'വിവാഹിതനായിട്ടും തബുവുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല'; ഹൈദരാബാദിൽ വന്നാൽ താമസം നാഗാർജുനയുടെ വസതിയിൽ?
അന്നും ഇന്നും തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നായക നടനാണ് നാഗാർജുന അക്കിനേനി. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ നടനെ ആരാധിക്കുന്നു. പ്രണയാഭ്യർത്ഥനകൾ വേറെയും. എത്ര യുവതാരങ്ങൾ വന്നാലും പ്രായം അറുപത് പിന്നിട്ടുവെങ്കിലും നാഗാർജുനയോടുള്ള ആരാധനയിൽ കുറവൊന്നും വന്നിട്ടില്ല. ഇപ്പോഴും നടന്റെ റൊമാന്റിക്ക് ഇമേജ് ഇഷ്ടപ്പെടുന്ന ഒരു വിഭാഗമുണ്ട്.
ഏത് നായികയ്ക്കൊപ്പം അഭിനയിച്ചാലും അസാധ്യ കെമിസ്ട്രി വർക്ക് ചെയ്ത് എടുക്കുന്ന നടൻ കൂടിയാണ് നാഗാർജുന. നായകനായി തിളങ്ങി നിന്നിരുന്ന കാലത്ത് തന്നെ നിരവധി ഗോസിപ്പുകൾ കോളങ്ങളിൽ ഇടംപിടിച്ചിട്ടുള്ള നടൻ കൂടിയാണ് നാഗാർജുന. നടന്റെ പേരിൽ വന്നിട്ടുള്ളതിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒന്ന് ബോളിവുഡ് സുന്ദരി തബുവുമായുള്ള അടുപ്പമായിരുന്നു.

ഒരുമിച്ച് സിനിമകൾ ചെയ്തശേഷം ഇരുവരും പ്രണയത്തിലായി എന്നാണ് ഒരു കാലത്ത് പ്രചരിച്ചിരുന്നത്. ഒരു സമയത്ത് നാഗാർജുന-തബു ജോഡിക്ക് ആരാധകർ ഏറെയായിരുന്നു. നിന്നെ പെല്ലഡാറ്റ, സിസിദ്രി എന്നിവയാണ് ഇരുവരും ജോഡികളായി അഭിനയിച്ചതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമകൾ. ഈ രണ്ട് സിനിമകളിലേയും താരങ്ങളുടെ ഓൺസ്ക്രീൻ കെമിസ്ട്രി കണ്ട് ഇരുവരും യഥാർത്ഥത്തിൽ പ്രണയത്തിലാണോയെന്ന് സംശയിച്ച് പോകും.
മാത്രമല്ല ഒരുമിച്ച് അഭിനയിച്ചശേഷം ഇരുവർക്കും ഇടയിൽ നല്ലൊരു സൗഹൃദം ഉടലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരുവരും തമ്മിൽ സൗഹൃദം മാത്രമല്ലെന്ന് അതിനും അപ്പുറത്തേക്ക് ഒരു ബന്ധം ഇരുവരും തമ്മിലുണ്ടെന്നുമാണ് അന്ന് തെലുങ്ക് സിനിമ മേഖലയിൽ പ്രചരിച്ചിരുന്നത്.
തബുവുമായി ചേർത്ത് നാഗാർജുനയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറയുമ്പോൾ താരം താരം വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു. ഒരിക്കൽ തന്നേയും തബുവിനേയും ചേർത്ത് പ്രചരിച്ച കഥകളിൽ എന്താണ് നുണ, സത്യമെന്ന് നാഗാർജുന തന്നെ വെളിപ്പെടുത്തിയിരുന്നു. താനും തബുവും തമ്മിൽ സൗഹൃദത്തിന് അപ്പുറത്തേക്ക് ഒന്നുമില്ലെന്നാണ് നടൻ അന്ന് അഭിമുഖത്തിൽ ആവർത്തിച്ച് പറഞ്ഞത്. എനിക്ക് തബുവുമായി നല്ല ബന്ധമുണ്ട്.
എന്നേക്കാൾ കൂടുതൽ അവരോട് എന്റെ കുടുംബത്തിനാണ് അടുപ്പം. തബു ഒരു ഹൈദരാബാദുകാരിയാണ്. ഇവിടെ ജനിച്ച് വളർന്ന കുട്ടിയാണ്. ഞാനും ഹൈദരാബാദിലാണ് വളർന്നത്. ഞങ്ങൾക്കിടയിൽ നല്ല സൗഹൃദമുണ്ട്. തബു ജോലി ആവശ്യങ്ങൾക്കായി ഹൈദരാബാദിലേക്ക് വരുമ്പോഴെല്ലാം എന്റെ വീട്ടിലാണ് താമസിക്കാറുള്ളത്.

എന്റെ ഭാര്യ അമലയാണ് അവർക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കുന്നത്. അച്ഛൻ ഉണ്ടായിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം വന്നും തബു ഞങ്ങൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുമായിരുന്നു. എല്ലാവരോടും സന്തോഷത്തോടെ സംസാരിക്കുമായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങും വരെ അവർ ഞങ്ങളോടൊപ്പമാണ് തങ്ങാറ്. ഇതാണ് എന്റെയും തബുവിന്റെയും ബന്ധം. ഞങ്ങൾ ഉറ്റ സുഹൃത്തുക്കൾ മാത്രമാണ്. ഞാനുമായുള്ള പ്രണയം തകർന്നതുകൊണ്ടാണ് തബു വിവാഹം കഴിക്കാൻ താൽപ്പര്യം കാണിക്കാത്തതെന്ന തരത്തിൽ വരെ ധാരാളം കിംവദന്തികൾ ഉണ്ടായിരുന്നു.
പക്ഷെ അതിൽ സത്യമില്ല. ഇതെല്ലാം വെറും കിംവദന്തികൾ മാത്രമാണ്. തബു എന്റെ ഒരു നല്ല സുഹൃത്താണ്. അതിൽ കൂടുതലൊന്നുമില്ല. തബു എന്താണ് വിവാഹം കഴിക്കാത്തതെന്ന് ചോദിച്ചാൽ തുടക്കം മുതൽ അവർക്ക് വിവാഹത്തിൽ താൽപ്പര്യമില്ലായിരുന്നു. വിവാഹം കഴിക്കില്ലെന്ന് തബു തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications