എനിക്ക് ചിയാനെ വളരെ വിശ്വാസമായി; തൊടുമ്പോഴോ കൈ പിടിക്കുമ്പോഴോ ആശ്ചര്യമുണ്ടായില്ല; പാർവതി തിരുവോത്ത്
വിവാദങ്ങൾ കരിയർ ഇല്ലാതാക്കി എന്ന് പരിഹസിക്കുന്നവരുടെ വായടപ്പിച്ച് കൊണ്ട് തുടരെ മികച്ച സിനിമകളുമായി പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് പാർവതി തിരുവോത്ത്. അടുത്തിടെ പുറത്തിറങ്ങിയ ഉള്ളൊഴുക്ക് എന്ന സിനിമയിൽ അവിസ്മരണീയ പ്രകടനമാണ് പാർവതി തിരുവോത്ത് കാഴ്ച വെച്ചത്. തങ്കലാൻ ആണ് പാർവതിയുടെ പുതിയ സിനിമ. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ വൻ താര നിരയാണ് അണിനിരക്കുന്നത്. ചിയാൻ വിക്രമാണ് ചിത്രത്തിലെ നായകൻ. തീർത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് തങ്കലാനിൽ അഭിനേതാക്കളെത്തുന്നത്.
ഗംഗമ്മ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ പാർവതി എത്തുന്നത്. ഇപ്പോഴിതാ തങ്കലാനിൽ ചിയാൻ വിക്രമിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് പാർവതി തിരുവോത്ത്. സിനിമാ വികടനുമായുള്ള അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഒപ്പം അഭിനയിക്കുന്നവരെ മനസിലാക്കുന്ന നടനാണ് ചിയാൻ വിക്രമെന്ന് പാർവതി പറയുന്നു.

ഗംഗമ്മയും തങ്കലാനും ഭാര്യയും ഭർത്താവുമാണ്. ആ റിലേഷൻഷിപ്പ് എങ്ങനെയായിരിക്കുമെന്നത് പ്രധാനമാണ്. കോ ആക്ടറുടെ കൂടെ സംസാരിക്കണം. അപ്പോഴേ കംഫർട്ടബിളാകൂ. കെമിസ്ട്രിക്ക് ഫോഴ്സ് ചെയ്യേണ്ട. ആദ്യ ദിവസം തന്നെ ഒരു സീൻ വായിക്കുമ്പോൾ ഗംഗമ്മാനും തങ്കലാനും എങ്ങനെയാണെന്ന് കണ്ട് പിടിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ആ പ്രോസസിൽ സേഫ് ആയ പാർടണറെ ഞാൻ കണ്ടെത്തി. സ്ത്രീകളാകുമ്പോൾ തൊടുമ്പോഴും മറ്റും ഒരു മടിയുണ്ടാകും.
എന്നാൽ എനിക്ക് ചിയാനെ വളരെയധികം വിശ്വസിക്കാനായി. ഷോട്ടിനിടയിൽ ഇംപ്രവൈസ് ചെയ്ത് ഒരു സ്പർശനം വന്നാലോ കൈ പിടിച്ചാലോ എനിക്കത് ആശ്ചര്യമുണ്ടാക്കില്ല. ജീവിതത്തിൽ അങ്ങനെയാണ്. ഒരുപാട് കാലം ഒരുമിച്ച് കഴിയുന്നവർ തൊടുമ്പോൾ അത് പുതിയതായി തോന്നില്ല. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ അങ്ങനെയായി. അഭിനേതാക്കൾ എന്ന നിലയിൽ ഗിവ് ആന്റ് ടേക്ക് ഉണ്ടാകും.

എവിടെയെങ്കിലും വിട്ട് പോകുമ്പോൾ അദ്ദേഹത്തെ നോക്കിയാൽ തിരിച്ച് അഭിനയത്തിലേക്ക് എത്താൻ പറ്റും. ഞങ്ങളുടെ പ്രോസസുകൾ ഒരുപോലെയായിരുന്നു. ആ ലോകത്താക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാണ്. എനിക്കും അങ്ങനെയാണ്. ഇമോഷണൽ സീനിൽ മാത്രമല്ല. ഫിസിക്കലി ചലഞ്ചാകുന്ന സീനിലും അദ്ദേഹം ടിപ്സ് തരും. വർക്കൗട്ട് ചെയ്യുമ്പോൾ ഷൂട്ടിന് സഹായിക്കുന്ന വർക്കൗട്ടുകൾ പറഞ്ഞ് തരും. വളരെ നല്ല വ്യക്തിയാണ് ചിയാൻ വിക്രമെന്നും പാർവതി തിരുവോത്ത് വ്യക്തമാക്കി.
നേരത്തെ തങ്കലാനിലേക്ക് താൻ എത്തിയതിനെക്കുറിച്ച് പാർവതി തിരുവോത്ത് സംസാരിച്ചിട്ടുണ്ട്. നേരത്തെ മറ്റ് ചില സിനിമകൾ പാ രഞ്ജിത്ത് തനിക്ക് ഓഫർ ചെയ്തിരുന്നു. പക്ഷെ ചെയ്യാൻ പറ്റിയില്ല. എന്നാൽ ഇത്തവണ താൻ അവസരം നഷ്ടമാക്കിയില്ലെന്ന് പാർവതി വ്യക്തമാക്കി. ഷൂട്ടിന് ചെല്ലുമ്പോൾ ഗംഗമ്മാൾ എന്ന സ്ത്രീയോട് കാണിക്കേണ്ട ബഹുമാനം കൊടുത്ത് പൂർണ നീതി നൽകിക്കൊണ്ട് പെർഫോം ചെയ്യുക എന്നത് മാത്രമായിരുന്നു ശ്രദ്ധയെന്നും പാർവതി തിരുവോത്ത് വ്യക്തമാക്കി. ആഗസ്റ്റ് 15 നാണ് തങ്കലാൻ റിലീസ് ചെയ്യുന്നത്. ചിത്രം കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications