എട്ട് മണിക്കൂർ, ഈ സ്ത്രീക്ക് മുന്നിലാണ് ഞാൻ തുറന്ന് പറഞ്ഞത്, ശാരദ മാമിന്റെ വാക്കുകൾ വേദനിപ്പിച്ചു: പാർവതി
തന്റേതായ നിലപാടുകളുമായി കരിയറിൽ മുന്നേറുന്ന നടി പാർവതി തിരുവോത്തിന് വെല്ലുവിളികളേറെയുണ്ട്. വലിയ അവസരങ്ങൾ പലതും നഷ്ടമായെങ്കിലും സിനിമാ രംഗത്ത് നിന്ന് പാർവതിയുടെ സാന്നിധ്യത്തെ തുടച്ച് നീക്കാൻ ആർക്കും സാധിച്ചില്ല. കഴിഞ്ഞ വർഷം തുടരെ റിലീസുകളുമായി എതിരാളികൾക്ക് മറുപടി നൽകാനും പാർവതിക്ക് സാധിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരാൻ വേണ്ടി വലിയ പ്രയത്നങ്ങൾ പാർവതിയും ഡബ്ല്യുസിസി അംഗങ്ങളും നടത്തിയിട്ടുണ്ട്.
റിപ്പോർട്ട് ഭാഗികമായി പുറത്ത് വന്നപ്പോൾ സിനിമാ രംഗത്തുണ്ടായ പൊട്ടിത്തെറികൾ ചെറുതല്ല. ആദ്യഘട്ടത്തിൽ റിപ്പോർട്ട് പുറത്ത് വിടാൻ ഹേമ കമ്മിറ്റിയോ സർക്കാരോ തയ്യാറായിരുന്നില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണ് പാർവതിയിപ്പോൾ. ഹേമ കമ്മിറ്റി അംഗമായിരുന്ന നടി ശാരദയ്ക്കെതിരെ പാർവതി പരസ്യ വിമർശനം ഉന്നയിച്ചു. വേദനിപ്പിച്ച പരാമർശം ശാരദയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്ന് പാർവതി തുറന്ന് പറഞ്ഞു. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ഹേമ കമ്മിറ്റിയിൽ ജസ്റ്റിസ് ഹേമയുൾപ്പെടെ മൂന്ന് സ്ത്രീകളാണുള്ളത്. പ്രഗൽഭ നടി ശാരദയുമുണ്ട്. ഹേമ കമ്മിറ്റിക്ക് മുന്നിൽ എട്ട് മണിക്കൂറാണ് സംസാരിച്ചത്. ഒരു പതിറ്റാണ്ട് ഞാൻ കടന്ന് പോയ കാര്യങ്ങൾ അവരുടെ മുന്നിൽ തുറന്ന് പറഞ്ഞു. ലൈംഗികാതിക്രമം മാത്രമല്ല പ്രശ്നങ്ങൾ. അവർ ഞാൻ പറയുന്നതെല്ലാം എഴുതുകയാണ്. ഓരോ പേജും എഴുതിക്കഴിഞ്ഞ് നമ്മൾക്ക് വായിച്ച് കേൾപ്പിക്കും. ട്രോമയിൽ റീ ലിവ് ചെയ്യേണ്ടി വരുന്നത് ഭ്രാന്ത് പിടിപ്പിക്കും.
എല്ലാം പറഞ്ഞിട്ടും കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നുണ്ടായിരുന്നില്ല. ഞങ്ങളുടെ ചോരയും നീരും നൽകിയാണ്, നിങ്ങളും കഠിനാധ്വാനം ചെയ്തു കമ്മിറ്റി റിപ്പോർട്ട് എവിടെയെന്ന് ഞങ്ങൾ ചോദിച്ചു. ഇത്രയും പ്രശ്നമാണ് ഇൻഡസ്ട്രിയിൽ നിൽക്കാനെങ്കിൽ എന്തുകാെണ്ട് നിങ്ങൾക്ക് ഈ രംഗം വിട്ടുകൂടാ, നിങ്ങൾ പ്ലോബ്ലമാറ്റിക്കാണ് എന്നാണ് ശാരദ മാം പറഞ്ഞത്. ഈ സ്ത്രീക്ക് മുന്നിലാണ് ഞാനെന്റെ ആത്മാവ് തുറന്ന് കാണിച്ചത്. ഞാനും ഒരുപാട് സ്ത്രീകളും.

വർക്ക് ചെയ്യാനുള്ള അർഹതപ്പെട്ട ഇടം ചോദിച്ചതിന് ഞങ്ങളോട് ഇവിടം വിടാനാണ് പറയുന്നത്. ഒരു പുരുഷൻ ഗ്യാസ് ലെെറ്റ് ചെയ്താൽ എനിക്കത് കൈകാര്യം ചെയ്യാം. പക്ഷെ ഒരു സ്ത്രീ അങ്ങനെ ചെയ്യുമ്പോൾ വേദന തോന്നും. എവിടെയാണ് അനുകമ്പ. സർക്കാർ നിയോഗിച്ച കമ്മിറ്റിക്ക് മുന്നിൽ പോയിട്ട് അവർ പറയുന്നത് നിങ്ങൾ വെറുതെ പരാതിപ്പെടുകയാണ് എന്നാണ്. സംഭവിച്ചത് കൊണ്ടല്ലേ പരാതിപ്പെടുന്നതെന്നും പാർവതി ചോദിക്കുന്നു.
മലയാള സിനിമയിൽ പതിനഞ്ചംഗ പവർഗ്രൂപ്പുണ്ടെന്നും കാസ്റ്റിംഗ് കൗച്ച്, താെഴിൽ നിഷേധം, തൊഴിൽ ചൂഷണം, ലെെംഗികാതിക്രമം തുടങ്ങിയവ നിലനിൽക്കുന്നുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
എഎംഎംഎ സംഘടനയാണ് റിപ്പോർട്ടിന് പിന്നാലെ ഏറ്റവും കൂടുതൽ വിമർശനം കേട്ടത്. സംഘടനയുടെ നേതൃത്വത്തിലുള്ളവർക്ക് നേരെ പിന്നാലെ ചില സ്ത്രീകൾ പരാതിയും നൽകി. ബലാത്സംഗ പരാതിക്ക് പിന്നാലെ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്തിരുന്നു. എഎംഎംഎയുടെ ജനറൽ സെക്രട്ടറിയായിരുന്നു സിദ്ദിഖ്. പരാതിക്ക് പിന്നാലെ സ്ഥാനം രാജി വെച്ചു.


Click it and Unblock the Notifications