രശ്മികയ്ക്ക് കിട്ടിയത് ഒരു മാണിക്യത്തിനെ; വിജയിയുടെ ആ മുഖം ആർക്കും അറിയില്ല, ഞാനും അതിശയിച്ചുപോയി; സാമന്ത
ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് ആയിരുന്നു എല്ലാവരും ആഘോഷമാക്കിയ വിജയ് ദേവരകൊണ്ട രശ്മിക മന്ദാന വിവാഹം. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഉദയ്പൂരിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. മില്യൺ കണക്കിന് ലൈക്ക്സാണ് വിവാഹ ചിത്രങ്ങൾ ലഭിച്ചത്. രാജകീയമായ നടന്ന വിവാഹത്തിനായി കോടികളാണ് ഇരുവരും പൊടിച്ചത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഒരുമിച്ച് സിനിമകൾ ചെയ്തശേഷം താരങ്ങൾ സൗഹൃദത്തിലാവുകയും പിന്നീട് അത് പ്രണയമായി മാറുകയുമായിരുന്നു. അർജുൻ റെഡ്ഡിയുടെ റിലീസിനുശേഷമാണ് വിജയ് ദേവരകൊണ്ടയ്ക്ക് കേരളത്തിലും ആരാധകരുണ്ടായത്.

സംസാരപ്രിയനൊന്നുമല്ല താരം. എല്ലായിടത്തും സൗമ്യനും ശാന്തപ്രകൃതക്കാരനുമായാണ് വിജയിയെ പ്രേക്ഷകർ കണ്ടിട്ടുള്ളത്. അതൊന്നും ക്യാമറയ്ക്ക് വേണ്ടിയോ ജനങ്ങളെ കയ്യിലെടുക്കാനോ വേണ്ടി ചെയ്യുന്നതല്ലെന്നും യഥാർത്ഥത്തിൽ താരം ഒരു സോഫ്റ്റ് പേഴ്സൺ ആണെന്നും പറയുകയാണ് നടി സാമന്ത. രണ്ട് വർഷം മുമ്പ് ഖുഷി എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
അന്ന് നൽകിയ ഒരു അഭിമുഖത്തിലാണ് ആരാധകർക്ക് സുപരിചിതനല്ലാത്ത വിജയിയെ കുറിച്ച് സാമന്ത വെളിപ്പെടുത്തിയത്. യാതൊരു ദുശീലങ്ങളും വിജയിക്കില്ല. ഞാനും ആദ്യം ഇത് അറിഞ്ഞപ്പോൾ അതിശയിച്ചുപോയി. എന്ത് പാർട്ടി നടന്നാലും ഒരു ചെറിയ ഗ്ലാസ് വൈനും സിപ്പ് ചെയ്ത് മണിക്കൂറുകളോളം വിജയ് ചിലവഴിക്കും. അതുപോലും എല്ലാവരും നിർബന്ധിക്കുന്നതുകൊണ്ട് സോഷ്യലൈസ് ചെയ്യുന്നതിന്റെ ഭാഗമായും കഴിക്കുന്നതാണ്.
അത് അല്ലാതെ മറ്റൊരു ദുശീലവുമില്ല. ആർക്കും ഇതൊന്നും അറിയില്ല. അതുപോലെ വീട്ടിൽ തന്നെയാണ് മുഴുവൻ സമയവും ചിലവഴിക്കുന്നത്. പുറത്ത് പോകാറേയില്ല. പുറത്ത് ആളുകൾ എന്താണോ വിജയ് ദേവരകൊണ്ടയെ കുറിച്ച് ചിന്തിക്കുന്നത്... അതിന് നേരെ ഓപ്പോസിറ്റാണ് വിജയിയുടെ വ്യക്തിത്വം. വളരെ സോഫ്റ്റ് മനുഷ്യനാണ്. ഫാമിലി ബോയിയാണ്. ഇതെല്ലാം കേട്ട് കഴിയുമ്പോൾ പെൺകുട്ടികളുടെ മാതാപിതാക്കൾ പ്രപ്പോസലുമായി വിജയിയെ സമീപിക്കാൻ സാധ്യതയുണ്ട് എന്നുമാണ് സാമന്ത പറഞ്ഞത്.
സിനിമയിൽ അഭിനയിക്കുന്നുവെന്നതുകൊണ്ട് മദ്യപാനം ഇല്ലാത്തതല്ലെന്ന് വിജയിയും കൂട്ടിച്ചേർത്തു. വിരോഷ് വിവാഹ വാർത്ത പുറത്ത് വന്നശേഷമാണ് പഴയ വീഡിയോ ആരാധകർ വീണ്ടും കുത്തിപൊക്കിയത്. രശ്മികയ്ക്ക് കിട്ടിയത് ഒരു മാണിക്യത്തിനെയാണെന്നാണ് വൈറൽ വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.

അതേ അഭിമുഖത്തിൽ രണ്ടര വർഷത്തിനുശേഷം വിവാഹം ഉണ്ടാകുമെന്ന് നടൻ പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ഇന്റർവ്യൂ നൽകി രണ്ടര വർഷങ്ങൾ പൂർത്തിയായപ്പോഴായിരുന്നു നടന്റെ വിവാഹം. വിരോഷ് വിവാഹ ആഘോഷങ്ങൾ അവസാനിച്ചിട്ടില്ല. ആരാധകരുടെ പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം മധുര വിതരണവും ക്ഷേത്രങ്ങളിൽ അന്നദാനവും നടത്താൻ തീരുമാനിച്ചിട്ടുണ്ട് നവദമ്പതികൾ.
മാർച്ച് ഒന്നിന് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ മധുരം വിതരണം ചെയ്യാൻ ട്രക്കുകൾ പുറപ്പെടുമെന്ന് സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റുകളിലൂടെയാണ് ഇരുവരും അറിയിച്ചത്. കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം മധുരവുമായി പ്രത്യേക ട്രക്കുകൾ എത്തും.
കൂടാതെ കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ആസാ, ഉത്തർപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ 16 പ്രധാന ക്ഷേത്രങ്ങളിൽ അന്നദാനവും നടത്തും. ആദ്യമായാകും ഇത്തരത്തിൽ ഒരു ആഘോഷം തെന്നിന്ത്യയിലെ ഏതെങ്കിലും താരദമ്പതികൾ നടത്തുന്നത്.
2018ലാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ഗീത ഗോവിന്ദം എന്ന ചിത്രത്തിലെ ഇവരുടെ കെമിസ്ട്രി ഏറെ ശ്രദ്ധനേടുകയും ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. പിന്നീട് ഡിയർ കോമ്രേഡ് എന്ന സിനിമയിലും ഇരുവരും ജോഡികളായി.


Click it and Unblock the Notifications

















