'ലിവിങ് റിലേഷനുണ്ടായാൽ സ്ത്രീ പോക്ക് കേസ്! ആണുങ്ങളോ...?'; മൈഥിലിയെ കളിയാക്കിയവർക്ക് മറുപടിയുമായി ആരാധകൻ!
പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ നായികയാണ് മൈഥിലി. സോൾട്ട് ആന്റ് പെപ്പറടക്കം നിരവധി സിനിമകൾ ചെയ്തിട്ടുള്ള താരം അടുത്തിടെയാണ് വിവാഹിതയായത്. വളരെ രഹസ്യമായി കൊട്ടിഘോഷമൊന്നുമില്ലാതെയാണ് വിവാഹം നടന്നത്.
ആർകിടെക്ടായ സമ്പത്താണ് മൈഥിലിയുടെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടന്നത്.
ശേഷം സിനിമാ സുഹൃത്തുക്കൾക്കായി കൊച്ചിയിൽ വിവാഹ സൽക്കാരവും മൈഥിലി ഒരുക്കിയിരുന്നു. മൈഥിലിയുടെ വിവാഹ ചിത്രങ്ങൾ വൈറലായപ്പോൾ നിരവധി നെഗറ്റീവ് കമന്റുകളും ലഭിച്ചിരുന്നു. മൈഥിലിയുടെ മുൻകാല ജീവിതവും മൈഥിലിയുടെ സ്വഭാവ ശുദ്ധിയും ചോദ്യം ചെയ്യുന്ന, ചർച്ച ചെയ്യുന്ന സദാചാര ആങ്ങളമാരുടേയും പെങ്ങമ്മാരുടേയും കമന്റുകളായിരുന്നു ഏറെയും.
മൈഥിലിയെ പരിഹസിച്ചുള്ള കമന്റുകൾ വർധിച്ചതോടെ വിഷയത്തിൽ ഇടപെട്ട് സിനിമാ പ്രേക്ഷകരിൽ ഒരാൾ സോഷ്യൽമീഡിയയിൽ എഴുതിയ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

വിവാഹത്തിന് മുമ്പ് ലിവിങ് റിലേഷനുണ്ടാകുന്നത് സ്ത്രീകൾ ചെയ്യുമ്പോൾ മാത്രം മാപ്പർഹിക്കാത്ത പാപമായി തീരുന്നതെങ്ങനെയാണ് എന്നാണ് കുറിപ്പിലൂടെ സദാചാര കമന്റുകൾ കുറിച്ചവരോട് ആരാധകൻ ചോദിച്ചത്.
കുറിപ്പ് ഇങ്ങനെയായിരുന്നു. 'മൈഥിലിയുടെ വിവാഹം കഴിഞ്ഞുവെന്ന വാർത്തക്ക് താഴെ സോ കോൾഡ് പ്രബുദ്ധ മലയാളികളുടെ അഭിപ്രായ പ്രകടനങ്ങളാണ്. അതായത് ഇവരുടെ അഭിപ്രായത്തിൽ ഒരു സ്ത്രീക്ക് ഒന്നിൽ കൂടുതൽ റിലേഷനുകൾ ഉണ്ടാകാൻ പാടില്ല (ആണുങ്ങൾക്ക് ആകാം അത് macho പരിവേഷമാണ്) സ്ത്രീകൾ ലിവിങ് റിലേഷനിൽ ഇരുന്നാൽ അവർ പോക്ക് കേസാണ് (പ്രത്യേകിച്ച് സിനിമ നടികൾ, നടന്മാർക്ക് ബാധകം അല്ല).'

'സ്ത്രീകൾ ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് കഴിഞ്ഞാൽ അവനെ തന്നെ വിവാഹം ചെയ്യണം. അതിന് പുറത്ത് വന്ന് വേറെ ആരെയെങ്കിലും വിവാഹം ചെയ്താൽ ഞങ്ങൾ ദേ ഇങ്ങനെ ഒക്കെ പറയും... (ഇതും ആണുങ്ങൾക്ക് ബാധകം അല്ല) സ്വന്തം മകൾക്കൊപ്പമുള്ള പടം പ്രൊഫൈൽ പിക്ച്ചറാക്കിയ സാധനങ്ങളാണ് ദേ ഇതൊക്കെ വന്ന് തട്ടി വിടുന്നത്' എന്നായിരുന്നു കുറിപ്പ്.
നിരവധി പേർ പോസ്റ്റിനെ അനുകൂലിച്ച് രംഗത്തെത്തി. നടിമാർ വിവാഹമോചനം നടത്തുമ്പോഴും പുനർ വിവാഹിതയാകുമ്പോഴുമെല്ലാം ഇത്തരത്തിലുള്ള സദാചാര കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. അതിന് ഇരയായ പുതിയ ആളാണ് നടി മൈഥിലി. മൈഥിലിയുടേത് പ്രണയ വിവാഹമായിരുന്നു.

മരത്തിന്റെ മുകളിൽ വച്ചാണ് ആദ്യമായി പ്രണയം പരസ്പരം പങ്കുവെച്ചതെന്ന് സമ്പത്തിനെ കുറിച്ച് മൈഥിലി വിവാഹശേഷം വെളിപ്പെടുത്തിയിരുന്നു.
'സമ്പത്ത് ഒരു ട്രീ ഹൗസ് നിർമിക്കുന്ന സമയത്ത് വസ്തു എടുക്കുന്നതിന്റെ ആവശ്യത്തിനായി ഞാനും അമ്മയും അതേ സ്ഥലത്ത് പോയി. അവിടെ വെച്ചാണ് സമ്പത്തിനെ പരിചയപ്പെടുന്നതും പിന്നീട് സൗഹൃദയം പ്രണയത്തിലേക്ക് മാറിയതും. രണ്ട് കുടുംബങ്ങളുടേയും പിന്തുണയോടെ ലവ് കം അറേഞ്ച്ഡ് മാരേജായാണ് നടന്നത്' മൈഥിലി പറഞ്ഞു.

മൈഥിലിക്ക് ഇഷ്ടമുണ്ടെങ്കിൽ സിനിമയിൽ അഭിനയിക്കുന്നത് തുടരുമെന്നും അതിനൊരിക്കലും താൻ എതിരല്ലെന്നും സമ്പത്ത് വ്യക്തമാക്കിയിരുന്നു. ബ്രെറ്റി ബാലചന്ദ്രനെന്നാണ് മൈഥിലിയുടെ യഥാർഥ പേര്.
പത്തനംതിട്ട കോന്നി സ്വദേശിയാണ് താരം. കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് മൈഥിലിയുടെ ശ്രദ്ധേയ ചിത്രങ്ങൾ.
ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനെത്താനുള്ള സിനിമ.


Click it and Unblock the Notifications