യുവ നടൻമാരുടെ കാര്യം അതിലും മോശമാണ്, ചിലർക്ക് നീരസവുമുണ്ട്; തുറന്നടിച്ച് പാർവതി തിരുവോത്ത്
അഭിപ്രായങ്ങൾ തുറന്ന് പറയേണ്ടി വന്നതിന്റെ പേരിൽ കരിയറിൽ വലിയ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ശക്തമായി മുന്നോട്ട് പോകാൻ നടി പാർവതി തിരുവോത്തിന് കഴിഞ്ഞിട്ടുണ്ട്. ഡബ്ല്യുസിസിയുടെ രൂപീകരണം, ഹേമ കമ്മിറ്റി റിപ്പോർട്ട് തുടങ്ങി മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കിയ സംഭവങ്ങളിലെല്ലാം പാർവതി മുന്നിലുണ്ടായിരുന്നു. എന്നും തന്റേതായ തീരുമാനങ്ങളിൽ ഉറച്ച് നിന്ന പാർവതിക്ക് സിനിമാ ലോകത്ത് ശത്രുക്കളുമുണ്ട്. കടുത്ത സൈബർ ആക്രമണം ഒന്നിലേറെ തവണ നടിക്ക് നേരിടേണ്ടി വന്നു. എന്നാൽ ഇതിനെയെല്ലാം അതിജീവിച്ച് കൊണ്ട് മുന്നോട്ട് പോകാൻ പാർവതിക്ക് സാധിക്കുന്നു.
മലയാള സിനിമാ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ ഡബ്ല്യുസിസി അംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്. സൂപ്പർസ്റ്റാറുകൾക്ക് നേരെ ജനങ്ങളുടെ ചോദ്യങ്ങൾ വരാൻ പോലും ഇവരുടെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ അമ്മ സംഘടന പ്രസിഡന്റ് സ്ഥാനത്ത് നിന്നും മോഹൻലാൽ രാജിവെക്കുക പോലുമുണ്ടായി.

മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കുന്ന പല സംഭവങ്ങളുണ്ടായിട്ടും മലയാളത്തിലെ യുവ താരങ്ങളിൽ പലരും മൗനത്തിലാണ്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ പാർവതി തിരുവോത്ത്. യുവ താരങ്ങളുടെ മനോഭാവം തന്നെ അലട്ടുന്നുണ്ടെന്ന് പാർവതി പറയുന്നു. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എഴുത്തുകാരി അരുദ്ധതി റോയ്ക്കൊപ്പം സംസാരിക്കുകയായിരുന്നു പാർവതി.
നിലവിൽ മലയാള സിനിമാ രംഗത്തുള്ള പ്രശ്നങ്ങളിൽ യുവ നടൻമാരുടെ പിന്തുണ ലഭിക്കുന്നുണ്ടോ എന്ന് അരുദ്ധതി റോയ് ചോദിച്ചു. ഇതിന് മറുപടി നൽകുകയായിരുന്നു പാർവതി. പുതുതലമുറയിലെ നടൻമാർ പഴയ തലമുറയിലേത് പോലെയല്ല. കുറച്ച് കൂടെ മോശമാണ്. പഴയ തലമുറ പാട്രിയാർക്കിയിൽ കുറേക്കൂടി കമ്മിറ്റഡ് ആയിരുന്നു.

പുതുതലമുറയുടെ മടിയാണ് എന്നെ അലട്ടുന്നത്. അവർക്ക് എന്താണ് നടക്കുന്നതെന്ന് കാണാം. ഇൻഡ്സട്രിയിൽ ചില ആളുകൾക്ക് നീരസവുമുണ്ട്. കാരണം മുൻ തലമുറയ്ക്കുണ്ടായിരുന്ന ബെനിഫിറ്റുകൾ അവർക്ക് ലഭിക്കുന്നില്ലെന്നും പാർവതി തിരുവോത്ത് തുറന്ന് പറഞ്ഞു.
ഇത്തരം മൂവ്മെന്റുകൾ നടക്കുമ്പോഴും വലിയ ബഡ്ജറ്റിൽ പുരുഷാകാശ ആക്ടിവിസമെന്ന് പറഞ്ഞ് സിനിമകൾ ഉണ്ടാക്കുന്നുണ്ട്. ആൽഫ മെയിലും സ്ത്രീകളെക്കുറിച്ചുള്ള സങ്കൽപ്പങ്ങളുമൊക്കെയുള്ള പഴയകാലം തിരിച്ച് കൊണ്ട് വരുമെന്നാണ് അവർ പറയുന്നത്. അടുത്തിടെ അത് പോലെയൊരു സിനിമ കണ്ടെന്നും പാർവതി പറയുന്നു. ഇവർക്കൊപ്പം പിന്നെയും വർക്ക് ചെയ്യേണ്ടി വരുമെന്ന ചിന്ത ഉള്ളിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതില്ലെന്നും നടി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അമ്മ സംഘടനയ്ക്കെതിരെയും പാർവതി വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയുണ്ടായി. അമ്മ എന്ന് സംഘടനയെ വിളിക്കേണ്ടെതില്ലെന്ന് പാർവതി പറഞ്ഞു. എഎംഎംഎയാണ്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്. അസോസിയേഷനാണ്. ഒരു ക്ലബ് അല്ല, ഒരു കുടുംബമല്ലെന്നും പാർവതി പറഞ്ഞു. പഞ്ചായത്തിൽ പണ്ട് കണ്ട് വരുന്ന രീതിയിലുള്ള വോട്ടെടുപ്പുകളാണ്. ഒരു ഘട്ടം കഴിഞ്ഞ് പ്രഹസനമാണെന്ന് മനസിലാക്കി കഴിയുമ്പോൾ സംഘടനയിൽ നിന്നും ഇറങ്ങാൻ തോന്നും. അതാണ് താൻ ചെയ്തതെന്നും പാർവതി വ്യക്തമാക്കി.


Click it and Unblock the Notifications