'പിള്ളേര് എന്തിനും തയ്യാറായി നടക്കുന്നുണ്ടാകാം അറിഞ്ഞൂടാ, നമ്മൾ സ്ട്രാങ്ങായി നിന്നാൽ ഒരു പ്രശ്നവുമുണ്ടാകില്ല'
സിനിമ-സീരിയൽ മേഖല സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമായ ഒരു തൊഴിലിടമല്ലെന്നുള്ള തരത്തിൽ പലപ്പോഴും അഭിപ്രായങ്ങൾ വരാറുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം ഇന്ന് വരെയും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും ഇത് സംബന്ധിച്ച വിഷയങ്ങളാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷം ചൂഷണത്തിനിരയാക്കപ്പെട്ടവർ ധൈര്യ സമേതം മുന്നോട്ടെത്തി വേട്ടക്കാരുടെ പേരുകൾ അടക്കം വെളിപ്പെടുത്തി അനുഭവങ്ങൾ പങ്കുവെയ്ക്കുന്നുമുണ്ട്.
മലയാള സിനിമയുടെ തലപ്പത്തിരിക്കുന്ന ഒട്ടനവധി താരങ്ങളുടെ പേരുകൾ ഇതിനോടകം വേട്ടക്കാരുടെ പട്ടികയിൽ ഇടം പിടിച്ച് കഴിഞ്ഞു. എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദീഖ്, മുകേഷ്, ജയസൂര്യ, സംവിധായകൻ രഞ്ജിത്ത്, സംവിധായകൻ വി.കെ പ്രകാശ്, നടൻ സുധീഷ്, മണിയൻപിള്ള രാജു എന്നിവർക്കെതിരെയെല്ലാമാണ് ആരോപണങ്ങൾ വന്നിട്ടുള്ളത്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് കുറ്റക്കാരുടെ പേരുകൾ പുറത്ത് വിട്ടിട്ടില്ല. വളരെ വർഷങ്ങളായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന അഭിനേത്രിയാണ് കവിയൂർ പൊന്നമ്മ. അന്തരിച്ച നടൻ സത്യന്റെ അമ്മയായി വരെ അഭിനയിച്ചിട്ടുള്ള കവിയൂർ പൊന്നമ്മ സിനിമയിൽ ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളതും അമ്മ വേഷങ്ങൾ തന്നെയാണ്. മോഹൻലാൽ-കവിയൂർ പൊന്നമ്മ കോമ്പോയ്ക്കാണ് ആരാധകർ കൂടുതൽ.
വാർധക്യ സഹജമായ അവശതകളെ തുടർന്ന് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ് താരം. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായതിന് പിന്നാലെ കവിയൂർ പൊന്നമ്മ രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ബിഹൈൻവുഡ്സ് ഐസിന് വേണ്ടി നടനും നിർമാതാവുമായ മണിയൻപിള്ള രാജു നടത്തിയ അഭിമുഖത്തിലാണ് സിനിമയിൽ നിന്നും ഉണ്ടായിട്ടുള്ള മോശം അനുഭവങ്ങൾ കവിയൂർ പൊന്നമ്മ വെളിപ്പെടുത്തിയത്.
ഒരു പ്രൊഡ്യൂസറുടെ പെരുമാറ്റം തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നും നമ്മൾ സ്ട്രോങ്ങായി നിന്നാൽ ആരും നമ്മളെ ഒന്നും ചെയ്യില്ലെന്നുമാണ് കവിയൂർ പൊന്നമ്മ പറഞ്ഞത്. ഒരിക്കൽ ഒരു പ്രൊഡ്യൂസറുടെ പെരുമാറ്റം എന്നെ വേദനിപ്പിച്ചിട്ടുണ്ട്. കവിയൂർ രേവമ്മ ചേച്ചിയുടെ ഭർത്താവിന്റെ മദ്രാസിലെ ഹോട്ടലിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. പ്രൊഡ്യൂസർ എന്നോട് ചോദിച്ചു ഇവിടെ എന്തിനാണ് താമസിക്കുന്നത് ഓഫീസിൽ വന്ന് താമസിക്കൂവെന്ന്.
ഞാൻ പറഞ്ഞു പറ്റില്ലെന്ന്. പ്രൊഡ്യൂസറുടെ പേര് ഞാൻ പറയുന്നില്ല. ഉടനെ വൈജയന്തി മാല പോലും പറയില്ലല്ലോ ഇങ്ങനെ... അത്രയ്ക്ക് അഹങ്കാരമാണല്ലേ എന്ന് എന്നോട് അയാൾ ഇങ്ങോട്ട് ചോദിച്ചു. ഇതൊരു അഹങ്കാരമായിട്ട് എനിക്ക് തോന്നിയില്ല. എനിക്ക് ഇഷ്ടമില്ല. ഞാൻ വരില്ലെന്ന് തറപ്പിച്ച് പറഞ്ഞു. അതാണ് ലൈഫിൽ എനിക്കുണ്ടായിട്ടുള്ള ഒരു അനുഭവം. നമ്മൾ സ്ട്രോങ്ങായി നിന്നാൽ ആര് എന്ത് ചെയ്യാനാണ് നമ്മളെ.

ഒരുത്തർക്കും ഒന്നും ചെയ്യാൻ പറ്റില്ല. ചുമ്മാതെയാണ് അതൊക്കെ. പിള്ളേര് എന്തിനും തയ്യാറായി നടക്കുന്നുണ്ടാകാം നമുക്ക് അറിഞ്ഞൂടാ. നമ്മൾ സ്ട്രാങ്ങായി നിന്നാൽ ഒരു പ്രശ്നവും ഈ ഇൻഡസ്ട്രിയിൽ ഉണ്ടാകില്ലെന്നാണ് എന്റെ അനുഭവം എന്നാണ് കവിയൂർ പൊന്നമ്മ പറഞ്ഞത്. അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് വടക്കൻ പറവൂര്‍ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതം നയിക്കുന്ന പൊന്നമ്മയെ കാണാൻ ഇടയ്ക്കിടെ താരങ്ങളെല്ലാം ഇവിടേക്ക് എത്താറുണ്ട്.
700 ലധികം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. നാലുതവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. അമ്പതുകളില്‍ സിനിമയില്‍ എത്തിയതാണ് കവിയൂര്‍ പൊന്നമ്മ. പിന്നീട് ഒന്നിന് വേണ്ടിയും സിനിമയില്‍ നിന്ന് മാറി നിന്നിട്ടില്ല. കൊവിഡ് കാലത്ത് മാത്രമാണ് സിനിമകള്‍ ചെയ്യാതിരുന്നത്.
അതിനിടയില്‍ വിവാഹം കഴിഞ്ഞിരുന്നു. ഒരു മകളുമുണ്ട്. ഭര്‍ത്താവില്‍ നിന്ന് ഒരുപാട് പീഡനങ്ങള്‍ നേരിടേണ്ടി വന്നതിനെ കുറിച്ചെല്ലാം കവിയൂർ പൊന്നമ്മ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. അവസാനം അദ്ദേഹം കാന്‍സര്‍ വന്ന് മരണപ്പെടുകയായിരുന്നു. മകള്‍ ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സെറ്റില്‍ഡാണ്.


Click it and Unblock the Notifications