ദിലീപിന്റെ പിടിവാശിയല്ല തീരുമാനം കാവ്യയുടേത്, വിവാഹമോചനശേഷമുണ്ടായ ഭയം, ആഗ്രഹിച്ചത് ദിലീപിലൂടെ തിരികെ കിട്ടി!
കാവ്യ മാധവന്റെ വിവാഹം കേരളം കൊണ്ടാടിയ ഒന്നായിരുന്നു. വധുവായി കതിർ മണ്ഡപത്തിലേക്ക് കയറാൻ എക്സൈറ്റഡായി നിൽക്കുന്ന കാവ്യയുടെ വീഡിയോ വർഷങ്ങൾക്ക് മുമ്പ് ശ്രദ്ധ നേടിയിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന നടി കുറച്ച് മാസങ്ങൾക്കുശേഷം വിവാഹമോചിതയായി. വിവാഹം പോലെ തന്നെ നടിയുടെ വിവാഹമോചനവും ഏറെ ചർച്ച ചെയ്യപ്പെട്ടു. ദിലീപുമായുള്ള ബന്ധമാണ് നടിയുടെ ദാമ്പത്യം തകരാൻ കാരണമെന്നാണ് അക്കാലത്ത് പ്രചരിച്ചത്.
വിവാദങ്ങൾ കൊടുമ്പിരികൊണ്ട് നിൽക്കുമ്പോഴും കാവ്യ വീണ്ടും തുടരെ തുടരെ ദിലീപ് സിനിമകളിൽ നായികയായി. കാവ്യയ്ക്ക് പിന്നാലെ ദിലീപും വിവാഹമോചിതനായി. ശേഷം 2016ൽ കാവ്യയെ ദിലീപ് താലികെട്ടി ഭാര്യയായി സ്വീകരിച്ചു. കഴിഞ്ഞ ഒമ്പത് വർഷമായി ഇരുവരും സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണ്.

ആദ്യ ദാമ്പത്യ ജീവിതം നൽകിയ ഇരുണ്ട ഓർമകളാണ് വിവാഹമോചനശേഷം നാല് വർഷത്തോളം സിംഗിളായി തുടരാൻ കാവ്യയെ പ്രേരിപ്പിച്ചത്. വീണ്ടും ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ ഭയമാണെന്ന് വർഷങ്ങൾക്ക് മുമ്പ് നേരെ ചൊവ്വയിൽ പങ്കെടുത്ത് സംസാരിക്കവെ കാവ്യ പറഞ്ഞിരുന്നു. ആ ഭയം നടിയിൽ നിന്നും പോയത് ദിലീപ് ജീവിതത്തിന്റെ ഭാഗമായതോടെയാണ്.
സിനിമയിലേക്ക് തിരിച്ച് വരാൻ സഹായിച്ചതും സുഹൃത്തിനെപ്പോലെ ഒപ്പം നിന്നതും ദിലീപാണെന്നും കാവ്യ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഏറ്റവും മോശം സമയത്തും താങ്ങായി നിന്ന വ്യക്തി എന്നതാകും പങ്കാളിയായി ദിലീപിനെ സ്വീകരിക്കാമെന്ന് ചിന്തിക്കാൻ കാവ്യയെ പ്രേരിപ്പിച്ചത്. വിധിയിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. എന്നെ അറിയുന്നവർക്ക് അറിയാം.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമെന്ന് പറയുന്നത് കല്യാണം കഴിച്ച് കുഞ്ഞുങ്ങളുമായി ജീവിക്കുക എന്നതായിരുന്നു. ഞാൻ അതിന് വേണ്ടി ജനിച്ച ഒരാളാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ വിവാഹ ജീവിതത്തിൽ മറ്റൊരു യോഗമായിരുന്നു. എന്തുകൊണ്ട് അങ്ങനെ എന്ന് എനിക്ക് അറിയില്ല. അങ്ങനൊരു സംഭവം ഉണ്ടായി ജീവിതത്തിൽ. വിവാഹം കഴിച്ച് പോയപ്പോൾ ഇനി അഭിനയിക്കുന്നില്ലെന്നൊന്നും ഞാൻ പറഞ്ഞിരുന്നില്ല.
ദൈവമായിട്ട് എന്നെ കൊണ്ട് അങ്ങനെ പറയിപ്പിക്കാതിരുന്നതാകും. ജീവിതത്തിൽ നിന്നും എന്ത് പഠിച്ചുവെന്ന് ചോദിച്ചാൽ വ്യക്തമായി പറയാൻ എനിക്ക് അറിയില്ല. പക്ഷെ ഇപ്പോൾ എനിക്ക് ആളുകളെ മനസിലാക്കാൻ പറ്റുന്നുണ്ട്. മുമ്പ് എനിക്ക് അറിയില്ലായിരുന്നു. ഒരാളുടെ യഥാർത്ഥ രൂപം മനസിലാക്കാൻ മുമ്പ് എനിക്ക് കുറേക്കാലം എടുക്കുമായിരുന്നു.

കല്യാണമാണ് ഏറ്റവും പ്രധാനം അതിന് അപ്പുറം മറ്റൊന്നുമില്ലെന്ന് ഞാൻ ചിന്തിച്ചിരുന്നു. എന്നാൽ അതൊന്നുമല്ല അതിനും അപ്പുറം ഒരു ജീവിതമുണ്ടെന്ന് മനസിലാക്കുന്നു. അത് എന്റെ വിവാഹ ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചതുകൊണ്ട് വന്ന തോന്നലുമല്ല. കല്യാണത്തോടെ എല്ലാം തീർന്നുവെന്ന് വിശ്വസിക്കുന്നതും ശരിയല്ല. കുടുംബം എനിക്കൊപ്പം എന്നുമുണ്ടായിരുന്നു.
എന്നെ വിളിച്ചിട്ട് എനിക്കൊപ്പം നിൽക്കുന്നുവെന്ന രീതിയിൽ സംസാരിച്ചിട്ട് അപ്പുറത്ത് മാറി നിന്ന് കുറ്റം പറഞ്ഞവർ എന്റെ ഫീൽഡിൽ തന്നെ ഉണ്ടായിരുന്നു. എന്റെ അനുഭവത്തെക്കാൾ ഷോക്കിങ് ആ തിരിച്ചറിവായിരുന്നു. വിവാഹമോചനത്തിനുശേഷം ദൈവ വിശ്വാസം കൂടിയിട്ടേയുള്ളു. എന്നെ ആളുകൾ തെറ്റുകാരിയായി കാണുന്നുണ്ടോയെന്ന ചോദ്യവും മനസിൽ ഉണ്ടായിരുന്നു.
എന്റെ വിഷമങ്ങൾ ഞാൻ ഏറെയും പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്. അമ്മയെപ്പോലെ വീട്ടമ്മയാകാൻ ഞാൻ എന്തിന് ഡിഗ്രിക്ക് പഠിക്കണം എന്നതായിരുന്നു എന്റെ പോളിസി. ചോറും സാമ്പാറുമൊക്കെ വെക്കാൻ പഠിച്ചാൽ പോരെ എന്നാണ് ചിന്തിച്ചത്. ആദ്യ ബന്ധത്തിലൂടെ ലഭിച്ച ആഘാതം മൂലം കുടുംബജീവിതം പേടിയാണ് എന്നാണ് അന്ന് കാവ്യ പറഞ്ഞത്. കാവ്യ ആഗ്രഹിച്ച ജീവിതം തന്നെയാണ് ഇന്ന് ജീവിക്കുന്നത്. ഒപ്പം ബിസിനസിലും സജീവമാണ്.
ആഗ്രഹിച്ച ജീവിതം ലഭിച്ചതുകൊണ്ടാകാം അഭിനയത്തിലേക്ക് തിരികെ വരാത്തത്. ദിലീപ് മഞ്ജുവിനെ വിലക്കി നിർത്തിയതുപോലെ കാവ്യയേയും സിനിമയിലേക്ക് വരുന്നതിൽ നിന്നും തടഞ്ഞിരിക്കുകയാണെന്നും ഒരു കാലത്ത് പ്രചരിച്ചിരുന്നു. നടിയുടെ വാക്കുകൾ പരിശോധിച്ചാൽ സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നത് സ്വന്തം തീരുമാനപ്രകാരമാണെന്നത് വ്യക്തം.


Click it and Unblock the Notifications