'നന്നായി സ്മോക്ക് ചെയ്യുമായിരുന്നു, എന്നെ കണ്ടതും കരഞ്ഞു, വയ്യാതെ കിടന്നപ്പോൾ പൊന്നുപോലെ നോക്കാൻ പറ്റി'
അഭിനേത്രിയ്ക്ക് ഒപ്പം മോഡലും ചാനൽ ഷോകളിൽ അവതാരകയുമാണ് പാർവതി ആർ കൃഷ്ണ. മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സജീവമാണ് പാർവതി. പത്തനംതിട്ട കോന്നി സ്വദേശിയായ താരം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമ്മമാനസം, ഈശ്വരൻ സാക്ഷി തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകര്‍ക്കിടയിൽ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. നിരവധി പരമ്പരകളിലൂടെ പ്രേക്ഷകമനം കീഴടക്കിയ താരം ഇൻസ്റ്റഗ്രാം പേജിലും യുട്യൂബിലുമെല്ലാം സജീവമാണ്.
രണ്ട് മാസം മുമ്പാണ് പാർവതിയുടെ അച്ഛൻ മരിച്ചത്. സ്ട്രോക്ക് അടക്കമുള്ളവ വന്നശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. അച്ഛന്റെ വേർപാട് ഇപ്പോഴും പാർവതിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. യുട്യൂബിൽ വ്ലോഗുകളുമായി സജീവമായ പാർവതി അച്ഛനെ കുറിച്ചും അദ്ദേഹത്തിന്റെ ഓർമകളെ കുറിച്ചും സംസാരിച്ച് പങ്കിട്ട വീഡിയോയാണിപ്പോൾ ശ്രദ്ധ നേടുന്നത്. നഷ്ടപ്പെട്ടശേഷമാണ് അച്ഛന്റെ വില മനസിലായതെന്നാണ് പാർവതി നിറകണ്ണുകളോടെ പറഞ്ഞത്.

അച്ഛൻ നല്ലപോലെ സ്മോക്ക് ചെയ്യുമായിരുന്നു. അത് അച്ഛനെ ഭയങ്കരമായി എഫക്ട് ചെയ്തു. നല്ല ഡയബറ്റിക്കുമായിരുന്നു അച്ഛൻ. ഒട്ടും ശ്രദ്ധിക്കാറില്ലായിരുന്നു. പറഞ്ഞാലും ശ്രദ്ധിക്കില്ല. ഷൂട്ടിന് ഇടയിലാണ് അച്ഛന് വയ്യെന്ന് അറിഞ്ഞത്. സ്ട്രോക്കായിരുന്നു. ആശുപത്രിയിൽ ഞാൻ ചെന്നപ്പോൾ എന്നെ കണ്ടതും അച്ഛൻ ഒരു കരച്ചിലായിരുന്നു. അവസാനമായി അച്ഛൻ എന്നോട് റെസ്പോണ്ട് ചെയ്ത സമയം അതായിരുന്നു. സ്മോക്ക് ചെയ്യുന്നവരെ നിയന്ത്രിക്കുക.
പിന്നെ കുറേക്കാലം അച്ഛനും അമ്മയും എനിക്കൊപ്പമായിരുന്നു. അച്ഛനെ നോക്കാൻ ഒരു നഴ്സിനേയും നിർത്തിയിരുന്നു. കണ്ണ് മാത്രമെ അനങ്ങുന്നുണ്ടായിരുന്നുള്ളു. വേറൊരു റെസ്പോണ്ടും ഉണ്ടായിരുന്നില്ല. വയ്യാതെ അച്ഛനെ എന്തിനാണ് കിടത്തിയിരിക്കുന്നതെന്ന് എനിക്ക് ഇങ്ങനെ തോന്നുമായിരുന്നു. അച്ഛൻ തിരിച്ച് വരണം പാറുവെന്ന് വിളിക്കുന്നത് കേൾക്കണം എന്നൊക്കെ തോന്നിയിരുന്നു.
പിന്നീട് ഒരു ദിവസം ഷൂട്ടിലായിരുന്നപ്പോഴാണ് അച്ഛന് കൂടുതലാണെന്ന് അറിഞ്ഞത്. ആശുപത്രിയിൽ കൊണ്ടുപോയപ്പോഴേക്കും മരിച്ചുവെന്ന് പാർവതി പറയുന്നു. മാതാപിതാക്കളുടെ ആരോഗ്യം നന്നായി ശ്രദ്ധിക്കണമെന്നും അവരുടെ നഷ്ടം നികത്താൻ പറ്റാത്തതാണെന്നും പാർവതി പറഞ്ഞു. നമുക്ക് പ്രായമാകുമ്പോഴാണ് നമ്മൾ മനസിലാക്കുന്നത് നമ്മുടെ അച്ഛനും അമ്മയ്ക്കും പ്രായമാകുകയാണെന്നത്.
ഇങ്ങനൊരു വീഡിയോ ചെയ്യേണ്ടെന്നാണ് കരുതിയിരുന്നത്. ഒരാൾക്കെങ്കിലും ഞാൻ പറയുന്നത് കണക്ടായാലോയെന്ന് ഞാൻ വിശ്വസിക്കുന്നു. എന്ത് പ്രശ്നം വന്നാലും നമ്മൾ ഓടി ചെല്ലുന്നത് പാരന്റ്സിന് അടുത്തേക്കാകും. കുട്ടിക്കാലത്ത് ഞാൻ വെകിളി പിടിച്ച് നടക്കുന്ന കൊച്ചായിരുന്നു.
മാതാപിതാക്കൾ പറയുന്നതൊന്നും കേൾക്കാറില്ലായിരുന്നു. മാത്രമല്ല എന്നെ വളരെ കൊഞ്ചിച്ചാണ് വളർത്തിയിരുന്നത്. അച്ഛനാണ് ഏറ്റവും കൂടുതൽ കൊഞ്ചിച്ചിരുന്നത്. ഞാൻ ഇന്റസ്ട്രിയിൽ സക്സസാകാണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നയാൾ അച്ഛനായിരുന്നു.

സിനിമയിൽ ചാൻസ് കിട്ടിയപ്പോൾ അമ്മയാണ് പലപ്പോഴും അനുവദിക്കാതിരുന്നത്. അച്ഛൻ പറഞ്ഞിട്ടാണ് പിന്നീട് അമ്മ സമ്മതിച്ചത്. ഉള്ളപ്പോൾ അതിന്റെ വില അറിയില്ലെന്ന് പറയുന്നത് വളരെ സത്യമാണ്. ഞാൻ എവിടെ എങ്കിലും പോയാൽ തിരിച്ച് എത്തുന്നത് വരെ നൂറ് തവണ അച്ഛൻ എന്നെ വിളിക്കും. ഞാൻ ചെറിയകുട്ടിയല്ലല്ലോയെന്ന് അന്നൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്.
അമ്മയോട് ഒരുപാട് വഴക്കിടുമായിരുന്നു. ഞാൻ പ്രസവിച്ചശേഷം അത് മാറി ആത്മാർത്ഥ സ്നേഹമായി. അച്ഛൻ മരിച്ചുവെന്നത് എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. അതിനെ മറികടക്കാൻ വീണ്ടും ഞാൻ വർക്ക് ചെയ്ത് തുടങ്ങി. കാരണം എന്റെ കയ്യിൽ നിന്നും കാര്യങ്ങൾ പോകാൻ തുടങ്ങി.
ഇടയ്ക്കിടെ അച്ഛനുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നെ ട്രിഗർ ചെയ്യുമായിരുന്നു. മാതാപിതാക്കൾക്കൊപ്പം സമയം ചിലവഴിക്കാൻ ശ്രമിക്കണം. കുറഞ്ഞത് പതിനഞ്ച് മിനിറ്റെങ്കിലും അവരോട് സംസാരിക്കുക. അച്ഛൻ എന്നെ ഇപ്പോൾ കാണുന്നുണ്ടാകും. അനുഗ്രഹിക്കുന്നുണ്ടാകും.
ലൈഫ് വളരെ അൺപ്രഡിക്ടബിളാണ്. അച്ഛൻ വയ്യാതെ കിടന്നപ്പോൾ എനിക്ക് പൊന്നുപോലെ നോക്കാൻ പറ്റിയെന്നതാണ് എന്നെ ഇപ്പോൾ ഏറെ ഹാപ്പിയാക്കുന്ന ഒരു കാര്യം. ഞാൻ ജോലി ചെയ്തുണ്ടാക്കിയ കാശിന് അർത്ഥം വന്ന സമയം അതായിരുന്നു. അവർ നമ്മുടെ കയ്യിൽ നിന്നും പോയി കഴിഞ്ഞാൽ പിന്നെ തിരിച്ച് കിട്ടില്ല.
എല്ലാ മാതാപിതാക്കളും ആറ് മാസം കൂടുതൽ നിർബന്ധമായും ബോഡി ചെക്കപ്പ് ചെയ്യണം. ഞങ്ങൾ എല്ലാവരും ഇപ്പോൾ അത് ചെയ്യാറുണ്ട്. നമ്മുടെ ഹെൽത്ത് നോക്കുന്നതുപോലെ അവരുടെ ഹെൽത്തും നമ്മൾ ശ്രദ്ധിക്കണമെന്നും പറഞ്ഞാണ് പാർവതി വീഡിയോ അവസാനിപ്പിച്ചത്.


Click it and Unblock the Notifications











