'പലരും കരുതിയത് ഭക്ഷണം കഴിച്ച് തടിച്ചുവെന്നാണ്, പിസിഒഡിയും തൈറോയ്ഡുമാണ് വണ്ണം വെക്കാൻ കാരണം'; സുബി പറഞ്ഞത്
നടിയായും അവതാരികയായും നർത്തകിയായുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ സുബി സുരേഷും ഈ ലോകത്തോട് യാത്ര പറഞ്ഞ് യവനികയ്ക്കുള്ളിൽ മറഞ്ഞു. സുബിയുടെ വേർപാട് ആരാധകർക്ക് പോലും വിശ്വസിക്കാൻ സാധിക്കുന്നതായിരുന്നില്ല. സുബിയെ എന്നും ചിരിച്ച മുഖത്തോടെയാണല്ലോ കണ്ടിട്ടുള്ളത് അസുഖമുള്ളതായി തോന്നിയിട്ടേയില്ല.
പിന്നെ പെട്ടന്ന് എന്ത് സംഭവിച്ചുവെന്നാണ് സുഭിയുടെ മരണ വാർത്ത പുറത്ത് വന്നപ്പോൾ ആരാധകർ കമന്റുകളിലൂടെ ചോദിച്ചത്. സുബിക്ക് പകരക്കാരിയായി മറ്റൊരാൾ ഇന്ന് കലാ ലോകത്തില്ല.
പതിനഞ്ച് വയസ് പിന്നിട്ടപ്പോൾ മുതൽ സുബി സുരേഷ് കലാരഗത്തുണ്ട്. അതിനാൽ തന്നെ സുബിയുടെ വളർച്ച പ്രേക്ഷകരുടെ കൺമുന്നിൽ തന്നെയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് സുബിയുടെ പെട്ടന്നുള്ള വേർപാട്.
സുബിക്ക് ട്രാൻസ്പ്ലാന്റേഷൻ നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കവെയാണ് പെട്ടന്ന് മരണം സംഭവിച്ചത്. കലാലോകത്ത് വന്ന സമയത്ത് സുബി വളരെ മെലിഞ്ഞ ശരീര പ്രകൃതമുള്ളയാളായിരുന്നു.

പിന്നീട് ഒരു ഘട്ടം കഴിഞ്ഞപ്പോൾ സുബിയുടെ ശരീര ഭാരം കൂടി. തന്റെ ശരീര പ്രകൃതിയിൽ ഇടയ്ക്കിടെ വരുന്ന മാറ്റങ്ങൾ പിന്നിലെ യഥാർഥ കാരണം ഒരിക്കൽ സുബി തന്നെ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരുന്നു.
മെലിഞ്ഞുണങ്ങിയ ഭൂതകാലത്തിൽ നിന്നും തടി കൂടിയ പുതിയ ലുക്കില്‍ എത്തിയപ്പോൾ പലരും കരുതുന്നത് താൻ ഭക്ഷണം കഴിച്ചിട്ടാണ് തനിക്ക് കൂടിയതെന്നാണെന്നും എന്നാൽ പിസിഒഡി തൈറോയ്ഡ് പോലുള്ള പ്രശ്നങ്ങൾ തന്റെ ശരീരഘടനയെ മാറ്റി മറിച്ചതാണും അന്ന് സുബി സുരേഷ് വ്യക്തിമാക്കിയിരുന്നു.

'തടിയില്ലാത്ത എന്നെ തടിവയ്പ്പിക്കാൻ ചവനപ്രാശം, മീൻഗുളികയുമൊക്കെ ഒരുകാലത്ത് അമ്മ നൽകിയിരുന്നു. പക്ഷെ അതൊന്നും കൊണ്ട് തടിവെച്ചില്ല. കാലം കടന്നുപോകെ എന്റെ പ്രായത്തിനൊപ്പിച്ചുള്ള വണ്ണമൊക്കെ കിട്ടി. കുട്ടിപട്ടാളം ഷോ ചെയ്യുമ്പോൾ തടി അത്യാവശ്യം ഉണ്ടായിരുന്നു.'
'വസ്ത്രങ്ങളുടെ അളവൊക്കെ കൂടാൻ തുടങ്ങി. പലരും കരുതുന്നത് ഭക്ഷണം കഴിച്ചിട്ടാണ് തടി വെച്ചതെന്നാണ്. പക്ഷെ പിസിഒഡിഡിയിലും തൈറോയ്ഡിലും ബുദ്ധിമുട്ടിയ തന്റെ ശരീരം പതിയെ പതിയെ വണ്ണം വെച്ചതാണ്' എന്നാണ് സുബി അന്ന് പറഞ്ഞത്.

പ്രശ്നങ്ങളെയെല്ലാം മറികടന്ന് ശരീര ഭാരത്തെ നിലയ്ക്കുനിർത്തിയ സീക്രട്ടും സുബി കുറച്ച് നാൾ മുമ്പ് പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. ഏറ്റവും അവസാനം ജാർഖണ്ഡിൽ പോയ ട്രിപ്പിന്റെ വീഡിയോയാണ് സുബി യുട്യൂബ് ചാനലിൽ പങ്കുവെച്ചത്.
ആ യാത്ര കഴിഞ്ഞ് തിരികെ എത്തിയ ഉടനെ തന്നെ സുബിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വരികയായിരുന്നുവെന്ന് സുബിയ്ക്കൊപ്പം അവസാന നിമിഷങ്ങളിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞിരുന്നു.

കുറച്ച് മാസം മുമ്പും സുബി കുറച്ച് അധികം നാൾ ആശുപത്രിയിൽ കഴിഞ്ഞിരുന്നു. ഭക്ഷണകാര്യത്തിൽ കൃത്യമായ ചിട്ടയില്ലാത്തത് തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയെന്നാണ് അന്ന് താരം പറഞ്ഞത്. 'ഞാനൊന്ന് വർക് ഷോപ്പിൽ കയറി. മരുന്നും ഭക്ഷണവും കൃത്യമായി കഴിക്കാതെ ഉഴപ്പി.'
'ഇത്തരം നല്ല ശീലങ്ങളുടെ പേരിൽ എല്ലാം കൂടി ഒരുമിച്ച് വന്നു. കുറച്ചധികം ദിവസങ്ങളായി ബോഡി പെയ്ൻ, ചെസ്റ്റ് പെയിൻ, ഗ്യാസ്റ്റിക് പ്രോബ്ലം തുടങ്ങിയ പ്രശ്നങ്ങൾ പിടികൂടി. എന്ത് കഴിച്ചാലും ഛർദ്ദിക്കുന്ന അവസ്ഥ. രണ്ട് ദിവസം ആഹാരം കഴിക്കാതിരുന്നാൽ എന്റെ ശരീരം താങ്ങില്ലല്ലോ. അങ്ങനെ വല്ലാതെ തളർന്നുപോയി.'

'തോന്നുമ്പോൾ ആഹാരം കൃത്യസമയത്ത് കഴിക്കില്ല എന്നൊരു ദുശീലം എനിക്കുണ്ട്. വീട്ടുകാരൊക്കെ ആഹാരം കഴിക്കാത്തതിന്റെ പേരിൽ വഴക്ക് പറയാറുണ്ട്. പക്ഷെ എനിക്ക് തോന്നുമ്പോഴെ കഴിക്കാറുള്ളൂ. വിശന്നാൽ കഴിക്കാറില്ല. ഒടുവിൽ ഛർദ്ദിയും ശാരീരിക അവശതകളുമായി വശംകെട്ടു. പാൻക്രിയാസിൽ ഒരു സ്റ്റോണുണ്ട്.'
'ഇപ്പോഴത് വലിയ അപകടകാരി അല്ല. അതിന് മരുന്ന് കഴിച്ച് പത്ത് ദിവസത്തോളം ഞാൻ ആശുപത്രിയിൽ ആയിരുന്നു. ഒരു ഫുൾ ബോഡി ചെക്കപ്പ് നടത്തി. പ്രഷറും ഷുഗറുമൊന്നുമില്ല. പാൻക്രിയാസിലെ സ്റ്റോൺ പത്ത് ദിവസം മരുന്ന് കഴിച്ച് കുറവില്ലെങ്കിൽ കീഹോളിലൂടെ കളയാവുന്നതേയുള്ളൂ' എന്നാണ് മുമ്പൊരു വീഡിയോയിൽ സുബി തമാശ കലർത്തി പറഞ്ഞത്.


Click it and Unblock the Notifications











