'മക്കൾക്ക് കൊടുക്കാവുന്ന എല്ലാ സൗകര്യങ്ങളും കൊടുത്തു, അങ്ങനെയാകുമ്പോൾ ഞാൻ നല്ല അച്ഛനും ഭർത്താവുമാണ്'
തിരനോട്ടത്തിലെ കുട്ടപ്പനിൽ നിന്ന് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനിൽ നിന്ന് മലയാളത്തിലെ മഹാനടനായി മാറി കഴിഞ്ഞു ഇന്ന് മോഹൻലാൽ. ഇനി മോഹൻലാലിനെപ്പോലൊരു നടൻ മലയാളത്തിൽ ഉണ്ടാകില്ലെന്നും അദ്ദേഹത്തിന് പകരമാകാൻ ആർക്കും സാധിക്കില്ലെന്നുമാണ് കലയെ സ്നേഹിക്കുന്നവർ പറയാറുള്ളത്. മോഹൻലാലിനെ സ്നേഹിക്കുന്നത് പോലെ തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബത്തെയും മലയാളികൾ സ്നേഹിക്കുന്നത്. മോഹൻലാലും ഭാര്യ സുചിത്രയും മക്കളായ പ്രണവും വിസ്മയയും കൂടി ചേരുന്നതാണ് അവരുടെ കുടുംബം.
പ്രണവ് മോഹൻലാൽ അച്ഛന്റെ വഴിയെ സിനിമയിലേക്കെത്തിയപ്പോൾ വിസ്മയ എഴുത്തിന്റെ ലോകം തിരഞ്ഞെടുത്തു. രണ്ടുപേരും കൂടുതൽ വിദേശത്താണ് താമസം. ഒരാൾ പഠനവുമായും മറ്റൊരാൾ യാത്രകളുമായും. പ്രണയവിവാഹമെന്ന് പൂർണമായും വിളിക്കാൻ സാധ്യമല്ലെങ്കിലും ഒരു ഇഷ്‌ടത്തിൽ നിന്നുള്ള തുടക്കമാണ് സുചിത്രയുമായുള്ള മോഹൻലാലിന്റെ വിവാഹ ബന്ധത്തിൽ എത്തിയത്.

വിവാഹം വരെ ആ ബന്ധം എത്താൻ നിമിത്തമായത് ചലച്ചിത്ര നിർമാതാവ് പി.വി ഗംഗാധരനും. മുപ്പത്തിയഞ്ച് വർഷം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരുടേതും. 1988ലായിരുന്നു മോഹൻലാൽ-സുചിത്ര വിവാഹം നടന്നത്. തമിഴിലെ സിനിമാ കുടുംബവും മലയാളത്തിന്റെ സൂപ്പർസ്റ്റാറും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്.
ഏത് യാത്രയിലും ലാലിനൊപ്പം സുചിത്രയുമുണ്ടാകും. മക്കൾ രണ്ടുപേരും പഠനവും യാത്രയുമായി തിരക്കിലായതിനാൽ ലാലും സുചിത്രയും ഒരുമിച്ചാണ് യാത്രകളെല്ലാം. അമ്മ മാത്രമാണ് മോഹൻലാലിന് സ്വന്തമായുള്ളത്. അച്ഛനേയും ചേട്ടനേയും മോഹൻലാലിന് നേരത്തെ നഷ്ടപ്പെട്ടതിനാൽ അമ്മയോട് അതിയായ സ്നേഹമാണ് താരത്തിന്.
അമ്മയെ കുറിച്ച് സംസാരിച്ച് തുടങ്ങുമ്പോൾ തന്നെ മോഹൻലാലിന്റെ കണ്ണുകൾ നിറയും. എത്രയൊക്കെ തിരക്കുകൾ വന്നാലും അമ്മയ്ക്കൊപ്പം ചിലവഴിക്കാൻ ലാൽ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖ ബാധിതയായി കിടപ്പിലാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി. മറ്റുള്ള താരങ്ങളെപ്പോലെ മക്കളോടും ഭാര്യയോടുമുള്ള സ്നേഹം പരസ്യമായി കാണിക്കുകയോ അതേ കുറിച്ച് സംസാരിക്കാൻ തയ്യാറാവുകയോ ചെയ്യാത്ത ഒരാളാണ് മോഹൻലാൽ.
എല്ലാവരോടും ആവശ്യമായ ഡിറ്റാച്ച്മെന്റ് സൂക്ഷിച്ചാണ് താൻ സ്നേഹം പ്രകടിപ്പിക്കാറ് എന്നുള്ളത് മോഹൻലാൽ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. അധികം അറ്റാച്ച്ഡായാൽ താൻ സ്നേഹിക്കുന്നവർക്കുണ്ടാകുന്ന വേദനകൾ സഹിക്കാൻ പറ്റാത്തതുകൊണ്ടായിരിക്കാം താൻ അങ്ങനെ പെരുമാറുന്നതെന്നാണ് മോഹൻലാൽ ഒരിക്കൽ പറഞ്ഞത്.

ഇപ്പോഴിതാ ജോണി ലൂക്കോസിന് നൽകിയ പഴയൊരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മോഹൻലാൽ നല്ലൊരു മകനാണോ? നല്ലൊരു അച്ഛനാണോ? നല്ലൊരു ഭർത്താവാണോ? എന്നായിരുന്നു ജോണി ലൂക്കോസിന്റെ ചോദ്യം. കുറിക്കുകൊള്ളുന്ന മറുപടിയാണ് ലാൽ തിരികെ നൽകിയത്.
'നല്ലൊരു ഭർത്താവ് ഇങ്ങനെയാകണം... നല്ലൊരു മകൻ ഇങ്ങനെയാകണം... നല്ലൊരു അച്ഛൻ ഇങ്ങനെയാകണം എന്നൊക്കെ എവിടെയാണ് എഴുതി വെച്ചിരിക്കുന്നത്..? അങ്ങനെയുള്ള നിയമങ്ങളിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. എന്റെ മക്കൾക്ക് കൊടുക്കാവുന്ന എല്ലാ സൗകര്യങ്ങളും ഞാൻ കൊടുക്കുന്നുണ്ട്. അവർക്ക് കൊടുക്കാവുന്നത് അവരെ പഠിപ്പിക്കുക എന്നതാണ്.'
'അല്ലാതെ ഭയങ്കരമായ പ്രത്യേക സ്നേഹപ്രകടനങ്ങൾ ഞാൻ മനപൂർവം ചെയ്യാറില്ല. അതുപോലെ തന്നെയാണ് എന്റെ കുടുംബത്തോടും. ഞാൻ ചെയ്യുന്ന പ്രവൃത്തികൾ അവർക്ക് ദോഷകരമല്ലാത്ത രീതിയിലുള്ളതാണ്. അവരെ ഞാൻ നന്നായിട്ട് നോക്കുന്നുമുണ്ട്. ഞാൻ എന്റെ ജോലിയും ചെയ്യുന്നു. അത്തരത്തിൽ ചിന്തിക്കുമ്പോൾ ഞാൻ നല്ല ഭർത്താവും നല്ല അച്ഛനുമാണ്', എന്നാണ് മോഹൻലാൽ മറുപടിയായി പറഞ്ഞത്.
വ്യക്തവും കൃത്യവുമായ മോഹൻലാലിന്റെ മറുപടിയെ നിരവധി പേരാണ് വീഡിയോ വൈറലായോതോടെ പ്രശംസിച്ചത്. പ്രണവ് മോഹൻലാലിപ്പോൾ വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്.


Click it and Unblock the Notifications











