കുഞ്ഞിന് ജന്മം നൽകുന്നയാളായി ഇപ്പോൾ എന്നെ കാണുന്നില്ല; എഗ് ഫ്രീസിംഗ് ചെയ്തോ? പാർവതിയുടെ മറുപടി
കരിയറിലെ തിരക്കുകളിലാണ് നടി പാർവതി തിരുവോത്ത്. ജീവിതത്തിലും കരിയറിലും തന്റേതായ കാഴ്ചപ്പാടുകൾ പാർവതി തിരുവോത്തിനുണ്ട്. എപ്പോഴും ഈ നിലപാടുകളിലൂടെ മുന്നോട്ട് പോകുന്നയാളാണ് പാർവതി. പുതിയ അഭിമുഖത്തിൽ പാർവതി തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നുണ്ട്. വിവാഹം, മാതൃത്വം എന്നിവയെക്കുറിച്ച് പാർവതി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞു. ഹോട്ടർഫ്ലെെ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
എന്റെ സഹോദരൻ അവന്റെ ഇന്നത്തെ ഭാര്യയുമായി പ്രണയത്തിലായിരുന്ന സമയം. അവനെ ഇതിൽ സഹായിച്ചാൽ തിരിച്ച് എനിക്ക് വിവാഹത്തിന് സമ്മർദ്ദം വരുമ്പോൾ എനിക്കൊപ്പം നിൽക്കണമെന്ന ധാരണ ഞാനുണ്ടാക്കി. വിവാഹം എന്ന ഇൻസ്റ്റിറ്റ്യൂഷനെക്കുറിച്ച് എനിക്ക് പറയാനില്ല. കാരണം ഒരുപാട് കൺഫ്യൂഷനുണ്ട്. നിയമപരമായി എന്താെക്കെ സംരക്ഷണമുണ്ട് എന്നതിലെല്ലാം. ഇന്നത്തെ കാലഘട്ടത്തിൽ ഒരു കംപാനിയൻഷിപ്പ് നിയമപരമാക്കുമ്പോൾ അതെന്തിനാണെന്ന് പൂർണമായി മനസിലാക്കേണ്ടതുണ്ട്. ഒരു കുടുംബമായുള്ള ആഘോഷം എനിക്ക് മനസിലാകും. എന്നാൽ വിവാഹത്തിൽ എനിക്ക് താൽപര്യമില്ല.

കുഞ്ഞുങ്ങളുണ്ടാകുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നും പാർവതി തിരുവോത്ത് പറയുന്നു. എന്റെ മകളുടെ പേര് ടാറ്റൂ ചെയ്തിട്ടുണ്ട്. ഏഴ് വയസായപ്പോൾ ഞാൻ ഭാവിയിൽ ദത്തെടുക്കുമെന്ന് തീരുമാനിച്ചിരുന്നു. കാരണം സുസ്മിത സെൻ ആണ്. അവരുടെ ഇന്റർവ്യൂ കണ്ടതും വല്ലാതെ സ്വാധീനിക്കപ്പെട്ടതും ഞാൻ ഓർക്കുന്നു. അച്ഛനും അമ്മയും ഞാൻ പറഞ്ഞത് കാര്യമാക്കിയില്ല.
എന്നാൽ ടാറ്റൂ ചെയ്തത് കണ്ട് ഇവൾ സീരിയസാണെന്ന് അമ്മയ്ക്ക് തോന്നി. ഒരുപക്ഷെ അതിന് വേണ്ടി ഞാൻ ഒരിക്കൽ തയ്യാറായേക്കും. ഒരു കുഞ്ഞിന് ജന്മം നൽകുന്ന ആളായി ഞാൻ ഇപ്പോൾ എന്നെ കാണുന്നില്ല. എഗ് ഫ്രീസ് ചെയ്തിട്ടില്ല. എന്റെ ബോഡിയെ അതിലൂടെ കൊണ്ട് പോകാൻ ഞാനാഗ്രഹിക്കുന്നില്ല.
ഇതിൽ ഓരോരുത്തർക്കും അവരുടേതായ തീരുമാനമാണ്. എന്റേത് പല തവണ മാറിയിട്ടുണ്ട്. അമ്മയാകുന്നതാണ് എന്റെ ജീവിതത്തിൽ ചെയ്യാനുള്ള ഏക കാര്യമെന്ന് ഞാൻ വിചാരിച്ച സമയമുണ്ട്. ഭാഗ്യം, ആ ചിന്തയിൽ നിന്ന് കടന്നല്ലോ, ദെെവത്തിന് നന്ദി എന്നാണിപ്പോൾ ഞാൻ ചിന്തിക്കുന്നത്. അന്നത്തെ എന്റെ ഒരംശം പോലും ഇന്നില്ല. പക്ഷെ നർച്വർ ചെയ്യാനുള്ള മെച്ചപ്പെട്ടെ സെൻസ് എനിക്കിന്നുണ്ട്. എന്റെ വളർത്ത് നായ കാരണമാണത്.
ഭാവിയിൽ ഒരു മനുഷ്യ ജീവനുണ്ടാക്കണമെന്ന് തോന്നിയാൽ ഒരു പങ്കാളിയുണ്ടായി ഞങ്ങളിലെ ശകലങ്ങൾ ഉണ്ടാകണമെന്ന് കരുതുന്ന നിമിഷത്തിലായിരിക്കും. ഇന്നത്തെ ലോകം എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് അവരെ തീയിലേക്ക് എറിയുന്നത് പോലെയാണ്. കൂടുതൽ കുട്ടികളെയുണ്ടാക്കാൻ തനിക്ക് താൽപര്യമില്ലെന്നും പാർവതി തിരുവോത്ത് വ്യക്തമാക്കി.
മലയാളത്തിലും തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം പാർവതി സിനിമകൾ ചെയ്യുന്നുണ്ട്. ഐ, നോ ബഡിയാണ് പാർവതിയുടെ വരാനിരിക്കുന്ന മലയാള സിനിമ. പൃഥ്വിരാജാണ് ചിത്രത്തിലെ നായകൻ. ഹിറ്റ് ജോഡി വീണ്ടും ഒരുമിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്. പാർവതിയുടെ സിനിമകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications











