നിങ്ങളുടെ സിനിമയിൽ എന്റെ മകൾ അഭിനയിക്കില്ല, ബാലചന്ദ്രമേനോന് മുന്നിൽ നിറകണ്ണുകളോടെ നിന്ന ജയറാം; പല്ലിശ്ശേരി
മലയാള സിനിമയിലെ മാതൃക ദമ്പതികളാണ് ജയറാമും പാർവതിയും. ഷൂട്ടിങ് സെറ്റുകളിൽ ആരംഭിച്ച പ്രണയം തരിപോലും കുറയാതെ മുപ്പത്തിമൂന്ന് വർഷങ്ങൾക്കിപ്പുറവും ഇരുവർക്കും ഇടയിലുണ്ട്. ജയറാമുമായുള്ള പ്രണയത്തിന് പാർവതിയുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. അതുകൊണ്ട് തന്നെ പല സിനിമ താരങ്ങളും ഇരുവർക്കും ഇടയിൽ ഹംസമായി പ്രവർത്തിച്ചിട്ടുണ്ട്. ജയറാം-പാർവതി പ്രണയ ജോഡിക്ക് എന്നും സപ്പോർട്ട് നൽകിയിരുന്ന വ്യക്തിയായിരുന്നു ബാലചന്ദ്രമേനോൻ.
ജയറാമുള്ള സിനിമയിലേക്ക് പാർവതിയെ അഭിനയിക്കാൻ ക്ഷണിച്ചതിന് നടിയുടെ അമ്മ ബാലചന്ദ്രമേനോനോടും തുടക്കത്തിൽ നീരസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പാർവതിയുടെ അമ്മ ബാലചന്ദ്രമേനോനോട് ദേഷ്യപ്പെട്ടുവെന്ന രീതിയിലാണ് ഇന്റസ്ട്രിയിൽ പ്രചരിച്ചത്. സത്യാവസ്ഥ അതല്ലെന്നും ഒരിക്കൽ ബാലചന്ദ്രമേനോൻ തന്നെ നടന്ന സംഭവം തന്നോട് വിവരിച്ചിട്ടുണ്ടെന്നും പല്ലിശ്ശേരി പുതിയ വീഡിയോയിൽ പറഞ്ഞു.

സിനിമയിൽ അഭിനയിക്കാൻ പാർവതിയെ ക്ഷണിച്ചുകൊണ്ട് ഫോൺ ചെയ്തപ്പോൾ നടിയുടെ അമ്മ ദേഷ്യപ്പെട്ടുവെന്ന് കേട്ടത് ശരിയാണോയെന്ന് ഞാൻ ഒരിക്കൽ ബാലചന്ദ്രമേനോനോട് ചോദിച്ചു. അന്നാണ് യഥാർത്ഥത്തിൽ സംഭവിച്ച കഥ അദ്ദേഹം വെളിപ്പെടുത്തിയത്. നിങ്ങളുടെ സിനിമയിൽ എന്റെ മകൾ അഭിനയിക്കില്ല എന്നൊന്നും അവർ എന്നോട് പറഞ്ഞിട്ടില്ല.
അതുകൊണ്ട് സംസാരിക്കുമ്പോൾ കുറച്ച് കൂടി മാന്യമായി സംസാരിക്കണം എന്ന് എന്നോട് പറഞ്ഞുകൊണ്ടാണ് ബാലചന്ദ്രമേനോന് എന്നോട് കാര്യങ്ങൾ വിശദീകരിച്ചത്. നിങ്ങൾ കരുതുന്നത് പോലൊന്നും അന്ന് ഉണ്ടായില്ല. നടന്ന സംഭവം ഞാൻ പറയാം. വിവാഹിതരേ ഇതിലേ എന്ന സിനിമയിലൂടെ ഞാൻ തന്നെയാണ് പാർവതിയെ സിനിമയിലേക്ക് കൊണ്ടുവന്നത്. ആ സിനിമയ്ക്ക് നല്ല അഭിപ്രായവും ഉണ്ടായിരുന്നു.
പിന്നീട് ഞാൻ എടുക്കാൻ ഇരുന്ന സിനിമയിലേക്ക് കാസ്റ്റ് ചെയ്തിരുന്ന നായികയ്ക്ക് ചിക്കൻപോക്സ് പിടിപെട്ടു. അതിനുശേഷമാണ് ചുരുങ്ങിയ ദിവസങ്ങളിൽ കുറുപ്പിന്റെ കണക്ക് പുസ്തകം എന്ന സിനിമ ഞാൻ എഴുതുന്നത്. അതിലേക്ക് അഭിനയിക്കാനാണ് ഞാൻ പാർവതിയെ ക്ഷണിച്ചത്. ജയറാം, ഗീത തുടങ്ങിയവരെല്ലാം സിനിമയിലുണ്ടായിരുന്നു.
ഞാൻ ഫോൺ വിളിച്ചപ്പോൾ മകളെ ജയറാമുള്ള സിനിമയിൽ അഭിനയിപ്പിക്കാൻ താൽപര്യമില്ലെന്നായിരുന്നു പാർവതിയുടെ അമ്മയുടെ മറുപടി. ജയറാമുണ്ടെങ്കിൽ എന്താണ് പ്രശ്നമെന്ന് ഞാൻ ചോദിച്ചു. ആ പ്രശ്നം നിങ്ങൾക്കും ഞങ്ങൾക്കും അറിയാം. അതുകൊണ്ട് മകളെ വിടില്ലെന്ന് പാർവതിയുടെ അമ്മ ആവർത്തിച്ചു. പാർവതിക്ക് വേണ്ടി ഞാനുണ്ടാക്കിയ കഥാപാത്രമാണ്. അതുകൊണ്ട് പാർവതി അഭിനയിക്കുന്നില്ലെങ്കിൽ ഈ സിനിമ ഞാൻ സ്റ്റോപ്പ് ചെയ്യുകയാണ്.

അപ്പോൾ പ്രോജക്ട് ഇല്ലാതെയാകും അത് വേണോ?. ജയറാമിനോട് വൈരാഗ്യമുണ്ടെങ്കിൽ നിങ്ങൾ തീർക്കൂ. എന്റെ സെറ്റിൽ നിങ്ങൾക്ക് യാതൊരു പ്രശ്നവും ഉണ്ടാവില്ല. അങ്ങനെയാണ് പാർവതി അഭിനയിക്കാൻ എത്തുന്നത്. ഞാൻ ജയറാമിനേയും പാർവതിയേയും വാച്ച് ചെയ്യുന്നുണ്ടായിരുന്നു. പാർവതിയെ ഇടം വലം തിരിയാൻ വിടാതെ അമ്മ ഒപ്പമുണ്ട്. ജയറാം കൊത്തികൊണ്ടുപോകുമോയെന്ന ഭയമായിരുന്നുവെന്നും മേനോൻ എന്നോട് പറഞ്ഞു.
പ്രശ്നങ്ങൾ ഒന്നും ആരും എന്തുകൊണ്ട് തന്നോട് പറയുന്നില്ലെന്ന് മേനോൻ ചിന്തിച്ചു. ഷൂട്ടിങ് തീരുന്ന ദിവസം ജയറാം മേനോന്റെ അടുത്ത് വന്നു. കൈകൾ കൂട്ടിപ്പിടിച്ച് കൊണ്ട് കണ്ണുകൾ നിറഞ്ഞുകൊണ്ട് ജയറാം പാർവതിയുമായി പ്രണയത്തിലാണെന്ന് പറഞ്ഞു. ഞാൻ അക്കാര്യം ഇത്രയും ദിവസം പറയാതിരുന്നത് ചില പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ്.
അതിനാൽ ഞാൻ പറഞ്ഞില്ലെന്ന് കരുതി വിഷമം തോന്നരുത്. എന്നോട് ക്ഷമിക്കണമെന്ന് ജയറാം പറഞ്ഞു. ഞങ്ങളെ അനുഗ്രഹിക്കണം. ആര് തടഞ്ഞാലും താനും പാർവതിയും വിവാഹിതരാകുമെന്നുമെല്ലാം ജയറാം മേനോനോട് പറഞ്ഞു. എല്ലാം കേട്ട ശേഷം നിങ്ങൾ പിരിയാൻ പറ്റാത്ത വിധം പ്രണയത്തിലാണെന്ന് എനിക്ക് അറിയാം. അത് അറിഞ്ഞ് തന്നെയാണ് നിങ്ങളെ ഞാൻ ഒരുമിച്ച് അഭിനയിപ്പിച്ചത് എന്നായിരുന്നു മേനോന്റെ മറുപടിയെന്നും പല്ലിശ്ശേരി പറഞ്ഞു.


Click it and Unblock the Notifications











