ശരീരത്തിന് താങ്ങാൻ പറ്റാതായി; ഡോക്ടർ ചോദിച്ചത് എന്റെ ജീവിതം മാറ്റി; തുറന്ന് പറഞ്ഞ് പാർവതി തിരുവോത്ത്
മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന നടിയാണ് പാർവതി തിരുവോത്ത്. കടുത്ത സെെബറാക്രമണമുൾപ്പെടെ നേരിട്ട പാർവതി ഒന്നിലേറെ തവണ വിഷമഘട്ടങ്ങൾ അഭിമുഖീകരിച്ചിട്ടുമുണ്ട്. മമ്മൂട്ടിയുടെ കസബ എന്ന സിനിമയെ വിമർശിച്ചപ്പോൾ കടുത്ത അധിക്ഷേപങ്ങളാണ് നടിക്ക് കേൾക്കേണ്ടി വന്നത്. പിന്നീട് അമ്മ സംഘടനയിൽ നിന്നുള്ള രാജി, സ്ത്രീ വിരുദ്ധതയ്ക്കെതിരെയുള്ള പ്രസ്താവനകൾ തുടങ്ങി പല വിഷയങ്ങൾ നടിയെ വിവാദച്ചുഴിയിലാക്കി. വിവാദങ്ങൾ അന്ന് കരിയറിനെ ബാധിച്ചെങ്കിലും സിനിമാ രംഗത്ത് വീണ്ടും സജീവമാകാൻ പാർവതിക്ക് കഴിഞ്ഞു.
ഇപ്പോഴിതാ 2014 ൽ താൻ നേരിട്ട മാനസിക സംഘർഷത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് പാർവതി. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ബാംഗ്ലൂർ ഡെയ്സിന്റെ ഷൂട്ടിന്റെ സമയത്ത് ഞാൻ തല കറങ്ങി വീണു. എന്നെ ആശുപത്രിയിലെത്തിച്ചു. അന്നാണ് ആദ്യമായി എന്റെ ശരീരം സൂചന നൽകിയത്. ഒരുപാട് കാര്യങ്ങൾ ഉള്ളിലൊതുക്കുന്നു. ബോഡിക്ക് അത് എടുക്കാൻ പറ്റുന്നില്ല. മനസിനെ ശരിയാക്കിയില്ലെങ്കിൽ ശരീരം നിർത്തെന്ന് പറയും. അതിന് സൈക്കോസെമാറ്റിക് ആയ പ്രശ്നങ്ങൾ തുടങ്ങും.

അന്ന് എന്നെ ഡോക്ടറിനടുത്ത് കൊണ്ട് പോയപ്പോൾ നെഞ്ചിനുള്ളിൽ ഭയങ്കര വേദനയായിരുന്നു. എനിക്ക് ശ്വസിക്കാൻ പറ്റുന്നില്ലെന്നാണ് ഞാൻ പറയുന്നത്. പറ്റുന്നില്ല എന്നാണോ അറിയില്ല എന്നാണോയെന്ന് ഡോക്ടർ ചോദിച്ചു. അതെന്റെ ജീവിതം മാറ്റി. യഥാർത്ഥത്തിൽ എങ്ങനെയാണ് ശ്വസിക്കേണ്ടതെന്ന് ഞാൻ മറന്ന് പോയി. ഡോക്ടർ എനിക്ക് പറഞ്ഞ് തരേണ്ടി വന്നു. 2014 ൽ അത് നടന്നപ്പോൾ ഞാൻ ഷോക്ക് ആയി. സഹോദരന് അറിയാമായിരുന്നു. മാതാപിതാക്കൾ പിന്നീടാണ് അറിഞ്ഞത്. എന്താണ് പറ്റിയതെന്ന് കണ്ടെത്താൻ ശ്രമിച്ചു.
എന്തുപറ്റിയെന്ന് ചോദിക്കുമ്പോൾ എനിക്ക് പാനിക്ക് അറ്റാക്ക് വരാൻ തുടങ്ങി. കാരണം ഉത്തരം അറിയില്ല. ദേഹത്ത് വേദന വരുന്നുണ്ട്. പക്ഷെ യഥാർത്ഥത്തിൽ വേദനയില്ല. ഈ വിഷയം ഓരോ സിനിമ കഴിയുന്തോറും ഓരോ പ്രശ്നം സംഭവിക്കുന്തോറും കൂടി വന്നെന്നും പാർവതി തുറന്ന് പറഞ്ഞു.

മാനസികാരോഗ്യത്തിന് തെറാപ്പി വളരെയധികം സഹായിച്ചെന്നും പാർവതി വ്യക്തമാക്കി. കാലങ്ങളായുള്ള തെറാപ്പിയുടെ റിവലേഷൻ കുറേക്കഴിഞ്ഞാണ് വരുക. അപ്പോൾ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ സമയം നഷ്ടപ്പെടില്ലായിരുന്നു എന്നൊക്കെ തോന്നും. പക്ഷെ അങ്ങനെ തോന്നേണ്ടതില്ലെന്നും പാർവതി വ്യക്തമാക്കി. ഒരു പാരന്റ് കുട്ടിയെ നോക്കുന്നത് പോലെയോ അടുത്ത സുഹൃത്തിന് നമ്മൾ കൊടുക്കുന്ന കരുതൽ പോലെയോ നമ്മൾ എന്തുകൊണ്ട് നമ്മളോട് സ്നേഹം കാണിക്കുന്നില്ല.
സുഹൃത്തുക്കളോടും ചിലപ്പോൾ ശത്രുക്കളോട് പോലും നമ്മൾ ക്ഷമിക്കും. പക്ഷെ നമ്മൾ ചെയ്യുന്ന തെറ്റുകൾ നമ്മൾ ക്ഷമിക്കുന്നില്ലെന്നും പാർവതി ചൂണ്ടിക്കാട്ടി. ട്രോമ ഡംപ് ചെയ്യാതിരിക്കുക എന്നാണ് തെറാപ്പിയിൽ നിന്ന് പഠിച്ച പ്രധാന പാഠം. ഉള്ളിൽ വിഷമം നിറഞ്ഞ് കവിഞ്ഞ് നിൽക്കുമ്പോൾ ഒരാളെ കിട്ടിയാൽ ഡാം പൊട്ടുന്നത് പോലെ അത് പുറത്തേക്ക് വരും. പക്ഷെ അവർക്കത് കേൾക്കാനുള്ള ബാന്റ്വവിഡ്ത് ഉണ്ടോ, അവരെയത് ട്രിഗർ ചെയ്യുമോ അവരെ ട്രിഗർ ചെയ്താൽ അവരെയും ശ്രദ്ധിക്കാനുള്ള ബാൻഡ് വിഡ്ത് എനിക്കുണ്ടോ എന്നൊക്കെ ചിന്തിക്കണം.
പ്രൊഫഷണൽ ഹെൽപ്പ് കിട്ടാനുള്ള പ്രിവിലേജ് എല്ലാവർക്കും ഇല്ല. ക്ഷെ ഞാനത് ചെയ്സ് ചെയ്ത് പിടിച്ചിട്ടുണ്ട്. വളരെ മോശം തെറാപിസ്റ്റിന് അടുത്ത് പെട്ടിട്ടുണ്ട്. അതിൽ നിന്നുള്ള ട്രോമ വേറെയാണ്. എന്നിട്ടും മറ്റാെരു തെറാപിസ്റ്റിനെ വിശ്വസിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. തനിക്ക് നല്ല തെറാപിസ്റ്റിനെ കണ്ടെത്താനായെന്നും പാർവതി വ്യക്തമാക്കി.


Click it and Unblock the Notifications











