ഡിവോഴ്സ് കൊടുക്കരുത്; സുപ്രീംകോടതിയിൽ വരെ നിയമയുദ്ധം നടത്തി ആദ്യ ഭർത്താവ്, വിവാഹമോചനം വാർത്തയായപ്പോൾ!
സോഷ്യൽമീഡിയ വരും മുമ്പ് വരെയും ടെലിവിഷൻ എല്ലാ വീടുകളിലും സുലഭമാകുന്നത് വരെയും പത്രങ്ങളും മാസികകളും വഴിയാണ് സിനിമാ താരങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും വിശേഷങ്ങളും ജനങ്ങൾ അറിഞ്ഞിരുന്നത്. അത്തരത്തിൽ മുപ്പത്തിയെട്ട് വർഷം മുമ്പ് അച്ചടിച്ച് വന്നൊരു വാർത്ത കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നടിയും നടൻ മുകേഷിന്റെ മുൻ ഭാര്യയുമായ സരിതയുമായി ബന്ധപ്പെട്ടതാണ് വാർത്ത.
നടിയുടെ ആദ്യ വിവാഹമോചനം സംഭവിച്ചപ്പോൾ 1987 ഏപ്രിൽ 19-25 ലക്കത്തിലെ ചിത്രഭൂമിയിലാണ് ആ വാർത്ത പ്രസിദ്ധീകരിച്ച് വന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായി 250ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സരിതയുടെ ആദ്യ വിവാഹം വെങ്കട സുബ്ബയ്യയുമായിട്ടായിരുന്നു. 1975ൽ ആയിരുന്നു വിവാഹം.

പക്ഷെ അധികം ആയുസ്സ് ആ വിവാഹത്തിന് ഉണ്ടായിരുന്നില്ല. ഇരുവരും ഒരു വർഷത്തിനുശേഷം വേർപിരിഞ്ഞു. പക്ഷെ വിവാഹമോചനം നേടിയെടുക്കാനായി ഏറെക്കാലം സരിതയ്ക്ക് കോടതി കയറി ഇറങ്ങേണ്ടി വന്നു. കാരണം നടിക്ക് വിവാഹമോചനം നൽകാൻ സുബ്ബയ്യ തയ്യാറായിരുന്നില്ല. സുപ്രീം കോടതി വരെ പോയി സുബ്ബയ്യ നിയമ യുദ്ധം നടത്തി.
വർഷങ്ങൾ പഴക്കമുള്ള വാർത്താകുറിപ്പിൽ സരിതയ്ക്കും വിവാഹമോചനം എന്ന തലക്കെട്ടോടെ അച്ചടിച്ച് വന്നത് ഇങ്ങനെയാണ്... ഏറെക്കാലം നീണ്ടുനിന്ന ഒരു വിവാഹമോചനക്കേസ് ഒത്തുതീർപ്പിലൂടെ വേർപിരിയലിൽ കലാശിച്ചിരിക്കുന്നു. ഭർത്താവ് ടി.വെങ്കിടസുബ്ബയ്യയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച് തരണമെന്നപേക്ഷിച്ച് സരിതയും സരിതയ്ക്ക് വിവാഹമോചനം അനുവദിക്കരുതെന്ന് വാദിച്ച വെങ്കിടസുബ്ബയ്യയും കോടതികൾ പലതുകയറിയിറങ്ങി.
സരിതയുടെ വിവാഹമോചന അഭിലാഷത്തിന് കടിഞ്ഞാണിടാൻ സുപ്രീംകോടതിയുടെ വരെ വിധി സുബ്ബയ്യ നേടിയിരുന്നു. അങ്ങനെ നിയമയുദ്ധം എങ്ങുമെത്താതെ നീണ്ടു. ഒടുവിൽ സുബ്ബയ്യയുടെ മനസ് മാറി. തങ്ങൾക്കിനി ഒരുമിച്ച് ജീവിക്കാനാവില്ലെന്ന സംയുക്ത തീരുമാനത്തിൽ സരിതയും സുബ്ബയ്യയുമെത്തി. വിവാഹമോചനാഭിലാഷം പ്രകടിപ്പിച്ച് ഇരുവരും ചേർന്ന് ഒരിക്കൽ കൂടി കോടതിയെ സമീപിച്ചു ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ.
ദമ്പതികളുടെ അപേക്ഷയിൻമേൽ വിവാഹമോചനം അനുവദിച്ചുകൊണ്ട് കോടതി തീർപ്പ് കല്പിച്ചിരിക്കുന്നു. സരിതയും സുബ്ബയ്യയും വേർപിരിഞ്ഞിരിക്കുന്നു. സിനിമാലോകത്തെ വ്യക്തികളുടെ ശിഥിലബന്ധങ്ങളുടെ ഏടിൽ എഴുതിച്ചേർക്കാർ ഒരു കഥകൂടി പൂർത്തിയായിരിക്കുന്നു എന്നായിരുന്നു ആ വാർത്ത. പത്ത് വർഷത്തോളമാണ് സരിത വിവാഹമോചനത്തിന് വേണ്ടി കോടതി കയറി ഇറങ്ങിയത്.

പിന്നീട് ഒരു ആശ്വാസം പോലെയാണ് മുകേഷ് സരിതയുടെ ജീവിതത്തിലേക്ക് വരുന്നത്. വിവാഹമോചനം ലഭിച്ച് തൊട്ടടുത്ത വർഷം തന്നെ മുകേഷും സരിതയും വിവാഹിതരായി. ഇരുവർക്കും പിന്നീട് ശ്രാവൺ, തേജസ് എന്നിങ്ങനെ രണ്ട് മക്കൾ പിറന്നു. ശ്രാവണും മാതാപിതാക്കളുടെ പാത പിന്തുടർന്ന് പിൽക്കാലത്ത് സിനിമയിലെത്തി. നായകനായി ചില സിനിമകൾ ചെയ്തു.
കൂടാതെ ഡോക്ടറുമാണ് താരപുത്രൻ. 2011ൽ സരിതയും മുകേഷും വേർപിരിഞ്ഞു. മുകേഷിനൊപ്പം ഭാര്യയായി കഴിഞ്ഞപ്പോൾ വളരെ മോശം അനുഭവമാണ് സരിതയ്ക്ക് ഉണ്ടായത്. നടനിൽ നിന്നുണ്ടായ അനുഭവങ്ങൾ സരിത തന്നെ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുമുണ്ട്. വിവാഹമോചനശേഷം മക്കൾക്കൊപ്പം ദുബായിൽ സെറ്റിൽഡാണ് സരിത. മുകേഷ് പിന്നീട് നടിയും നർത്തകിയുമായ മേത്തിൽ ദേവികയെ വിവാഹം ചെയ്തു.
ആ ബന്ധവും 2021ൽ മുകേഷ് അവസാനിപ്പിച്ചു. സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്ത മദ്യപനും പണത്തോട് ആർത്തിയുള്ള ആളാണ് മുകേഷ് എന്നായിരുന്നു വിവാഹമോചന സമയത്ത് മുകേഷിനെ കുറിച്ച് സരിത നടത്തിയ വെളിപ്പെടുത്തൽ.
എന്നാൽ ആദ്യ ഭാര്യ സരിതയും രണ്ടാം ഭാര്യ മേതിൽ ദേവികയും തന്നിൽ നിന്നും വിവാഹമോചനം നേടിയ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നാണ് മുകേഷ് പിന്നീട് പറഞ്ഞത്. വിവാഹത്തോടെ അഭിനയം നിർത്തിയ സരിത ഇപ്പോൾ വളരെ വിരളമായി മാത്രമെ സിനിമകൾ ചെയ്യാറുള്ളു.


Click it and Unblock the Notifications











