ഇപ്പോഴും ജീവനോടെയുണ്ടെന്നത് അവിശ്വസനീയം; മൂന്ന് നാല് വർഷം നേരിട്ട മാനസിക സംഘർഷം; പാർവതി
കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ഒന്നിന് പിറകെ ഒന്നായി നടി പാർവതി തിരുവോത്തിനെ തേടി വിവാദങ്ങളെത്തുന്നത്. കസബ എന്ന സിനിമയ്ക്കെതിരെ നടത്തിയ പരാമർശം, അമ്മ സംഘടനയ്ക്കെതിരെ സ്വീകരിച്ച നിലപാട് തുടങ്ങി പല വിഷയങ്ങൾ പാർവതി തിരുവോത്തിന് നേരെ സൈബർ അധിക്ഷേപങ്ങൾ വരാൻ കാരണമായി. മാനസികമായി കടുത്ത സമ്മർദ്ദത്തിലൂടെ നടിക്ക് കടന്ന് പോകേണ്ടി വന്നു. ഇപ്പോഴിതാ സൈബർ ആക്രമണങ്ങളും വിവാദങ്ങളും എത്രമാത്രം തന്നെ ബാധിച്ചു എന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് പാർവതി.
ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചത്. മൂന്നാല് വർഷം മുമ്പ് ഞാൻ കടന്ന് പോയ മാനസിക നില നോക്കുമ്പോൾ ഞാൻ ഇവിടെ ഇല്ലാതിരിക്കാൻ എല്ലാ ചാൻസുമുണ്ടായിരുന്നു. ചിലപ്പോൾ സിനിമ കഴിഞ്ഞ് പോകുമ്പോഴോ സുഹൃത്തുക്കളുമായി ചിരിച്ച് കളിച്ച് സംസാരിക്കുമ്പോഴും ദൈവത്തോട് നന്ദി പറയും. കാരണം ഇതൊക്കെ ഞാൻ മിസ് ചെയ്തേനെ. ജീവിതം മിസ് ചെയ്തേനെ. ചില കാര്യങ്ങളിലൂടെ കടന്ന് പോകുക എളുപ്പമല്ല. കാരണം വിട്ടുകൊടുക്കുന്നതിനടുത്ത് നിങ്ങൾ എത്തി.

താൻ ഇപ്പോഴും ഇവിടെയുണ്ടെന്നത് തനിക്ക് തന്നെ അവിശ്വസനീയമാണെന്നും പാർവതി തുറന്ന് പറഞ്ഞു. താനിപ്പോൾ പഴയ ആംഗ്രി യംങ് വുമൺ അല്ല. ദേഷ്യമുണ്ട്, പക്ഷെ ഞാനെങ്ങനെയാണെന്നതിൽ മാറ്റം വന്നു. ഇരുപതുകളിലുള്ള ദേഷ്യവും വിഷമവുമെല്ലാം ഇപ്പോൾ മാറി. പക്ഷെ പഴയ വ്യക്തിയിൽ നിന്നും ഒന്നും മാറ്റേണ്ടിയിരുന്നെന്ന് ഇപ്പോൾ തോന്നുന്നില്ല. അന്നത്തെ തന്റെ സ്വഭാവമാണ് തന്നെ ഇന്നത്തെ പാർവതിയിലേക്ക് എത്തിച്ചതെന്നും പാർവതി വ്യക്തമാക്കി.
കടുത്ത സൈബർ ആക്രമണം നേരിട്ട ഘട്ടത്തെക്കുറിച്ചും പാർവതി സംസാരിച്ചു. വധ ഭീഷണിയും ബലാത്സംഗ ഭീഷണിയും വന്നപ്പോഴാണ് പൊലീസിനെ സമീപിച്ചത്. തന്റെ മാത്രം പ്രശ്നമായി താനതിനെ കണ്ടിട്ടില്ല. തന്നെ പിന്തുണച്ചവരെല്ലാം നാളെ തങ്ങൾക്കും ഇങ്ങനെ സംഭവിക്കാം എന്ന് തോന്നി വന്നവരാണെന്നും പാർവതി തിരുവോത്ത് ചൂണ്ടിക്കാട്ടി.

സൈബർ ആക്രമണം നടന്ന ആദ്യത്തെ മൂന്ന് മാസം ഭയങ്കര സ്ട്രോങ് ആയിരുന്നു. പിന്നെ ശാരീരികമായ തളർന്നു. ബിപി കുറഞ്ഞു. അഞ്ചാറ് മാസം കഴിഞ്ഞ് എല്ലാം അടങ്ങിയ ശേഷം ശാരീരിക പ്രശ്നങ്ങൾ തുടങ്ങി. അപ്പോഴേക്കും ഉയരെ എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി. ആ സിനിമ തന്നെ രക്ഷിച്ചെന്നും പാർവതി വ്യക്തമാക്കി. മാതാപിതാക്കളെ എല്ലാ ദിവസവും തനിക്ക് മിസ് ചെയ്യാറുണ്ടെന്ന് പാർവതി പറയുന്നു. അവർക്കൊപ്പമുള്ളപ്പോൾ പോലും അവരെ മിസ് ചെയ്യും.
19ാമത്തെ വയസിൽ വീട് മാറി ഒറ്റയ്ക്ക് താമസിച്ച ആളാണ് ഞാൻ. പക്ഷെ 35ാം വയസിലും ഒരു ചാൻസ് കിട്ടിയാൽ വീട്ടിലേക്ക് ഓടിപ്പോകും. അവരെ ഇഷ്ടമല്ലാത്തത് കൊണ്ടല്ല ഒറ്റയ്ക്ക് താമസിച്ചത്. കല്യാണം കഴിച്ചിട്ടോ ജോലി കിട്ടിയിട്ടോ ആയിരിക്കില്ല ഞാൻ മാറി താമസിക്കുന്നത്. ഞാനൊരു പ്രായപൂർത്തിയായ വ്യക്തിയായപ്പോൾ എടുത്ത തീരുമാനമാണതെന്നും പാർവതി വ്യക്തമാക്കി. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നടി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. തെറാപ്പി തന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നാണ് പാർവതി പറയുന്നത്.


Click it and Unblock the Notifications