'മലയാളം പറയുന്നത് കേൾക്കുന്നത് അവർക്ക് ദേഷ്യമാണ്, മഞ്ജു ചേച്ചി അന്ന് ഭക്ഷണം ഉണ്ടാക്കി തന്നിരുന്നു'; നിത്യ ദാസ്
ഒരു പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത നടിയാണ് ഈ പറക്കും തളികയിലെ വസന്തിയായി മലയാളികളുടെ മനസിൽ കുടിയേറിയ നിത്യ ദാസ്. നാൽപ്പത്തിരണ്ടുകാരിയായ നിത്യ ദാസ് അന്നും ഇന്നും അതേ ചെറുപ്പത്തോടെയും ചുറുചുറുക്കോടെയുമാണ് ഇരിക്കുന്നത്.
സെലക്ടീവായി മാത്രമെ സിനിമകൾ ചെയ്യുന്നുള്ളൂവെങ്കിലും നിത്യ സോഷ്യൽമീഡിയയിൽ സജീവമാണ്. മകൾ നൈനയ്ക്കൊപ്പമുള്ള നിത്യയുടെ ഡാൻസ് വീഡിയോകളെല്ലാം തന്നെ വൈറലാണ്. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ അമ്മയാണെന്ന് നിത്യയെ കണ്ടാൽ തോന്നുകയില്ലെന്നാണ് ആരാധകരെല്ലാം പറയാറുള്ളത്.
അമ്മയെ കാണുമ്പോൾ മറ്റുള്ളവരിൽ നിന്നും താൻ ഏറെയും കേൾക്കുന്ന ചോദ്യം ചേച്ചിയാണോ എന്നതാണെന്നാണ് മകൾ നൈന പറയാറുള്ളത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനികളിലും അഭിനയിച്ചിട്ടുണ്ട് നിത്യ ദാസ്. വെള്ളിത്തിരയില്‍ സജീവമായി നില്‍ക്കുമ്പോഴായിരുന്നു നിത്യയുടെ വിവാഹം. ജമ്മു സ്വദേശി അരവിന്ദ് സിംഗാണ് നിത്യ ദാസിന്റെ ഭര്‍ത്താവ്. അരവിന്ദ് പഞ്ചാബിയാണ്.

വിമാനത്തില്‍ വെച്ചാണ് നിത്യ അരവിന്ദിനെ ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് വിവാഹം നടത്തിയെങ്കിലും താലിപോലും അവരുടെ രീതിയിലുള്ള മംഗല്യസൂത്രയായിരുന്നുവെന്ന് നിത്യ പറഞ്ഞിരുന്നു.
ഭർത്താവിന്റെ വീട്ടുകാർ പുടവ കൊണ്ടുവരാന്‍ മറന്നിരുന്നുവെന്നും സിന്ദൂരമില്ലാതിരുന്നതിനാല്‍ ലിപ് സ്റ്റിക്ക് വെച്ചാണ് അഡ്ജസ്റ്റ് ചെയ്തതെന്നും തന്റെ കല്യാണം ആകെ മൊത്തം അലങ്കോലമായിരുന്നു എന്നും നിത്യ ദാസ് പറഞ്ഞിട്ടുണ്ട്.
ഭർത്താവിന്റെ വൃത്തി കണ്ടാണ് താൻ പ്രണയിച്ചതെന്നാണ് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ നിത്യ ദാസ് പറയുന്നത്. 'കൃത്യമായൊരു ജീവിതശൈലി ഞങ്ങൾക്കുണ്ട്. എല്ലാവരും അതിരാവിലെ എഴുന്നേറ്റ് പൂജ, യോഗ, എക്സസൈസ് തുടങ്ങിയ ചെയ്യുന്നവരാണ്. അതുകൊണ്ടായിരിക്കാം ഫിറ്റ്നസ് നിലനിർത്താൻ സാധിക്കുന്നത്.'
'ഭർത്താവിന് ഓവർ വൃത്തിയാണ്. എനിക്കും നല്ല വൃത്തി വേണം. അതുകൊണ്ടാണ് വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധയുള്ള ഒരാളെ വിവാഹം ചെയ്തത്. പക്ഷെ ഭർത്താവിന് ഭ്രാന്തമായ വൃത്തിയാണെന്ന് ഞാൻ മനസിലാക്കിയത് പിന്നീടാണ്. ഒരു ചെറിയ പൊടിപോലും പാടില്ല.'

'അതിന്റെ പേരിൽ അദ്ദേഹം ഞങ്ങളെ വഴക്ക് പറയും. വഴക്ക് പറഞ്ഞുകൊണ്ടായിരിക്കും അദ്ദേഹം വീണ്ടും വൃത്തിയാക്കുക. ഞങ്ങൾ ഇപ്പോൾ അദ്ദേഹം വഴക്ക് പറയുമ്പോൾ അത് മൈൻഡ് ചെയ്യാതെയായിയെന്നും', നിത്യ പറയുന്നു. ഭർത്താവിന്റെ വീട്ടുകാർക്ക് താൻ മലയാളം പറയുന്നതിനോട് താൽപര്യമില്ലെന്നും താരം കൂട്ടിച്ചേർത്തു.
'ഞാൻ മലയാളത്തിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ അവർ വന്ന് പറയും ഓൺലി ഹിന്ദിയെന്ന്. ഭർത്താവിന്റെ കുടുംബത്തിലെ ആളുകളുടെ കണ്ണുകൾ മനോഹരമാണ്. മകൾ ജനിക്കുന്നതിന് മുമ്പ് തന്നെ അവൾക്ക് നൈന എന്ന പേര് ഞാൻ കണ്ടുവെച്ചിരുന്നു. മകളുടെ കണ്ണിന് എന്തെങ്കിലും പ്രത്യേകത വേണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. അതുപോലെ സംഭവിച്ചു. അവൾക്ക് പൂച്ചകണ്ണുകൾ ലഭിച്ചുവെന്നും', നിത്യ പറയുന്നു.
ഈ പറക്കും തളിക സെറ്റിൽ നിന്നുള്ള അനുഭവങ്ങളും നിത്യ പങ്കുവെച്ചു. 'മഞ്ജു ചേച്ചിയാണ് മാസികയുടെ കവർ പേജിൽ എന്നെ ആദ്യം കാണുന്നത്. അതുകണ്ട് മഞ്ജു ചേച്ചി ദിലീപേട്ടനോട് പറഞ്ഞാണ് എന്നെ സിനിമയിലേക്ക് ക്ഷണിച്ചത്. ഷൂട്ടിങ് സെറ്റിലേക്ക് മഞ്ജു ചേച്ചി വരുമായിരുന്നു.'
'ഒരു ദിവസം എന്നെ ചേച്ചി വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി ഭക്ഷണമൊക്കെ ഉണ്ടാക്കി തന്നിരുന്നുവെന്നും', നിത്യ ദാസ് പറയുന്നു. ഒരു മകൻ കൂടി നിത്യയ്ക്കുണ്ട്. കുടുംബസമേതം കോഴിക്കോടാണ് നിത്യയുടെ താമസം. ഏറ്റവും അവസാനം നിത്യ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ പള്ളിമണിയാണ്. ശ്വേത മേനോനായിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രം ചെയ്തത്.


Click it and Unblock the Notifications











