പത്ത് പൈസ കുറവുള്ള ഇന്ദ്രജിത്ത് രക്ഷപ്പെട്ടില്ല, പൃഥ്വിരാജിന് എല്ല് കൂടുതലാണെന്ന് അന്ന് മനസിലായി; പല്ലിശ്ശേരി
മലയാള സിനിമയിലെ പ്രഭലമായ താര കുടുംബമാണ് സുകുമാരന്റേത്. അദ്ദേഹത്തിന് നേടാൻ കഴിയാത്തതെല്ലാം രണ്ട് ആൺമക്കളും നേടിയെടുത്തു. അച്ഛന് ലഭിച്ച അതേ ബഹുമാനവും സ്നേഹവും ഇന്ന് മലയാളികൾ ഇന്ദ്രജിത്തിനും പൃഥ്വിരാജിനും നൽകുന്നു. അച്ഛൻ സുകുമാരൻ പോയെങ്കിലും അമ്മ മല്ലിക കരുത്തായി ഇരുവർക്കും ഒപ്പമുണ്ട്. ഇപ്പോഴിതാ സുകുമാരന്റെ കുടുംബത്തെ കുറിച്ച് പല്ലിശ്ശേരി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
തനിക്ക് അടുത്തറിയാവുന്ന കുടുംബമാണ് സുകുമാരന്റേതെന്നും മറ്റ് നടന്മാരേക്കാൾ താൻ പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനേയും ഇഷ്ടപ്പെടുന്നുവെന്നും പല്ലിശ്ശേരി പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ആ സ്ത്രീക്ക് എന്തിന്റെ കേടാണ്?. മകന് വേണ്ടി എന്തിനാണ് അവർ ഇത്രയും വാചാലയാകുന്നത്?. അവർ എപ്പോഴും മക്കളെ പിന്തുണച്ചാണ് സംസാരിക്കാറ്.

മലയാള സിനിമയിൽ വേറെ ആർക്കും മക്കളില്ലേ?... ഈ രീതിയിലാണ് ഇപ്പോൾ മല്ലിക സുകുമാരനെ കുറിച്ചുള്ള വർത്തമാനങ്ങൾ നടക്കുന്നത്. എനിക്ക് അറിയാവുന്ന കുടുംബമാണ് സുകുമാരന്റേത്. ഇന്ദ്രജിത്തും പൃഥ്വിരാജും കുഞ്ഞായിരുന്നപ്പോൾ മുതൽ എനിക്ക് അറിയാം. സുകുമാരന്റെയും മല്ലികയുടേയും അഭിമുഖം എടുക്കാൻ മദ്രാസിൽ ചെല്ലുമ്പോൾ രണ്ട് മക്കളും ഓടി കളിക്കുന്നത് കാണാമായിരുന്നു.
ആ മക്കളിപ്പോൾ മലയാള സിനിമയിലെ വലിയ ആൾക്കാരായി. മറ്റ് നടന്മാരെ അപേക്ഷിച്ച് പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനേയും എനിക്ക് ഇഷ്ടമാണ്. ഇവരിൽ നല്ല നടനാരാണെന്ന് ചോദിച്ചാൽ ഞാൻ ഇന്ദ്രജിത്തിന്റെ പേരാണ് പറയുക. പക്ഷെ പത്ത് പൈസ കുറവുള്ള ഇന്ദ്രജിത്ത് രക്ഷപ്പെട്ടില്ല. പ്രായോഗിക ബുദ്ധിയുള്ളതുകൊണ്ട് പൃഥ്വിരാജ് രക്ഷപ്പെട്ടു.
ഒരു സിനിമയിൽ അഭിനയിക്കാൻ വേണ്ടി മാത്രം വിദേശത്ത് നിന്ന് വന്നതാണ് പൃഥ്വിരാജ്. പൃഥ്വിരാജ് ആദ്യം അഭിനയിച്ച എട്ട് സിനിമകൾ ഞാൻ വെറുതെ പരിശോധിച്ചു. ആ എട്ട് സിനിമകളും വ്യത്യസ്തമായിരുന്നു. ഒരു നടന് കിട്ടാവുന്ന ഏറ്റവും വലിയ യോഗ്യതയും അംഗീകരാവുമാണ് അത്. പൃഥ്വിരാജിന് എല്ല് കൂടുതലാണ്. സുകുമാരന്റെ തനി സ്വഭാവമാണ് എന്നും ചിലർ നടനെ കുറിച്ച് പറയാറുണ്ട്.
സുകുമാരന്റെ മകന് അദ്ദേഹത്തിന്റെ സ്വഭാവമല്ലാതെ പിന്നെ നാട്ടുകാരുടെ സ്വഭാവം വരണമെന്നാണോ ഇത്തരക്കാർ ഉദ്ദേശിക്കുന്നത്?. സുകുമാരൻ നല്ലൊരു ആളായിരുന്നു. എനിക്ക് വളരെ അടുത്തറിയാം. നല്ല വിദ്യാഭ്യാസമുണ്ട്. സംസാരിക്കാൻ അറിയാം. ഡയലോഗ് പ്രസന്റേഷൻ സൂപ്പറാണ്. അത് കണ്ടാണ് മമ്മൂട്ടി പഠിച്ചത്. സുകുമാരന് മലയാള സിനിമയിൽ നിന്നും കിട്ടിയ ബാക്ക് സ്റ്റാബിങൊക്കെ അദ്ദേഹത്തിന്റെ മക്കൾ മനസിലാക്കി വെച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ സിനിമയിലേക്ക് വന്നശേഷം ഓരോ അടിവെക്കുമ്പോഴും ശ്രദ്ധിക്കണമെന്ന് അവർ പഠിച്ചു. അഭിപ്രായവും അഭിപ്രായ വ്യത്യാസവും പൃഥ്വിരാജ് പറയും. ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഇഷ്ടപ്പെട്ടില്ലെന്ന് തന്നെ പറയും. വിനയന്റെ സിനിമയിൽ പൃഥ്വിരാജ് അഭിനയിക്കുന്ന സമയത്ത് ഞാൻ അഭിമുഖം എടുക്കാൻ പോയി. എന്ത് വേണമെങ്കിലും ചോദിച്ചോളൂ... പക്ഷെ ഞാൻ എനിക്ക് ഇഷ്ടമുള്ള രീതിയിൽ മറുപടി പറയുമ്പോൾ മുഖം കറുപ്പിക്കരുത് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
ആള് കൊള്ളാമെന്ന് അന്ന് എനിക്ക് മനസിലായി. ഒരു എല്ലല്ല കൂടുതൽ അന്തസുള്ള രണ്ട് എല്ല് അധികമുണ്ടെന്ന് മനസിലായി. പൃഥ്വിരാജ് വളർന്നപ്പോൾ ചിലർ അയാളെ ഒറ്റപെടുത്താനും അയാളുടെ സിനിമകളെ ഇല്ലാതാക്കാനും ശ്രമിച്ചു. അത്തരമൊരു ഘട്ടത്തിൽ മകനെ പിന്തുണയ്ക്കാൻ ആരും മുന്നോട്ട് വരാതിരുന്നപ്പോൾ അമ്മ മല്ലിക രണ്ടും കൽപ്പിച്ച് ഇറങ്ങി.
മക്കൾക്ക് വേണ്ടി വാദിച്ചു. അത് തെറ്റാണോ?. സിനിമയിലെ ഉള്ളുകള്ളികൾ അവർക്ക് അറിയാം. മക്കൾക്ക് വേണ്ടിയല്ലാതെ വേറെ ആർക്ക് വേണ്ടി അവർ വാദിക്കണം? എന്നും പല്ലിശ്ശേരി ചോദിച്ചു. സിനിമയിൽ വന്നശേഷം ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയ ഒരാളാണ് പൃഥ്വിരാജ്.


Click it and Unblock the Notifications


