ജയറാം മകനാണെങ്കില്‍ ഞാന്‍ മരുമകനാണ്! സുരേഷ് ഗോപിയുമായിട്ടുള്ള അടുപ്പത്തെ കുറിച്ച് പത്മരാജന്റെ മകന്‍
നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാവാന്‍ ഒരുങ്ങുകയാണ്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. ഇതിനിടെ സംവിധായകന്‍ പത്മരാജന്റെ വീട്ടിലും വിവാഹം ക്ഷണിക്കാനായി സൂപ്പര്‍താരം എത്തിയിരുന്നു. ഈ വിശേഷങ്ങളും സുരേഷ് ഗോപി വല്യേട്ടനെ പോലെ നില്‍ക്കുന്നതിനെ പറ്റിയും പറയുകയാണ് പത്മരാജന്റെ മകന്‍ അനന്ത പത്മനാഭന്‍.
ജയറാം മകനാണെങ്കില്‍ താന്‍ പപ്പേട്ടന് മരുമകനാണെന്ന് സുരേഷ് ഗോപി എപ്പോഴും പറയുമെന്നാണ് താരപുത്രന്‍ പറയുന്നത്. മാത്രമല്ല സുരേഷ് ഗോപി വിവാഹം കഴിക്കുന്നത് രാധികയെ ആണെന്ന് അറിഞ്ഞതോടെ ലൊക്കേഷനില്‍ നിന്നും വഴക്ക് പറയുന്നത് തീര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ കഥകളൊക്കെയാണ് അനന്ത പത്മനാഭന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

എപ്പഴും പറയും, 'പപ്പേട്ടന് ജയറാം മകന്‍ ആണെങ്കില്‍ ഞാന്‍ മരുമകന്‍ ആണ്. 'അത് പറയുന്നതിന് കാരണമുണ്ട്. രാധിക ചേച്ചിയുടെ അച്ഛന്‍, എന്റെ അച്ഛന്റെ സ്‌നേഹിതന്‍ ആയിരുന്നു. (അദ്ദേഹവും അകാലത്തില്‍ വേര്‍പിരിഞ്ഞു). 'ഇന്നലെ' കൂര്‍ഗിലെ ഫസ്റ്റ് ഷെഡ്യൂള്‍ സമയത്ത് എന്നെ പപ്പേട്ടന്‍ ചീത്ത മാത്രമെ വിളിച്ചിട്ടുള്ളു. ആ സമയത്തായിരുന്നു വിവാഹ നിശ്ചയം. സുഹൃത്തിന്റെ മകള്‍ എന്നറിഞ്ഞതും മട്ട് മാറി.
'എന്റെ മകളെ പോലെയാണ് ആ കുട്ടി. ശരിക്കും നോക്കണം'. വിവാഹ ശേഷമായിരുന്നു ബോംബെ ഷെഡ്യൂള്‍, ഹണി മുണ്‍ അവിടെയാക്കി, ചെറിയ ക്രൂ. ഞാനും, രാധികയും, പപ്പേട്ടനും, ക്യാമറാമാന്‍ വേണുവും ഒക്കെ കൂടി ഒറ്റ കാറില്‍. അന്നത്രയെ ഉള്ളു ബഡ്ജറ്റ്. ആ ഷെഡ്യൂളില്‍ എന്നെ ചീത്തയേ പറഞ്ഞിട്ടില്ല'.. എന്നിങ്ങനെ സുരേഷ് ഗോപി പറയാറുള്ളതിനെ പറ്റിയാണ് അനന്തപത്മനാഭന്‍ പറയുന്നത്.
'സുരേഷേട്ടനെ ആദ്യം കാണുന്നത് 81 ലോ 82 ലോ ആണ്. കൊല്ലത്തുള്ള എന്റെ വലിയച്ഛന്റെ മകന്‍ ഡോ. മദന്‍ മോഹനൊപ്പം വന്നപ്പോള്‍. അന്ന് സിനിമയില്‍ വന്നിട്ടില്ല. അവര്‍ ഒരുമിച്ച് പഠിച്ചവരാണ്. അന്ന് മെലിഞ്ഞ് ഉയരത്തില്‍ മുടിഞ്ഞ ഗ്ലാമര്‍. ഇപ്പഴെന്താ കുറവ്..
'ഇന്നലെ' യ്ക്ക് മുമ്പ് സി. രാധാകൃഷ്ണന്റെ 'ഒറ്റയടിപ്പാതകള്‍' സിനിമ ആക്കാന്‍ അച്ഛന്‍ ആലോചിച്ചിരുന്നു. സുരേഷ് ഗോപി, സുമലത, മധു സര്‍.. ഇതായിരുന്നു കാസ്റ്റിംഗ്. എന്നാല്‍ നോവല്‍ എഴുത്തുകാരന്‍ തന്നെ സംവിധാനം ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ പ്രൊജക്ട് മാറി. 'ഈ തണുത്ത വെളുപ്പാന്‍ കാലത്തി' ല്‍ എന്റെ ഫേവറിറ്റ് സൈക്കോ ആയ ക്രിസ്റ്റി ആണ്. ഇന്നലെ യിലെ നരേന്ദ്രന്റെ എതിര്‍ ദിശയില്‍. രണ്ട് അവസരമേ ഉണ്ടായുള്ളു എങ്കിലും അവ രണ്ടും അവിസ്മരണീയം.

കമ്മീഷണര്‍ ഇറങ്ങിയ സമയത്ത് ശബരിമലയ്ക്ക് പോകുമ്പോള്‍ എന്നെയും കൂട്ടി. (സുരേഷേട്ടനെക്കാള്‍ അച്ഛനോടുള്ള കടപ്പാടുണ്ടാവണ്ട എത്രയോ പേര്‍ ഉണ്ട്). ഇത്ര നിഷ്‌കളങ്കനായ ഒരാള്‍ അപൂര്‍വ്വം. ഒരിക്കല്‍ വീട്ടില്‍ ചെന്നപ്പോള്‍ 'എന്ത് പെര്‍ഫ്യൂമാ പപ്പന്‍ തേച്ചിരിക്കുന്നത്. നല്ല മണം' എന്ന് പറഞ്ഞു. അങ്ങനെ പെര്‍ഫ്യൂം ഉപയോഗിക്കാറില്ലെന്നും അമ്മയുടെ നാട്ടില്‍ ചിറ്റൂര്‍ ഒരു വീട്ടില്‍ ഉണ്ടാക്കുന്ന ചന്ദനത്തൈലം ആണെന്നും പറഞ്ഞപ്പോള്‍ ' ഒരെണ്ണം എനിക്കു തരുമൊ' എന്ന് കുട്ടികളെ പോലെ ചോദ്യം.
ഉടന്‍ തന്നെ വരുത്തിക്കൊടുത്തു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലും, ആഹ്ലാദങ്ങളിലും എന്നും ഒപ്പം, ഒരു വല്യേട്ടനെ പോലെ ബലം.
കഴിഞ്ഞ ദിവസം ഭാഗ്യയുടെ വിവാഹം ക്ഷണിക്കാന്‍ വന്നപ്പോള്‍ ഞാന്‍ കൊച്ചിയിലായി പോയി. എന്റെ കുടുംബത്തിനൊപ്പം ചിത്രങ്ങള്‍.
പാറൂന്റെ തോളില്‍ കൈയ്യിട്ട് നില്‍ക്കുന്ന പടം മനഃപൂര്‍വ്വം എടുത്തതാ.. എന്നും പറഞ്ഞാണ് അനന്ത പത്മനാഭന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
തന്റെ കുടുംബത്തിനൊപ്പം നില്‍ക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങളും താരപുത്രന്‍ പങ്കുവെച്ചിരിക്കുകയാണ്. ഭാര്യ രാധികയുടെ കൂടെയാണ് സുരേഷ് ഗോപി വിവാഹം ക്ഷണിക്കാനായി പോയിരുന്നത്. 2024 ജനുവരി പതിനേഴിനാണ് സുരേഷ് ഗോപിയുടെയും രാധികയുടെയും മകള്‍ ഭാഗ്യയുടെ വിവാഹം. വിവാഹക്ഷണക്കത്തും താരം പങ്കുവെച്ചിരിക്കുകയാണ്.


Click it and Unblock the Notifications











