പ്രതിഫലത്തിൽ വിട്ടുവീഴ്ച ചെയ്യില്ല; പ്രിയ വാര്യരുടെ അവസരങ്ങൾ ഇല്ലാതാക്കുന്നത് കടുംപിടുത്തം, പ്രതികരിച്ച് നടി!
യുവനടി പ്രിയ വാര്യർ മലയാള സിനിമയിൽ അരങ്ങേറിയത് ഒമർ ലുലുവിന്റെ ഒരു അഡർ ലവ്വിലൂടെയാണ്. മലയാളത്തിൽ സിനിമകൾ ചെയ്യുന്നതിൽ സെലക്ടീവാണ് താരം. ഒരു അഡർ ലവ് ഒട്ടും പ്രതീക്ഷിക്കാത്തൊരു ഫെയിമാണ് പ്രിയയ്ക്ക് നൽകിയത്. ഒറ്റ രാത്രികൊണ്ട് ഒരു കണ്ണിറുക്കലിലൂടെ നാഷണൽ സെൻസേഷനായി മാറി. പെട്ടന്നുണ്ടായ ഫെയിം നടിയുടെ കരിയറിന് ഗുണവും ദോഷവും ചെയ്തിട്ടുണ്ട്. സിനിമ മോഹം കുട്ടിക്കാലം മുതൽ മനസിൽ ഉണ്ടായിരുന്നുവെങ്കിലും താൻ പ്രതീക്ഷിച്ചതുപോലൊരു ഫെയിമല്ല തനിക്ക് കിട്ടിയതെന്ന് പലപ്പോഴായി പ്രിയ പറഞ്ഞിട്ടുണ്ട്.
മലയാളത്തിനേക്കാൾ അവസരങ്ങൾ പ്രിയയ്ക്ക് തമിഴിൽ നിന്നും മറ്റ് ഭാഷ ഇന്റസ്ട്രികളിൽ നിന്നുമാണ് ലഭിക്കുന്നത്. കൂടാതെ മോഡലിങിലും സജീവമാണ്. ഇപ്പോഴിതാ തന്നെ കുറിച്ച് ആളുകൾക്കുള്ള ഒരു മിഥ്യ ധാരണയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പ്രിയ വാര്യർ.

ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. പ്രതിഫലത്തിന്റെ കാര്യത്തിൽ താൻ വിട്ടുവീഴ്ച ചെയ്യാറില്ലെന്നും വലിയ ശമ്പളം താൻ ചോദിക്കുമെന്നുള്ള റൂമർ ഇന്റസ്ട്രിയിലാകെ ഉണ്ടെന്നും താരം പറയുന്നു. തന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് ആളുകൾക്കുള്ള തെറ്റിദ്ധാരണയ്ക്ക് മറുപടിയും പുതിയ അഭിമുഖത്തിൽ പ്രിയ വാര്യർ നൽകി. പ്രതിഫലത്തിൽ ഞാൻ വിട്ടുവീഴ്ച ചെയ്യില്ലെന്ന തെറ്റിദ്ധാരണ എല്ലാവർക്കമുണ്ട്.
പ്രിയ ഭയങ്കരമായി പ്രതിഫലം ചാർജ് ചെയ്യുന്ന ആളാണെന്ന് ഈ അടുത്ത് ഒന്ന്, രണ്ടുപേർ പറഞ്ഞ് ഞാൻ അത് കേൾക്കുകയും ചെയ്തു. ഞാൻ തിരിച്ച് ചോദിക്കുകയും ചെയ്തു... ഞാൻ എത്ര ചാർജ് ചെയ്യുന്നുവെന്നാണ് ചേട്ടൻ കേട്ടതെന്ന്. ഇത്രയധികം പണം ഞാൻ പ്രതിഫലമായി വാങ്ങുന്നുണ്ടായിരുന്നുവെങ്കിൽ ദുബായിലോ മറ്റൊ പോയി ഞാൻ സെറ്റിലാവായിരുന്നല്ലോ.
എന്നെ അത്രയധികം ആകർഷിച്ച സബ്ജക്ടാണെങ്കിൽ ചേട്ടാ... ഞാൻ ഫ്രീയായിട്ട് വന്ന് ചെയ്യാൻ റെഡിയാണെന്ന് ഞാൻ പറയാറുണ്ട്. കാരണം ഞാൻ പറഞ്ഞതുപോലെ ഫെയിമും മണിയുമല്ല എന്റെ പ്രൈമറി ഗോൾസ്. എനിക്ക് അഭിനയിക്കണം, നല്ല പെർഫോമൻസ് കാഴ്ച വെക്കണം, നല്ല സിനിമകളുടെ ഭാഗമാകണം എന്നതൊക്കെയാണ് എന്റെ പ്രൈമറി ഗോൾസ്. അതുകൊണ്ട് തന്നെ ഫെയിമും മണിയും എനിക്ക് സെക്കന്ററിയാണ്. അതൊന്നും എനിക്ക് വിഷയമേല്ല.
നല്ലൊരു ബ്രാന്റിന്റെ കൂടെ കൊളാബ്രേറ്റ് ചെയ്യുന്നതാണെങ്കിൽ പോലും ഇൻസ്റ്റഗ്രാമിൽ ചാർജ് ചെയ്യുന്നതാണെങ്കിൽ പോലും നല്ലൊരു ബ്രാന്റാണെങ്കിൽ ഞാൻ പ്രതിഫലത്തിൽ നെഗോഷിയേറ്റ് ചെയ്യാൻ റെഡിയാണ്. അല്ലാതെ കടുംപിടുത്തമൊന്നും എനിക്കില്ല. ബാർഗെയ്നിങിന് എന്റെ അടുത്ത് വരുന്നവർക്ക് അത് ചെയ്യാൻ ഞാൻ അവസരം കൊടുക്കുന്നയാളാണെന്നും പ്രിയ പറയുന്നു.

സിനിമാ കുടുംബത്തിൽ നിന്നല്ല പ്രിയയുടെ വരവ്. അതുകൊണ്ട് തന്നെ ആദ്യ കാലത്ത് കിട്ടിയ ഫെയിം എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതുപോലും പ്രിയയ്ക്കോ കുടുംബാംഗങ്ങൾക്കോ അറിയുമായിരുന്നില്ല. അതിനാൽ തന്നെ കരിയറിനേയും അത് ബാധിച്ചിരുന്നു. തൃശൂർ സ്വദേശിനിയായ പ്രിയ ഇപ്പോൾ കൊച്ചിയിൽ സെറ്റിൽഡാണ്.
ആദ്യ സിനിമയ്ക്കുശേഷം ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയിട്ടുള്ള നായികയും ഒരു പക്ഷെ പ്രിയ മാത്രമാകും. ആദ്യ ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലുവുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതിനാൽ അത്ര സ്വരച്ചേർച്ചയിൽ അല്ല. ഇപ്പോഴും അഭിമുഖങ്ങളിലൂടെയും സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയും സംവിധായകൻ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യാറുണ്ട്. അജിത്ത് സിനിമ ഗുഡ് ബാഡ് അഗ്ലിയാണ് അവസാനം റിലീസ് ചെയ്ത പ്രിയയുടെ സിനിമ.
ഇരുപത്തിയഞ്ചുകാരിയായ പ്രിയ ചിത്രത്തിൽ ചെയ്ത ഡാൻസും ഹിറ്റായിരുന്നു. തമിഴിൽ പ്രിയ ചെയ്ത ബിഗ് ബജറ്റ് സിനിമകളിൽ ഒന്നുമായിരുന്നു അത്. ഹിന്ദിയിലാണ് ഇനി നടിയുടെ സിനിമകൾ റിലീസ് ചെയ്യാനുള്ളതെന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications











