പത്തില്‍ പഠിക്കുമ്പോള്‍ ഒരു കൂട്ടുകാരന് കൊടുത്ത ഓട്ടോഗ്രാഫ്! അതിലെഴുതിയത് കണ്ട് ഞെട്ടിയെന്ന് പാര്‍വതി കൃഷ്ണ
സീരിയലിലും സിനിമയിലും ചെറുതും വലുതുമായ വേഷങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് പാര്‍വതി കൃഷ്ണ. അഭിനയത്തില്‍ സജീവമായതിന് പിന്നാലെ നടി അവതാരകയായിട്ടും ശ്രദ്ധ നേടിയിരുന്നു. ഏറ്റവുമൊടുവില്‍ കിടിലം എന്ന പരിപാടിയുടെ അവതാരകയായി നിറഞ്ഞ് നില്‍ക്കുകയായിരുന്നു പാര്‍വതി.
അതേ സമയം ഇന്ന് താന്‍ എത്തി നില്‍ക്കുന്ന അതേ കരിയറിനെ പറ്റി പത്താം ക്ലാസില്‍ പഠിക്കുമ്പോഴെ തീരുമാനിച്ചിരുന്നുവെന്ന് പറയുകയാണ് നടി. സുഹൃത്തിന് എഴുതി കൊടുത്ത ഓട്ടോഗ്രാഫിന്റെ ചിത്രമാണ് നടിയിപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. അന്ന് സുഹൃത്തിന് ഓട്ടോഗ്രാഫ് എഴുതി കൊടുത്തപ്പോള്‍ ജീവിതത്തില്‍ ആരാവണമെന്നുള്ള കോളത്തില്‍ രണ്ട് കാര്യങ്ങളാണ് പാര്‍വതി എഴുതിയത്.

ഒന്ന് സിവില്‍ എന്‍ജീനിയര്‍ ആവണമെന്നും രണ്ട് നടിയാവണമെന്നും. യഥാര്‍ഥത്തില്‍ അത് രണ്ടും താന്‍ പൂര്‍ത്തിയാക്കിയെന്നാണ് നടി പറയുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സിവില്‍ എന്‍ജിനീയറിങ്ങിന് പോയതിനെ പറ്റിയും പിന്നീട് നടിയായതിനെ കുറിച്ചുമൊക്കെയാണ് പാര്‍വതി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
'പത്തില്‍ പഠിക്കുമ്പോള്‍ ഒരു കൂട്ടുകാരന് കൊടുത്ത ഓട്ടോഗ്രാഫിന്റെ ഫോട്ടോ കയ്യില്‍ കിട്ടി. ഇതില്‍ ഞാന്‍ ഞെട്ടിയ ഒരു കാര്യമുണ്ട്. ഒരു ഗ്രാമത്തില്‍ വളര്‍ന്ന എനിക്ക് വീട് കുത്തിവരക്കുന്നത് ആണ് സിവില്‍ എഞ്ചിനീയറിംഗ് എന്ന് വിചാരിച്ച ഒരു സമയം ഉണ്ട്. പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് അത് വലിയ ഒരു സംഭവമാണെന്ന് മനസ്സിലായത്.

ഏറ്റവും രസം അതല്ല. മീഡിയ ഇന്‍ഡസ്ട്രറി എന്ന് പറയുന്ന ഒന്ന് ഒരു നാട്ടിന്‍പുറത്തുകാരി എന്ന നിലയില്‍ എന്നെ സംബന്ധിച്ചടത്തോളം വലിയ ഒന്ന് തന്നെ ആയിരുന്നു. അങ്ങനെ ഒരു മേഖലയില്‍ എത്തുമെന്നതിനെ കുറിച്ച ആലോചിക്കാന്‍ പോലും പറ്റില്ലാരുന്നു. വീട്ടില്‍ അമ്മ ടീച്ചര്‍ ആയിരിക്കെ തന്നെ ആള്‍ക്ക് ഞാന്‍ കലാപരമായി ചെയുന്ന കാര്യങ്ങള്‍ ഒന്നും ഇഷ്ടമായിരുന്നില്ല. ആകെ അച്ഛന്‍ മാത്രമുണ്ട് കലയ്ക്കു സപ്പോര്‍ട്ട് ആയിട്ടുള്ളത്.
ആദ്യ കാലങ്ങളില്‍ അച്ഛന്‍ ആയിരുന്നു നിഴലായി കൂടെ ഉണ്ടായിരുന്നത്. ഏതു ഷൂട്ടിന് പോകാനും, അന്ന് ഈ ഗൂഗിളും ഇന്‍സ്റ്റായും ഫേസ്ബുക്കും ഒന്നുമില്ല (ഗൂഗിള്‍ ഉണ്ടെങ്കിലും നോക്കാന്‍ ഒരു മാര്‍ഗവുമില്ല). എന്തിനു ഒരു ഫോണ്‍ പോലും ഞാന്‍ കോളേജ് ഫസ്റ്റ് ഇയറില്‍ ആണ് വാങ്ങിക്കുന്നത്.

എങ്ങനെ ഞാന്‍ പത്തില്‍ വെച്ച് എഴുതിയ ആ ഓട്ടോഗ്രാഫ് കറക്റ്റ് ആയി, എന്റെ ജീവിതത്തില്‍ സംഭവിച്ചു എന്ന് ഞാന്‍ ഒരു നിമിഷം അത്ഭുതപ്പെട്ടുപോയി. ചില കാര്യങ്ങള്‍ അങ്ങനെ ആണ്. നമ്മള്‍ പ്രതീക്ഷിക്കാതെ പറയുന്ന കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കും.
Is this called Manifestation. I think it si..ചിലതു അങ്ങനെ ആണ്. നമ്മള്‍ സ്വപ്നങ്ങള്‍ ആത്മാര്‍ത്ഥതയോടെ ആഗ്രഹിച്ചാല്‍ ദൈവത്തിനു അത് നടത്തി തരാതിരിക്കാന്‍ ഒരു നിര്‍വാഹവും ഇല്ല. എവിടെയെങ്കിലും നിങ്ങള്‍ തളരുന്നു എന്ന് തോന്നിയാല്‍, ഒരിക്കലും തോറ്റുപോയി എന്ന് വിചാരിക്കരുത്.
കാരണം അറിഞ്ഞുകൊണ്ട് ആര്‍ക്കും ഉപദ്രവം ഒന്നും നിങ്ങള്‍ ചെയ്തില്ലെങ്കില്‍ നമ്മളുടെ ലൈഫ് ഈ യൂണിവേഴ്സ് ഉയര്‍ത്തിക്കൊണ്ടു തന്നെ വരും. അത് ഈ ലോകത്തിന്റെ നിയമമാണ്. ഡ്രീം ഡ്രീം ഡ്രീം ബിഗ്. ഒരു പത്താം ക്ലാസ് ഓട്ടോഗ്രാഫ് 2010 ബാച്ച്...' എന്നും പറഞ്ഞാണ് പാര്‍വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications