സിന്ദൂരവും നിറഞ്ഞ ചിരിയും, ഇന്നത്തെ മഞ്ജുവിന് ഈ നിഷ്കളങ്കമായ ഭാവമില്ല; ദിലീപിന്റെ സെറ്റിൽ മഞ്ജു!
സിനിമ ചെയ്യുന്നുണ്ടോ ഇല്ലയോ... പുറത്തിറങ്ങുന്നവ വിജയിച്ചോ പരാജയപ്പെട്ടോ... ഇക്കാര്യങ്ങളൊന്നും നടി മഞ്ജു വാര്യരുടെ കാര്യം വരുമ്പോൾ മലയാളികൾ ശ്രദ്ധിക്കാറില്ല. വെറുമൊരു സിനിമാ നടി എന്നതിലും ഉപരി മലയാളി പ്രേക്ഷകർക്ക് കുടുംബാംഗത്തെപ്പോലെയാണ് മഞ്ജു വാര്യർ. മൂന്ന് ജനറേഷൻ മുമ്പുള്ളവർക്ക് പോലും ഇന്നും പ്രിയപ്പെട്ട നായിക ആരെന്ന് ചോദിച്ചാൽ മഞ്ജു വാര്യർ എന്നാകും ഉത്തരം.
വിവാഹിതയായാൽ നായികമാർ അഭിനയം ഉപേക്ഷിച്ച് കുടുംബജീവിതത്തിലേക്ക് ഒതുങ്ങുന്ന ട്രെന്റുണ്ടായിരുന്ന സമയത്താണ് മഞ്ജുവും വിവാഹിതയാകുന്നത്. ട്രെന്റ് ഫോളോ ചെയ്ത് സുഹൃത്തുക്കളായ പാർവതി അടക്കമുള്ള മറ്റ് നടിമാരെപ്പോലെ മഞ്ജുവും വിവാഹശേഷം പതിനഞ്ച് വർഷത്തോളം സിനിമയിൽ നിന്നും വിട്ടുനിന്നു. നടിയുടെ ഇടവേള ആരാധകരെയും ഏറെ വിഷമിപ്പിച്ച ഒന്നായിരുന്നു.

അക്കാലത്ത് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ മുൻ ഭർത്താവ് ദിലീപ് ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ചോദ്യവും മഞ്ജു എന്ന് അഭിനയത്തിലേക്ക് തിരിച്ച് വരും എന്നതാണ്. അങ്ങനൊരു തിരിച്ച് വരവ് സംഭവിക്കാൻ തങ്ങൾക്ക് പ്രിയപ്പെട്ട ജോഡി എന്നേക്കുമായി വേർപിരിയേണ്ടി വരുമെന്ന് അന്ന് പ്രേക്ഷകർ കരുതിയിരുന്നില്ല. ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരാകുന്നുവെന്ന വാർത്ത മലയാളികൾക്ക് ഞെട്ടലുണ്ടാക്കിയ ഒന്നായിരുന്നു.
ഇരുവരും വേർപിരിഞ്ഞശേഷവും താരങ്ങളുടെ റീ യൂണിയൻ ആരാധകർ ആഗ്രഹിച്ചിരുന്നു. കുടുംബിനിയായിരുന്ന കാലത്ത് മഞ്ജു വളരെ വിരളമായി മാത്രമാണ് പൊതുവേദികളിൽ എത്തിയിരുന്നത്. അന്ന് ക്യാമറ, മൊബൈൽ ഫോൺ എന്നിവ സുലഭമല്ലാതിരുന്നതിനാലും സിനിമയിൽ നിന്നും വിട്ടുനിന്ന കാലത്തെ മഞ്ജുവിന്റെ വളരെ വിരളമായ ഫോട്ടോകൾ മാത്രമെ ഓൺലൈനിൽ ലഭ്യമാകു.
ഇപ്പോഴിതാ ദിലീപിന്റെ സിനിമയുടെ പൂജയിൽ പങ്കെടുക്കാൻ എത്തിയ മഞ്ജു വാര്യരുടെ പഴയ ഫോട്ടോകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂരാണ് തന്റെ ശേഖരത്തിലുള്ള മഞ്ജുവിന്റെ പഴയ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. 2005ൽ ജോഷി സാറിന്റെ സിനിമയുടെ പൂജ സമയത്ത് എടുത്ത മഞ്ജു വാര്യരുടെ കുറച്ച് ഫോട്ടോകൾ എന്നാണ് ജയപ്രകാശ് നൽകിയ ക്യാപ്ഷൻ.
ഏത് സിനിമയുടെ സെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ലയൺ അല്ലെങ്കിൽ ജൂലൈ 4 ഇതിൽ ഏതെങ്കിലും ഒരു സിനിമയാകാനാണ് സാധ്യത എന്നാണ് ആരാധകരുടെ കമന്റുകൾ. യാതൊരു ആഢംബരങ്ങളുമില്ലാത്ത ഒരു തനിനാടൻ ഭാര്യയായിരുന്നു മഞ്ജു അന്ന് എന്നത് ഫോട്ടോകളിൽ നിന്നും വ്യക്തമാണ്.

വീതിയിൽ ഗോൾഡൺ ബോഡറുള്ള കേരള സാരിയായിരുന്നു മഞ്ജു ധരിച്ചിരുന്നത്. വൈൻ നിറത്തിലുള്ള ഹാഫ് സ്ലീവ് ബ്ലൗസാണ് താരം ധരിച്ചിരുന്നത്. കഴുത്തിൽ കരിമണി മാലയും ബ്ലൗസിന് മാച്ചാകുന്ന ഒരു പേളിന്റെ മാലയും അണിഞ്ഞിരുന്നു. പേൾ മാലയുമായി ചേരുന്ന കമ്മലും കയ്യിൽ ഫാൻസി വളകളും ധരിച്ചിരുന്നു. നീളൻ മുടി വിടർത്തിയിട്ട് നെറുകയിൽ നിറയെ സിന്ദൂരവും അണിഞ്ഞ് പൊട്ടിച്ചിരിച്ച് നിൽക്കുന്ന മഞ്ജുവാണ് ഫോട്ടോയിലുള്ളത്.
ഒരു തരത്തിലുള്ള മേക്കപ്പും ഇല്ലാതെ തന്നെ ഫോട്ടോകളിൽ എല്ലാം അതീവ സുന്ദരിയായിരുന്നു താരം. ഇന്നത്തെ മഞ്ജുവിന്റെ മുഖത്തിന് ഈ നിഷ്കളങ്കമായ ഭാവം ഉണ്ടോയെന്ന് സംശയമുണ്ട്. അനുഭവങ്ങൾ കൊണ്ട് അത് ശക്തമായ മുഖമായി മാറി എന്നാണ് ജയപ്രകാശ് പകർത്തിയ നടിയുടെ ഫോട്ടോകൾക്ക് വന്ന കമന്റുകൾ. മീനാക്ഷിക്ക് ജന്മം നൽകിയ ശേഷമുള്ള സമയമായിരുന്നതുകൊണ്ട് തന്നെ തടിച്ച ശരീരമായിരുന്നു അന്ന് മഞ്ജുവിന്.
സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയശേഷമാണ് നടി ഫിറ്റ്നസിന് പ്രാധാന്യം കൊടുത്ത് തുടങ്ങിയത്. ഇന്ന് മലയാള സിനിമയിൽ മാറുന്ന ട്രെന്റിന് അനുസരിച്ച് വസ്ത്രധാരണം നടത്തുന്ന അഭിനേത്രിയാണ് മഞ്ജു. നാൽപ്പത്തിയാറിലും മഞ്ജുവിന് ഇരുപതുകളുടെ ചെറുപ്പവും ഫിറ്റ്നസുമാണെന്നുമാണ് ആരാധകർ പറയാറുള്ളത്.


Click it and Unblock the Notifications