'ദിവസം മുന്നൂറ് രൂപയുടെ ചിലവ് മാത്രം, കാശ് മുഴുവൻ ഫാമിലിക്ക് ചിലവാക്കി, അവന് എല്ലാവരും നല്ലവരായിരുന്നു'
ഒരുപാട് ഉത്സവപ്പറമ്പുകളിൽ ഒരുമിച്ച് ഉറക്കം ഇളച്ചിരുന്ന് സ്കിറ്റ് കളിച്ചിട്ടുള്ള കലാകാരന്മാരായിരുന്നു കൊല്ലം സുധിയും പാഷണം ഷാജി എന്നറിയപ്പെടുന്ന സാജു നവോദയയും. പിന്നീട് ഇരുവരും നിരവധി ടിവി ഷോകളിലും ഒരുമിച്ച് മത്സരിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ് കാർ അപകടത്തിൽ മരണപ്പെടും വരെ സുധിയുടെ ഉറ്റ ചങ്ങാതിമാരുടെ ലിസ്റ്റിൽ സാജു നവോദയയും ഉണ്ടായിരുന്നു. രേണുവിനും മക്കൾക്കുമായി ചില സഹായങ്ങളും സാജുവും സുഹൃത്തുക്കളും ചേർന്ന് ചെയ്തിരുന്നു.
ഇപ്പോഴിതാ നടി വീണ നായരുടെ ബ്ലാ ബ്ലാ ബ്ലാ വീണ എന്ന പോഡ് കാസ്റ്റിൽ അതിഥിയായി എത്തി സുഹൃത്തിനെ കുറിച്ച് സാജു നവോദയ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കാശ് മുഴുവൻ കുടുംബത്തിന് വേണ്ടിയാണ് സുധി ചിലവാക്കിയിരുന്നതെന്ന് സാജു പറയുന്നു.

സുധി ചേട്ടനെന്ന് പറയുമ്പോൾ അദ്ദേഹത്തെ കുറിച്ച് ഓർക്കാൻ എനിക്ക് ഏറ്റവും ഇഷ്ടം കാണിച്ചിട്ടുള്ള മണ്ടത്തരങ്ങളും കോമഡികളുമാണെന്ന് വീണ പറഞ്ഞപ്പോഴാണ് തന്റെ ഓർമകൾ സാജു നവോദയയും പങ്കിട്ടത്. നമ്മളൊക്കെ സ്കിറ്റ് കളിക്കുകയും ചിരിച്ച് കളിച്ച് നടക്കുകയും ഒക്കെ ചെയ്യുമെങ്കിലും പുറകോട്ട് ഒരു നോട്ടമുണ്ട് നമുക്ക്. വീട്ടിലെ കാര്യങ്ങളെ കുറിച്ച്. പക്ഷെ ആ ചിന്ത സുധിക്കുണ്ടായിരുന്നില്ല. മുന്നോട്ട് എന്നുള്ള രീതിയിൽ ഒരു പോക്കായിരുന്നു.
അവന് ഒരു ദിവസം മുന്നൂറ് രൂപയുടെ ചിലവേയുള്ളു. ഇത് മാക്സിമം ആണ്. പക്ഷെ കിട്ടുന്ന കാശ് മുഴുവൻ ഫിമിലിക്ക് വേണ്ടി കൊടുത്ത് കൊടുത്ത് ചിലവാക്കി. എനിക്ക് സുധിയെ മനോരമയിൽ മത്സരിക്കാൻ ചെന്നപ്പോഴാണ് കിട്ടിയത്. അവിടെ വെച്ച് അനൂപ് തന്നതാണ് സുധിയേയും ജിഷോയേയും. അങ്ങനെ ഞങ്ങൾ ഒരു ടീമായി സെറ്റായി. സുധി വളരെ നന്മയുള്ളവനായിരുന്നു.
നമ്മൾ എല്ലാവരും ഇരുന്ന് പലരുടേയും കുറ്റം പറയുകയാണെന്ന് കരുതു. പക്ഷെ സുധി ഒരാളുടേയും കുറ്റം എന്റെ മുന്നിൽ ഇരുന്ന് സുധി പറഞ്ഞിട്ടില്ല. അത് അവന്റെ വലിയൊരു ക്വാളിറ്റിയായിരുന്നു. അവന്റെ കണ്ണിൽ എല്ലാവരും നല്ലവരായിരുന്നു. പക്ഷെ അവൻ അവനെ തന്നെ കുറ്റം പറയാൻ എല്ലാ കഴിവും ഉപയോഗിക്കും. അങ്ങനൊരു കുഴപ്പമുണ്ട്. കിച്ചുവിന് വേണ്ടിയായിരുന്നു അവൻ അവന്റെ ജീവിതം മുഴുവൻ നീക്കിവെച്ചത്. സുധിയുടെ മോൻ ഇപ്പോൾ പഠിക്കുന്നുണ്ട്.
കാര്യങ്ങൾ എല്ലാം പക്കയായി കൊണ്ടുപോകുന്നുമുണ്ട്. അച്ഛന്റെ ആഗ്രഹം പോലെ കിച്ചു നന്നാകും. ഒട്ടുമിക്ക പരിപാടികൾക്കും കിച്ചുവിനേയും കൊണ്ടാണ് സുധി വന്നിരുന്നത്. മക്കളേ എന്നാണ് എല്ലാവരേയും സുധി വിളിക്കാറ്. എന്നേക്കാൾ മൂത്തതാണ് സുധി. പക്ഷെ എന്നെ ചേട്ടായെന്നാണ് അവൻ വിളിക്കാറ്.

സാജപ്പ എന്നും വിളിക്കുമെന്ന് സാജു നവോദയ പറയുന്നു. രേണു സുധിയുടെ മൂന്നാം ഭാര്യയായിരുന്നു. മരിക്കുമ്പോൾ കുറച്ച് കടങ്ങൾ അല്ലാതെ സ്വന്തമായി ഒരു പുരയിടം പോലും സുധിക്കുണ്ടായിരുന്നില്ല. രേണുവിനും മക്കൾക്കും ഒപ്പം കോട്ടയത്ത് ഒരു വാടക വീട്ടിലായിരുന്നു സുധി താമസിച്ചിരുന്നത‍്. സുധിയുടെ മരണശേഷം ഏറെക്കാലം വാടക അടക്കം കൊടുക്കാൻ സുധിയുടെ സഹപ്രവർത്തകരാണ് രേണുവിനെ സഹായിച്ചിരുന്നത്.
ഇപ്പോൾ രേണുവും അറിയപ്പെടുന്ന കലാകാരിയാണ്. ബിഗ് ബോസിൽ വരെ പങ്കെടുത്ത് കഴിഞ്ഞു. സുധിയുടെ ആദ്യ വിവാഹത്തിലെ മകനാണ് കിച്ചു. അവൻ ഇപ്പോൾ ആനിമേഷൻ വിദ്യാർത്ഥിയാണ്. ഒപ്പം യുട്യൂബ് ചാനലുമായും സജീവമാണ്. സുധിയുടെ അമ്മയ്ക്കും സഹോദരന്റെ കുടുംബത്തിനും ഒപ്പമാണ് കിച്ചുവിന്റെ താമസം.
ഒരു ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സ് കിച്ചുവിന്റെ യുട്യൂബ് ചാനലിനുണ്ട്. അടുത്തിടെ യുട്യൂബ് വരുമാനം കൊണ്ട് പുതിയൊരു കാർ കിച്ചു സ്വന്തമാക്കിയിരുന്നു. രേണുവും പ്രമോഷൻ ഷോർട്ട് ഫിലിം അഭിനയം എന്നിവയിലൂടെയും പണം സമ്പാദിക്കുന്നുണ്ട്.


Click it and Unblock the Notifications