അപര്‍ണ ഗോപിനാഥിന്റെ മികച്ച പ്രകടനവുമായി ഒരു നക്ഷത്രമുളള ആകാശം! പ്രേക്ഷക പ്രതികരണമിങ്ങനെ
നടി അപര്‍ണ ഗോപിനാഥ് മുഖ്യ വേഷത്തില്‍ എത്തുന്ന ഒരു നക്ഷത്രമുളള ആകാശം തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. ലാല്‍ ജോസും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം നവാഗതരായ അജിത്ത് പുല്ലേരിയും സുനീഷ് ബാബുവും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. കോളേജ് അധ്യാപകനും അവിവാഹിതനുമായ പ്രൊഫസര്‍ ജോണ്‍ പോളിന്റെയും എല്‍പി സ്‌കൂള്‍ അധ്യാപിക ഉമയുടെയും ജീവിതത്തിലൂടെയുമാണ് സിനിമയുടെ കഥ പറയുന്നത്.

നമ്മളില്‍ പലരെയും പോലെ മറ്റു നാട്ടില്‍ ജോലിചെയ്യുന്നവര്‍ക്കു സ്വന്തം നാടിനോടുള്ള അടുപ്പമാണ് 'ഒരു നക്ഷത്രമുള്ള ആകാശം' എന്ന സിനിമയിലൂടെ സംവിധായകര്‍ കാണിച്ചുതരുന്നത്. സിനിമ വളരെക്കുറച്ച് തിയ്യേറ്ററുകളിലാണ് ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരുന്നത്. ഷെയ്ന്‍ നിഗത്തിന്റെ ഇഷ്‌ക്,ശ്രീനിവാസന്റെ കുട്ടിമാമ തുടങ്ങിയ സിനിമകള്‍ക്കൊപ്പം ചിത്രം പ്രദര്‍ശനത്തിനെത്തി.
സിനിമയിലെ അപര്‍ണ ഗോപിനാഥിന്റെ പ്രകടനത്തെക്കുറിച്ചു തന്നെയാണ് മികച്ച പ്രതികരണങ്ങള്‍ വരുന്നത്. ഒരിക്കല്‍ കൂടി തന്റെ കഥാപാത്രത്തെ മികവുറ്റതാക്കാന്‍ നടിക്ക് സാധിച്ചുവെന്ന് പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നു. അപര്‍ണയ്‌ക്കൊപ്പം സേതുലക്ഷ്മിയമ്മയുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസ ലഭിക്കുന്നുണ്ട്. രാഹുല്‍ രാജ് ഒരുക്കിയ പാട്ടുകളും സജിത്ത് പുരുഷന്റെ ഛായാഗ്രഹണവും എല്ലാവരും എടുത്തു പറയുന്നു.
ചുരുക്കത്തില്‍ ക്ലാസ് സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് കണ്ടിരിക്കാവുന്ന ചിത്രമായി മാറുന്നു ഒരു നക്ഷത്രമുളള ആകാശം.ഗണേഷ് കുമാര്‍, പുതുമുഖ നടന്‍ പ്രജ്യോത് പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, ജാഫര്‍ ഇടുക്കി, അനില്‍ നെടുമങ്ങാട്, ഉണ്ണിരാജ, സേതുലക്ഷമി, നിഷാ സാരംഗ്, രചന, ബാലതാരം എറിക് സക്കറിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
സൂനിഷ് ബാബു തിരക്കഥയെഴുതിയ സിനിമയ്ക്ക് റഹ്മാന്‍ മുഹമ്മദലി എഡിറ്റിങ്ങും ചെയ്തിരിക്കുന്നു. മലബാര്‍ മൂവീ മേക്കേഴ്‌സിന്റെ ബാനറില്‍ എംവികെ പ്രദീപാണ് സിനിമയുടെ നിര്‍മ്മാണം.


Click it and Unblock the Notifications











