ശബരീനാഥിന്‍റെ അവസാനരംഗങ്ങള്‍, വിങ്ങലായി പാടാത്ത പൈങ്കിളിയിലെ ഈ രംഗം, വീഡിയോ വൈറല്‍
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ ശബരീനാഥിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് എല്ലാവരും. സിനിമ-സീരിയല്‍ മേഖലയിലുള്ളവരെല്ലാം ശബരീനാഥിന് ആദരാഞ്ജലി നേര്‍ന്നെത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസവും തങ്ങള്‍ക്ക് മുന്നിലെത്തിയ പ്രിയതാരം ഇനിയില്ലെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രേക്ഷകര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പാടാത്ത പൈങ്കിളിയില്‍ അഭിനയിച്ച് വരികയായിരുന്നു താരം. മിന്നുകെട്ടിലൂടെ തുടങ്ങിയ അഭിനയ ജീവിതം പാടാത്ത പൈങ്കിളിയില്‍ എത്തി നില്‍ക്കുകയാണ്.
സ്വാമി അയ്യപ്പന്‍, സ്ത്രീപദം തുടങ്ങിയ സീരിയലുകളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാഗരം സാക്ഷിയെന്ന സീരിയല്‍ നിര്‍മ്മിച്ചതും ശബരീനാഥായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു ശബരി വിടവാങ്ങിയത്. പ്രിയ കൂട്ടുകാരന്‍ ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു താരങ്ങളെല്ലാം പറഞ്ഞത്. ശബരിയെക്കുറിച്ച് വാചാലരായി അവരെല്ലാം എത്തിയിരുന്നു. സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ഒരുപോലെ പ്രിയപ്പെട്ടയാള്‍ കൂടിയായിരുന്നു ശബരീനാഥ്. പാടാത്ത പൈങ്കിളിയിലെ രംഗങ്ങള്‍ പങ്കുവെച്ചായിരുന്നു സൂരജ് എത്തിയത്.

സൂരജിന്റെ പോസ്റ്റ്
ടിക് ടോക്കിലൂടെ സുപരിചിതനായി മാറിയ സൂരജാണ് പാടാത്ത പൈങ്കിളിയില്‍ നായകനായി അഭിനയിക്കുന്നത്. അടുത്തിടെ ആരംഭിച്ച പരമ്പരയ്ക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളിലൊരാളായാണ് ശബരീനാഥും എത്തുന്നത്. നെഗറ്റീവാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വരവായിരുന്നു ശബരീയുടേത്. എന്റെ ശബരി ചേട്ടന് ആദരാഞ്ജലികള്‍ എന്ന് പറഞ്ഞായിരുന്നു സൂരജ് എത്തിയത്. ശബരിയുടെ കൈപിടിച്ച് നില്‍ക്കുന്ന ചിത്രവും സൂരജ് പോസ്റ്റ് ചെയ്തിരുന്നു.

പാടാത്ത പൈങ്കിളിയിലെ രംഗങ്ങള്‍
പാടാത്ത പൈങ്കിളി ചിത്രീകരണത്തിനിടയില്‍ പകര്‍ത്തിയ മനോഹരമായ ചിത്രങ്ങളും സൂരജ് പങ്കുവെച്ചിരുന്നു. ഇന്നലെ രാത്രി കൂടി ഈ സീരിയല്‍ കണ്ടേതയുള്ളൂവെന്നും വിശ്വസിക്കാനാവില്ലെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. പെട്ടെന്ന് കേട്ടപ്പോള്‍ വല്ലാതെ വേദന തോന്നിയെന്നും ആരാധകര്‍ കുറിച്ചിരുന്നു. ഒന്നും സംഭവിച്ചിട്ടില്ലെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും സൂരജ് കുറിച്ചിരുന്നു. ഇതിനൊപ്പമായാണ് പാടാത്ത പൈങ്കിളിയിലെ വീഡിയോയും പങ്കുവെച്ചത്.

മറക്കാനാവില്ല
സീരിയലില്‍ മാത്രമല്ല മറ്റ് പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട് ശബരീനാഥ്. സീരിയല്‍ മേഖലയിലുള്ളവരുമായെല്ലാം അടുത്ത ബന്ധവും അദ്ദേഹം കാത്ത് സൂക്ഷിച്ചിരുന്നു. ആളുകളോട് ഇടപെടുന്ന കാര്യത്തില്‍ അങ്ങേയറ്റത്തെ ശ്രദ്ധയായിരുന്നു ശബരിക്ക്, ഒരാള്‍ പോലും ശബരിയെക്കുറിച്ച് മോശം പറയില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നുമായിരുന്നു സഹപ്രവര്‍ത്തകരെല്ലാം പറഞ്ഞത്.

വലിയ ആഗ്രഹം
മുഴുനീള വക്കീല്‍ വേഷത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു ശബരിക്ക്. ആ ആഗ്രഹം മുഴുമിപ്പിക്കാതെയാണ് താരം യാത്രയായത്. ഇത്ര പെട്ടെന്ന് ശബരി യാത്രയാവുമെന്ന് ആരും കരുതിയരുന്നില്ല. ആരോഗ്യ കാര്യത്തില്‍ അങ്ങേയറ്റത്തെ ശ്രദ്ധയായിരുന്നു. എല്ലാവരോടും ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടുന്നതിനെക്കുറിച്ച് വാചാലരാവുന്നയാള്‍ കൂടിയായിരുന്നു അദ്ദേഹം. യാതൊരുവിധ ദു:ശീലങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
Recommended Video

അഭിനയരംഗത്തേക്കുള്ള വരവ്
ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ശബരി സീരിയല്‍ മേഖലയിലേക്ക് എത്തിയത്. ഈ രംഗത്തേക്ക് വരുന്നതില്‍ കുടുംബത്തില്‍ നിന്നും എതിര്‍പ്പുകളുണ്ടായിരുന്നുവെന്ന് മുന്‍പൊരു അഭിമുഖത്തിനിടയില്‍ ശബരീനാഥ് പറഞ്ഞിരുന്നു. ഭാര്യയുടെ അച്ഛനായിരുന്നു ഏറെ ആശങ്കയുണ്ടായിരുന്നത്. ജോലി ഉപേക്ഷിച്ച് അഭിനയ രംഗത്തേക്ക് വരുന്നതിനെക്കുറിച്ച് ഏതൊരാള്‍ക്കും ഉണ്ടാവുന്ന ആശങ്കയായിരുന്നു അദ്ദേഹത്തേയും അലട്ടിയത്. ആയുര്‍വേദ ഡോക്ടറാണ് ശബരിയുടെ ഭാര്യ.


Click it and Unblock the Notifications