'അതോടുകൂടി കനക വല്ലാതെ ഒറ്റപ്പെട്ടതായി എനിക്ക് തോന്നി, ചെറിയ കുട്ടികളുടെ സ്വഭാവമൊക്കെയായിരുന്നു'; സിദ്ദിഖ്!
മലയാളത്തിന് മനസ് തുറന്ന ചിരി സമ്മാനിച്ച സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകൻ സിദ്ദിഖിന്റെ വേർപാട് ഉൾക്കൊള്ളാൻ സിനിമാപ്രേമികൾക്ക് സാധിച്ചിട്ടില്ല. ഫ്രണ്ട്സ്, ഗോഡ്ഫാദർ, മന്നാർ മത്തായി സ്പീക്കിങ് തുടങ്ങി ഒട്ടനവധി സിനിമകളാണ് സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് പ്രേക്ഷകന് നൽകിയത്. ഒരുമാസമായി കരൾരോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം.
ന്യുമോണിയ കൂടി ബാധിച്ച് നില മോശമായെങ്കിലും പിന്നീട് മെച്ചപ്പെട്ടു. ഞായറാഴ്‌ച ഹൃദയാഘാതത്തോടെ അവസ്ഥ അതീവ ഗുരുതരമായി. ഇതോടെയാണ് സംവിധായകന്റെ അവസ്ഥയെ കുറിച്ച് പുറംലോകം അറിയുന്നത്.
സിദ്ദിഖ് അതീവ ഗുരുതരാവസ്ഥയിലാണെന്ന വാർത്ത പുറത്ത് വന്നപ്പോൾ മുതൽ എല്ലാവരും അദ്ദേഹത്തിന്റെ തിരിച്ച് വരവിനായി പ്രാർത്ഥനയിലായിരുന്നു. അവസാനമായി അദ്ദേഹത്തെ കാണാൻ ഉറ്റ സുഹൃത്ത് ലാൽ മുതൽ മമ്മൂട്ടി വരെ എത്തിയിരുന്നു. ബോളിവുഡിൽ പോയി സൽമാൻ ഖാനെ നായകനാക്കി സിദ്ദിഖ് ചെയ്ത ബോഡി ഗാർഡ് ഹിറ്റായതോടെയാണ് സൽമാൻ ഖാനും ഒരു തിരിച്ച് വരവ് കുറേ കാലത്തിന് ശേഷം ലഭിച്ചത്.

ഒരു സിനിമ കാണുന്നത് പോലെ മനോഹരമായാണ് സിദ്ദിഖ് സിനിമ ലൊക്കേഷനിലെ പിന്നാമ്പുറ കഥകൾ പ്രേക്ഷകരോട് പറയാറുള്ളത്. അത്തരത്തിൽ അദ്ദേഹം നടി കനക എങ്ങനെയാണ് ഗോഡ്ഫാദറിൽ നായികയായി അഭിനയിക്കാൻ എത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നു. കനകയുടെ മലയാളത്തിലേക്കുള്ള എൻട്രി തന്നെ ഗോഡ്ഫാദറിലൂടെയായിരുന്നു. മാത്രമല്ല അഞ്ഞൂറാനും മക്കളും അന്നും ഇന്നും മലയാള സിനിമയിലെ ക്ലാസിക്കായി നില കൊള്ളുകയാണ്.
കനക മഹാലക്ഷ്മി എന്നായിരുന്നു മലയാള സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ നടിയുടെ പേര്. പിന്നീടാണ് കനകയായി അത് ചുരുങ്ങിയത്. 'ഈ സിനിമയിലെ ഒരു വലിയ മാറ്റമായിരുന്നു ഹീറോയിന്റെ കാര്യത്തിൽ സംഭവിച്ചത്. ആദ്യം ഇതിൽ നായികയായി തീരുമാനിച്ചത് ഉർവശിയെയായിരുന്നു.'
'അന്ന് ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ഉർവശിയ്‌ക്ക് അഭിനയിക്കാൻ വരാൻ പറ്റാതെയായി. പകരം വന്നതാണ് കനക. ആ സമയത്ത് കനക കരകാട്ടക്കാരൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ച് കഴിഞ്ഞതേയുളളു. അത് വലിയ ഹിറ്റായി നിൽക്കുകയാണ്. ആ സമയത്താണ് നമ്മൾ ഗോഡ്ഫാദറിലേക്ക് കൊണ്ടുവരുന്നത്. ഒരു പുതിയ ഹീറോയിനെ കൊണ്ടുവന്നു എന്നത് ആ സിനിമയ്ക്ക് വലിയ ഹൈപ്പ് ആയിരുന്നു. അപ്പോൾ കനകയുടെ ആദ്യ സിനിമ തമിഴിലെ ബ്ലോക്ക്ബസ്റ്റർ സിനിമയാണ്.'
'അതുപോലെ കനകയുടെ ആദ്യ മലയാള സിനിമയായ ഗോഡ്ഫാദറും ബ്ലോക്ക് ബസ്റ്റർ സിനിമയായി മാറി. കനക ആ സമയത്ത് വളരെ പാവം കുട്ടിയാണ്. ഒരു ചെറിയ കുട്ടിയുടെ സ്വഭാവമൊക്കെ ഉള്ള ഒരു കുട്ടി. ഗോഡ്ഫാദറിൽ നായികയായി അഭിനയിക്കാൻ വരുന്ന സമയത്തുപോലും അമ്മയാണ് നടിക്ക് ചോറ് വരെ വാരിക്കൊടുക്കുന്നത്.'

'കനകയുടെ അമ്മയായ ദേവിക തമിഴിലെ വലിയ നടിയായിരുന്നു. എംജി ആറിന്റെ കൂടെയൊക്കെ അഭിനയിച്ചിട്ടുള്ള വലിയ സ്റ്റാർ വാല്യൂ ഉള്ള നടിയായിരുന്നു. അമ്മയുടെ കൂടിയേ കനക വരാറുള്ളു. ഭക്ഷണം വാരിക്കൊടുക്കാനൊക്കെ അമ്മ തന്നെ വേണം. അത്ര ഇന്നസെന്റായ ഒരു കുട്ടി ആയിരുന്നു. അമ്മയുടെ മരണം കനകയെ വല്ലാതെ ബാധിച്ചിരുന്നു. പെട്ടെന്നൊരു നിമിഷം കൂടെ ഉണ്ടായിരുന്ന ഒരു പ്രൊട്ടക്ടർ ഇല്ലാതെ ആവുകയാണല്ലോ.'
'അതോടുകൂടി കനക വല്ലാതെ ഒറ്റപ്പെട്ട പോലെ എനിക്ക് അനുഭവപെട്ടു. കാരണം പിന്നീടുള്ള അവരുടെ കരിയറിൽ അവർ വളരെ അപ്സെറ്റ് ആയിരുന്നു. അത്രയും അമ്മയോട് ഡിപെൻഡ് ആയിരുന്നു. കനക പിന്നീട് കുറെ സിനിമകളിൽ മലയാളം ഉൾപ്പെടെ അഭിനയിച്ചെങ്കിലും പിന്നീട് കനകയ്ക്ക് സുഖമില്ലെന്നും മരിച്ചു പോയിയെന്നും വരെ ആളുകൾ വാർത്ത അടിച്ചിറക്കി.'
'ഒരുപാട് ദുരന്തങ്ങളിൽ കൂടി പോയൊരു പാവം കുട്ടിയാണ് കനക', എന്നാണ് സിദ്ദിഖ് പറഞ്ഞത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കന അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയാണ്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ടാണ് താമസം. ഏറ്റവും ഒടുവിൽ കനകയെ കുറിച്ച് വന്ന വാർത്തകൾ കനകയുടെ വീടിന് തീ പിടിച്ചതുമായി ബന്ധപ്പെട്ട് ആയിരുന്നു.
ചെന്നൈയില്‍ കനക താമസിക്കുന്ന വീട്ടിൽ നിന്നും പുക വരുന്നത് ശ്രദ്ധയിപ്പെട്ട് അയൽവാസികൾ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. എന്നാൽ ഫയർഫോഴ്സ് എത്തിയപ്പോൾ അവരെ വീട്ടിലേക്ക് കയറാൻ സമ്മതിക്കാതെ കനക പ്രശ്നമുണ്ടാക്കിയിരുന്നു.


Click it and Unblock the Notifications