അങ്ങനെ ക്ഷമിക്കുകയില്ല. ഞാൻ പ്രണയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കല്യാണം കഴിക്കാത്തത്.
ആദ്യം എന്റെ അമ്മാവന്റെ മകളെയാണ് ഞാൻ പ്രണയിച്ചത്. പക്ഷെ ജോലിയില്ലെന്ന ഒറ്റ കാരണം കൊണ്ട് അവർ കെട്ടിച്ച് തന്നില്ല. ഇപ്പോൾ അവർ അതിൽ വിഷമിക്കുന്നു. കെട്ടിച്ച് കൊടുക്കേണ്ടതായിരുന്നുവെന്ന് ഓർത്ത്. മുൻവിധിയാണല്ലോ കുഴപ്പം ചെയ്യുന്നത്. ഇരുപതാമത്തെ വയസിലാണ് വിവാഹം കഴിപ്പിച്ച് തരാമോയെന്ന് ഞാൻ ആവശ്യപ്പെട്ടത്.
ജീവിതത്തിൽ അനേകം സ്ത്രീകൾ വന്ന് കടന്നുപോയിട്ടുണ്ടാകും. അതൊന്നുമില്ലാത്ത ആരാണുള്ളത്. സൂപ്പർ താരങ്ങൾക്കില്ലേ..? സിനിമയിലെ മറ്റ് അഭിനേതാക്കൾക്കില്ലേ... ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകളിലല്ലേ... കനകം മൂലം കാമിനി മൂലം കലഹം പലവിധം എന്നാണെന്നണ് തിലകൻ പറഞ്ഞത്. പഴയ വീഡിയോ വീണ്ടും വൈറലായതോടെ എല്ലാം തുറന്ന് പറയാനം സമ്മതിക്കാനും കാണിക്കുന്ന താരത്തിന്റെ ചങ്കൂറ്റത്തിനെയാണ് ആളുകൾ പ്രശംസിക്കുന്നത്.


Click it and Unblock the Notifications