'നിങ്ങൾക്ക് ഒരു പെൺകുഞ്ഞുണ്ടെന്നാണ് അറിഞ്ഞത്'; ആങ്കറുടെ ചോദ്യം കേട്ട് പത്മപ്രിയയുടെ മറുപടി
ഏറെക്കാലത്തിന് ശേഷം നടി പത്മപ്രിയ ശ്രദ്ധേയ വേഷത്തിൽ വീണ്ടും പ്രേക്ഷകർക്ക് മുമ്പിലെത്തിയിരിക്കുകയാണ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാക്ക്സ്റ്റേജ് എന്ന ഷോർട്ട് ഫിലിമിലൂടെയാണ് നടിയുടെ തിരിച്ച് വരവ്. റിമ കല്ലിങ്കലാണ് പത്മപ്രിയക്കൊപ്പം ബാക്ക്സ്റ്റേജിൽ അഭിനയിച്ചത്. മലയാളത്തിൽ ഒരു കാലത്ത് ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു പത്മപ്രിയ. കരിയറിൽ നിന്ന് ഇടവേളയെടുത്ത് വിദേശത്തേക്ക് പഠിക്കാൻ പോയ പത്മപ്രിയയെ തിരിച്ച് വന്ന ശേഷം പഴയത് പോലെ സിനിമകളിൽ കണ്ടിട്ടില്ല.
ഇതിനിടെ ഡബ്ല്യുസിസിയുടെ സജീവ പ്രവർത്തകയായി പത്മപ്രിയ മാറി. സിനിമാ രംഗത്ത് താനുൾപ്പെടെയുള്ള നടിമാർക്ക് അർഹമായ അവസരങ്ങൾ ലഭിക്കാതെ പോകുന്നതിനെക്കുറിച്ച് പത്മപ്രിയ തുറന്ന് സംസാരിച്ചിട്ടുണ്ട്. ബാക്ക്സ്റ്റേജിലൂടെ വീണ്ടും ലെെം ലെെറ്റിൽ സാന്നിധ്യമറിയിച്ച നടിക്ക് തുടർന്നും വലിയ അവസരങ്ങൾ ലഭിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.

പത്മപ്രിയയുടെ പുതിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. റെഡ്നൂൽ എന്ന തമിഴ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പത്മപ്രിയയുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ചോദ്യം വന്നു. വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കവെ നിങ്ങൾക്ക് കുഞ്ഞുണ്ടല്ലോ എന്ന് ആങ്കർ ചോദിച്ചു. ചോദ്യം കേട്ട് ആശ്ചര്യപ്പെട്ട പത്മപ്രിയ ഇല്ല ഞങ്ങൾക്ക് കുട്ടിയില്ല എന്ന് ചിരിയോടെ മറുപടി നൽകി. ഇതോടെ ആങ്കർ ക്ഷമ ചോദിച്ചു. നിങ്ങൾക്ക് ഒരു പെൺകുട്ടിയുണ്ടെന്നാണ് താനറിഞ്ഞതെന്നും ഗോസിപ്പ് മാത്രമായിരുന്നു അതെന്ന് അറിഞ്ഞില്ലെന്നും ആങ്കർ പറഞ്ഞു.
ഗോസിപ്പുകളെ താൻ കാര്യമാക്കുന്നില്ലെന്നാണ് പത്മപ്രിയ പറയുന്നത്. ഗോസിപ്പ് ഇന്ത്യൻ സമൂഹത്തിന്റെ ട്രേഡ് മാർക്കാണ്. അത് സീരിയസായി എടുക്കേണ്ട കാര്യമില്ല. ആരെന്ത് പറയുന്നു എന്ന് നോക്കേണ്ടതില്ല. ഗോസിപ്പ് ഗോസിപ്പാണെന്നും പത്മപ്രിയ ചൂണ്ടിക്കാട്ടി. ജാസ്മിൻ ഷാ എന്നാണ് പത്മപ്രിയയുടെ ഭർത്താവിന്റെ പേര്. ഒരു കുഞ്ഞ് വേണമെന്നത് തന്റെ ഭാവിയിലെ പ്ലാനുകളിലൊന്നാണെന്ന് പത്മപ്രിയ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ആം ആദ്മി പാർട്ടി നേതാക്കളിലൊരാളാണ് ജാസ്മിൻ ഷാ. വിദേശത്ത് ഒരുമിച്ച് പഠിക്കുന്ന കാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇരുവരും 2014 ൽ വിവാഹിതരായി. ഭർത്താവ് രാഷ്ട്രീയത്തിലേക്ക് വരുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ല. ആളുകൾക്ക് ഉപദ്രവുമുണ്ടാക്കുന്ന കാര്യം അദ്ദേഹം ചെയ്യില്ലെന്ന് തനിക്കുറപ്പുണ്ടെന്നും പത്മപ്രിയ പറഞ്ഞു.
വിവാഹം ചെയ്യില്ലെന്ന് പറഞ്ഞിരുന്ന ആളാണ് ഞാൻ. എന്നാൽ ജാസ്മിൻ ഷാ വന്നതോടെ തീരുമാനം മാറി. വളരെ സ്നേഹം പ്രകടിപ്പിക്കുന്ന ആളാണ് അദ്ദേഹം. പരസ്യമായി സ്നേഹ പ്രകടനം നടത്തുന്നതിൽ വിശ്വസിക്കുന്നില്ലെന്ന് മുമ്പ് ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഭർത്താവ് അതേക്കുറിച്ച് മനസിലാക്കി തന്നു. വളരെ റൊമാന്റിക്കാണ്. ടീനേജിൽ ജാസ്മിൻ ഷാ തന്റെ ജീവിതത്തിലേക്ക് വന്നിരുന്നെങ്കിൽ കുറേക്കൂടി ഫൺ ആയേനെയെന്നും പത്മപ്രിയ അന്ന് പറഞ്ഞു. ഡബ്ല്യുസിസിയുടെ സജീവ പ്രവർത്തകയായ പത്മപ്രിയ മലയാള സിനിമാ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് നിരവധി തവണ സംസാരിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടാണ് അടുത്ത കാലത്ത് മലയാള മാധ്യമങ്ങളോട് പത്മപ്രിയ സംസാരിച്ചിട്ടുള്ളത്.


Click it and Unblock the Notifications











