'ഡോ.റോയ് മമ്മൂട്ടിക്കായി എഴുതിയ കഥാപാത്രം... ഇതിൽ മോഹൻലാൽ തന്നെയാണ് നല്ലതെന്നാണ് റിലീസിനുശേഷം പറഞ്ഞത്'
തൈപ്പറമ്പിൽ അശോകനെയും അരശുംമൂട്ടിൽ അപ്പുക്കുട്ടനേയും റിംപോച്ചയേയും മലയാളത്തിന് സമ്മാനിച്ച സംഗീത് ശിവൻ വേർപാട് സിനിമാപ്രേമികൾക്ക് ഞെട്ടലുണ്ടാക്കിയ വാർത്തയാണ്. സംവിധായകന്റെ പേര് എഴുതി കാണിക്കുമ്പോൾ തന്നെ ഒരു കാലത്ത് സിനിമാപ്രേമികൾ രോമാഞ്ചം അനുഭവിച്ചിട്ടുണ്ടെങ്കിൽ ആ പേര് സംഗീത് ശിവൻ എന്നായിരിക്കണം. ഇന്നും റിപ്പീറ്റ് വാല്യുവോടെ മലയാളികൾ കാണുന്ന ഒരുപിടി സിനിമകൾ സംഗീത് ശിവന്റെ സംഭാവനയാണ്. വ്യൂഹവും യോദ്ധയും ഗാന്ധർവവും നിർണയവുമെല്ലാം ക്ലാസിക്ക് സിനിമകളായാണ് മലയാളികൾ പരിഗണിക്കുന്നത്.
സംഗീത് ശിവൻ-മോഹൻലാൽ കൂട്ടുകെട്ടിൽ വന്നതിൽ ഏറ്റവും കൂടുതൽ ചർച്ചയായിട്ടുള്ള സിനിമയാണ് നിർണ്ണയം. മോഹൻലാലിന്റെ മികച്ച പത്ത് ചിത്രങ്ങൾ എടുത്താൽ അതിൽ നിർണ്ണയവും ഡോ.റോയ് എന്ന കഥാപാത്രവും ഉണ്ടാകും. ഡോ.റോയ് എന്ന കഥാപാത്രമായി മോഹൻലാലിനെ അല്ലാതെ മറ്റൊരു നടനേയും മലയാളികൾക്ക് സങ്കൽപ്പിക്കാനാവില്ല.

പക്ഷെ നിർണയത്തിൽ ഡോ.റോയിയായി അഭിനിക്കാനിരുന്നത് മമ്മൂട്ടിയായിരുന്നു. ഇക്കാര്യം മുമ്പൊരിക്കൽ സംഗീത് ശിവൻ തന്നെ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. സംഗീത് ശിവന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... നിർണയം സിനിമയിൽ ഗംഭീരപ്രകടനമാണ് മോഹൻലാൽ കാഴ്ചവെച്ചതെന്ന് ഞാൻ പറയും. കാരണം ഡോക്ടർ റോയ് എങ്ങനെയാകണോ അതായിരുന്നു മോഹൻലാൽ.
പക്ഷെ അതിന് പിന്നിൽ ഒരു കാര്യമുണ്ട്. ആദ്യം ഡോക്ടറിന്റെ വേഷത്തിൽ ഞങ്ങൾ തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു. അദ്ദേഹത്തിന് അന്ന് തിരക്കുള്ള സമയവും. കുറച്ചുനാൾ അദ്ദേഹത്തിനായി കാത്തിരുന്നു. പക്ഷെ ഡേറ്റ് തരപ്പെടാതെ വന്നപ്പോഴാണ് മോഹൻലാലിനെ നിശ്ചയിച്ചത്. മമ്മൂട്ടിയായിരുന്നു ഡോക്ടർ റോയിയെങ്കിൽ സിനിമയിൽ വളരെ മാറ്റങ്ങളുണ്ടാകുമായിരുന്നു.
വളരെ സീരിയസായിരുന്നു മമ്മൂട്ടിക്കായി ഞാനും ചെറിയാൻ കൽപകവാടിയും ചേർന്ന് എഴുതിയ കഥാപാത്രം. പിന്നീട് മോഹൻലാലിന് വേണ്ടി തിരക്കഥ ഏറെക്കുറെ മാറ്റി എഴുതി. ഹ്യൂമറും റൊമാൻസും കൂടുതൽ ഉൾപ്പെടുത്തി. സിനിമ പുറത്തിറങ്ങിയതിനുശേഷം ആദ്യം വിളിച്ചത് മമ്മൂട്ടിയാണ്. നല്ല സിനിമയാണ്.... ഇതിൽ അവൻ തന്നെയാണ് നല്ലത് എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ തിരക്കഥ മാറ്റിയ വിവരമൊന്നും അദ്ദേഹത്തിന് അറിയില്ലല്ലോ.
എന്തായാലും ആ അഭിനന്ദനം എനിക്ക് വലിയ സന്തോഷമായി. ഒരു ടെൻഷൻ ഒഴിവായല്ലോ. സിനിമയിലെ ഓപ്പറേഷൻ രംഗങ്ങളിലൊക്കെ മുഖത്തിനെക്കാൾ കൂടുതൽ കൈകളായിരുന്നു കാണിച്ചത്. മോഹൻലാലിന്റെ കൈകളുടെ ചലനം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഒരു പ്രഫഷനൽ ഡോകടറുടേതുപോലെ. അഭിനയമാണോ ജീവിതമാണോയെന്ന് വേർതിരിക്കാനായില്ല.

ഒരിക്കലും നമ്മളെ സമ്മർദത്തിലാക്കാത്ത നടനാണ് അദ്ദേഹം. അത് ആദ്യ ചിത്രമായ യോദ്ധയിൽ തന്നെ എനിക്ക് അനുഭവിക്കാനായതാണ്. സിനിമയിൽ ഒരു കാർ വന്നിടിക്കുന്ന രംഗമുണ്ട്. അതിന് വ്യത്യസ്തമായ ഒരു കാർ വേണം. അതിനായി പലയിടത്തും അലഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം സിനമയുടെ നിർമാതാവും മോഹൻലാലിന്റെ ഭാര്യാസഹോദരനുമായ സുരേഷ് ബാലാജിയുടെ വീട്ടിലേക്ക് ഞങ്ങൾ പോയി.
അവിടെ ചെന്നപ്പോൾ ഒരു പൊടി പിടിച്ച കാർ കണ്ടു. നോക്കുമ്പോൾ ഞാൻ തിരയുന്ന അതേ കാർ. ഉടനെ തന്നെ മോഹൻലാൽ അത് എടുക്കാമെന്ന് പറഞ്ഞു. അവസാനം ആ കാർ സിനിമയിലെ ഒരു കഥാപാത്രം തന്നെയായി. ബോക്സ് ഓഫീസ് ഹിറ്റ് എന്നതിലുപരി ടെക്നിക്കലി ഹിറ്റ് സിനിമയായിരുന്നു നിർണയം. കാരണം അന്നുവരെ പരീക്ഷിക്കാത്ത കാമറ ആംഗിളുകളാണ് ആ സിനിമയിൽ ഉപയോഗിച്ചത്.
സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ഞങ്ങൾ പല പരീക്ഷണങ്ങളും നടത്തി. ആദ്യമായാണ് വൈഡ് ലെൻസ് ഉപയോഗിച്ച് മോഹൻലാലിനെപ്പോലെ ഒരു താരപദവി ഉള്ളയാളെ ഷൂട്ട് ചെയ്യുന്നത്. അത് വിജയം കണ്ടു. കലാസംവിധാനവും പശ്ചാത്തല സംഗിതവും വേറിട്ടതും മികച്ചതുമായിരുന്നുവെന്ന അഭിപ്രായവും ഉണ്ടായി എന്നാണ് സംഗീത് ശിവൻ നിർണയം സിനിമയെ കുറിച്ചുള്ള ഓർമകൾ പങ്കിട്ട് മുമ്പൊരിക്കൽ പറഞ്ഞത്.


Click it and Unblock the Notifications











