'ആദ്യം മുകേഷിനെ ഇഷ്ടമായിരുന്നില്ല പിന്നെ തമ്മിൽ ഭേദം എന്നതുണ്ടല്ലോ, അദ്ദേഹത്തിന്റെ അനിയത്തിയാണ് സംസാരിച്ചത്'
പതിറ്റാണ്ടുകൾ നീളുന്ന സിനിമാ ജീവിത അനുഭവങ്ങളുമായി രാഷ്ട്രീയ മേഖലയിൽ ചുവടുവെച്ച നടനാണ് മുകേഷ്. മലയാളിക്ക് എക്കാലത്തും പ്രിയപ്പെട്ട ഒരുപിടി സിനിമകളുടെ പട്ടിക പരിശോധിച്ചാൽ അതിൽ മുകേഷ് വേഷമിട്ട ഗോഡ് ഫാദർ, ഇൻ ഹരിഹർ നഗർ, വന്ദനം പോലുള്ള ചിത്രങ്ങൾ ഇല്ലാതെ പോകില്ല. രാഷ്ട്രീയവും സിനിമാ ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന മുകേഷ് തന്റെ അനുഭവങ്ങളും ഓർമകളും പ്രേക്ഷകരുമായി പങ്കിടാൻ ഒരു യുട്യൂബ് ചാനലുമായും സജീവമാണ്. എന്നാൽ അടുത്തിടെയായി നിരവധി വിവാദങ്ങളിൽ കുടുങ്ങി കിടക്കുകയാണ് മുകേഷിന്റെ സ്വകാര്യ ജീവിതം.
രണ്ട് തവണ വിവാഹിതനായിട്ടുള്ള മുകേഷിന്റെ ആദ്യ ഭാര്യ നടിയായ സരിതയായിരുന്നു. കാതോട് കാതോരം, കുട്ടേട്ടൻ, സംഘം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സരിത. ജന്മം കൊണ്ട് ആന്ധ്രാ സ്വദേശിനിയാണെങ്കിലും തമിഴ്, കന്നഡ, മലയാളം ഭാഷകളിലെല്ലാം താരം നായികയായി ഒരു കാലത്ത് തിളങ്ങിയിരുന്നു.

മുകേഷുമായുള്ള വിവാഹത്തിന് ശേഷമാണ് സരിത അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. പിന്നീട് ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ വന്നതോടെ 2011ൽ മുകേഷും സരിതയും വേർപിരിഞ്ഞു. രണ്ട് മക്കളാണ് ഇവർക്ക്. നിലവിൽ മകൻ ശ്രാവണിന് ഒപ്പമാണ് സരിത കഴിയുന്നത്. മുകേഷുമായി വേർപിരിഞ്ഞശേഷം ഗുരുതരമായ ആരോപണങ്ങളാണ് സരിത നടന് എതിരെ ഉന്നയിച്ചത്.
സരിതയുമായി വേർപിരിഞ്ഞ് രണ്ട് വർഷങ്ങൾക്കുശേഷമാണ് മേത്തിൽ ദേവികയെ മുകേഷ് വിവാഹം ചെയ്തത്. എന്നാൽ ആ ബന്ധവും 2021ൽ അവസാനിച്ചു. മുകേഷ് സംഗീത നാടക അക്കാദമി അധ്യക്ഷനായിരിക്കെ ദേവിക അക്കാദമി അംഗമായിരുന്നു. ഈ പരിചയമാണ് വിവാഹത്തിലെത്തിയതെന്നാണ് ഇരുവരുടെയും വിവാഹ സമയത്ത് പ്രചരിച്ച കഥകൾ.
ഇപ്പോഴിതാ ആദ്യം പ്രണയം പറഞ്ഞത് മുകേഷ് ആയിരുന്നുവെന്നും അനിയത്തിയാണ് തന്നോട് ആദ്യം സംസാരിച്ചതെന്നും പറയുകയാണ് മേത്തിൽ ദേവിക. മുകേഷുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിക്കുന്ന സാഹചര്യത്തിലാണ് ദേവികയുടെ പഴയ വീഡിയോ വീണ്ടും വൈറലാകുന്നത്. മുകേഷ് അവതരിപ്പിച്ചിരുന്ന കോമഡി ഷോയായ ബഡായി ബംഗ്ലാവിൽ ഒരിക്കൽ അതിഥിയായി ദേവിക എത്തിയിരുന്നു.
അന്നാണ് പ്രണയകഥ ഇരുവരും വെളിപ്പെടുത്തിയത്. ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത് മുകേഷേട്ടനാണ്. അദ്ദേഹം വൈകാതെ പ്രണയം പറയും എന്നുള്ള സൂചനയൊന്നും എനിക്ക് കിട്ടിയിരുന്നില്ലെന്ന് പറഞ്ഞാണ് ദേവിക സംസാരിച്ച് തുടങ്ങിയത്. ഞങ്ങൾ ഒരു പ്രോഗ്രാമിന് പോയപ്പോഴാണ് ദേവികയോട് പ്രണയം ഞാൻ പറഞ്ഞത്. അന്ന് ഞാൻ വരുന്നത് കണ്ടപ്പോൾ ഗുഡ് മോണിങ് പറയാൻ വരുന്നതാകും എന്നാണ് ദേവിക കരുതിയത്.

പക്ഷെ ഞാൻ നേരെ ചെന്ന് ഇഷ്ടമാണെന്ന് പറഞ്ഞുവെന്ന് മുകേഷ് പറഞ്ഞപ്പോൾ ഇതൊക്കെ ചുമ്മാതെ പറയുന്നതാണെന്നായിരുന്നു ദേവികയുടെ പ്രതികരണം. ഇതിനിടയിൽ മുകേഷ്-ദേവിക പ്രണയത്തിൽ തനിക്കുള്ള റോൾ രമേഷ് പിഷാരടിയും വെളിപ്പെടുത്തി. ഖത്തറിലെ പ്രോഗ്രാമിന് ചേട്ടനെ കൊണ്ടുപോയി ഇതാണ് മേത്തിൽ ദേവികയെന്ന് പരിചയപ്പെടുത്തി കൊടുത്തത് താനാണെന്നും വന്ന വഴി മറക്കരുതെന്നുമാണ് മുകേഷിനോട് പിഷാരടി പറഞ്ഞത്.
താൻ തിരിച്ച് ഇഷ്ടമാണെന്ന് പറയാൻ ഒന്നര വർഷത്തോളം എടുത്തുവെന്നും ദേവിക പറഞ്ഞു. മുകേഷേട്ടന്റെ അനിയത്തിയാണ് അദ്ദേഹത്തിന് എന്നെ ഇഷ്ടമാണെന്ന കാര്യം എന്നോട് ആദ്യം സംസാരിച്ചത്. അന്ന് എനിക്ക് വലിയ ഇഷ്ടമൊന്നും ആയിരുന്നില്ല. പക്ഷെ പിന്നീട്... പ്രത്യക്ഷത്തിൽ ഞങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടെങ്കിൽ പോലും ഒരുപാട് സിമിലാരിറ്റീസുണ്ട്.
പിന്നെ തമ്മിൽ ഭേദം എന്നതുമുണ്ടെന്നും ദേവിക പറഞ്ഞു. ദേവികയെ കാണുമ്പോൾ അധികം സംസാരമൊന്നുമില്ലെന്നും ഒറ്റ ഡയലോഗെയുള്ളുവെന്നും അഭിപ്രായങ്ങൾക്ക് എന്തേലും വ്യത്യാസമുണ്ടോ എന്നതാണ് ആ ഡയലോഗെന്ന് മുകേഷും സരസമായി പറഞ്ഞു.


Click it and Unblock the Notifications











