'എല്ലാവരും നെഗറ്റീവ് കേൾക്കാൻ ഇഷ്ടപ്പെടുന്നവർ, അവന്റെ മരണം പോലും വീട്ടുകാർക്ക് വേണ്ടി, അതിൽ ഞാൻ തോൽവി'
കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ നടനാണ് സാജു നവോദയ. സാജുവെന്ന പേരിനേക്കാളും പാഷാണം ഷാജി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. എറണാകുളം സ്വദേശിയായ സാജു സ്കൂൾ യുവജനോത്സവ വേദികളിലൂടെയാണ് ശ്രദ്ധ നേടിയത്. എറണാകുളം ജില്ലാ സ്ക്കൂൾ യുവജനോത്സവങ്ങളിൽ സാജു സംവിധാനം ചെയ്ത നാടകങ്ങൾ പുരസ്ക്കാരങ്ങൾ നേടിയിരുന്നു. നാട്ടിലെ ക്ലബുകളിലും ഉത്സവവേദികളിലും മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് സാജു തന്റെ കലാപ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
മനോജ് ഗിന്നസിന്റെ നവോദയയിൽ ചേർന്നതോടെയാണ് സാജു നവോദയ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. മഴവിൽ മനോരമയിലെ റിയാലിറ്റി കോമഡി പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ സാജുവിന്റെ പാഷാണം ഷാജി എന്ന കോമഡി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതോടെയാണ് സിനിമ അവസരങ്ങൾ സാജുവിന് ലഭിച്ച് തുടങ്ങിയത്. മാന്നാർ മത്തായി സ്പീക്കിങ്ങ് 2 എന്ന സിനിമയിലൂടെയായിരുന്നു സിനിമഅരങ്ങേറ്റം.

അക്ബർ അന്തോണി, ആടുപുലിയാട്ടം തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ താരം അഭിനയിച്ചു. ബിഗ് ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥിയായും സാജു എത്തിയിരുന്നു. ഇപ്പോഴിതാ യെസ് എഡിറ്റോറിയൽ എന്ന യുട്യൂബ് ചാനലിന് സാജു നൽകിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. പാഷാണം ഷാജി എന്ന കഥാപാത്രം ഹിറ്റായതിനെ കുറിച്ചും അകാലത്തിൽ വേർപ്പെട്ടുപോയ സുഹൃത്ത് സുധിയെ കുറിച്ചുമെല്ലാം സാജു അഭിമുഖത്തിൽ സംസാരിച്ചു.
ഞാൻ ചെയ്തതിൽ ഭൂരിഭാഗം കഥാപാത്രങ്ങളും നെഗറ്റീവ് പേരുകളുള്ളവയാണ്. പൊതുവെ നമ്മൾ എല്ലാവരും നെഗറ്റീവ് കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പോസിറ്റീവായിരിക്കണമെന്ന് എല്ലാവരും പറയുമെങ്കിലും കേൾക്കാൻ എല്ലാവർക്കും ഇഷ്ടം നെഗറ്റീവാണ്. നെഗറ്റീവ് ഇഷ്ടപ്പെടുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുകയാണ്.
അതുകൊണ്ടാണ് പാഷാണം ഷാജിയെന്ന ക്യാരക്ടറും ആളുകൾ ഇഷ്ടപ്പെട്ടത്. ഞാൻ കസേരയിൽ നിന്ന് വീഴുന്നത് കണ്ടാൽ ആളുകൾ ചിരിക്കും. അതേസമയം ഒരു കുഞ്ഞാണ് വീഴുന്നതെങ്കിൽ നമ്മൾ ചിരിക്കില്ല. അപ്പോൾ എല്ലാവർക്കും നെഗറ്റീവ് വേണം എന്നാണ് സാജു പറയുന്നത്. സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ എനിക്ക് സന്തോഷം സ്റ്റേജ് പ്രോഗ്രാം ചെയ്യുന്നതാണ്. കാരണം ആളുകളുടെ റെസ്പോൺസ് അപ്പോൾ തന്നെ അറിയാം.
മാത്രമല്ല അത് അനുസരിച്ച് സ്കിറ്റ് ചുരുക്കാനും മോടി പിടിപ്പിക്കാനും പറ്റും. മിമിക്രി ചെയ്ത് നടന്ന കാലത്താണ് എനിക്ക് ഏറെയും സുഹൃത്തുക്കളുള്ളത്. അവരെ ദിവസവും വിളിക്കും സംസാരിക്കും. പറ്റുമ്പോൾ കാണാൻ പോകും. അത്തരത്തിൽ ഒരാളാണ് സുധി. എന്നെ പാഷാണം ഷാജിയാക്കി എടുത്തത് അവനാണ്. ആ സ്കിറ്റിനും കഥാപാത്രത്തിനും വേണ്ടി കൂടുതൽ കഷ്ടപ്പെട്ടത് അവനാണ്. സുധി നല്ലൊരു മനുഷ്യനായിരുന്നു.

നല്ലവരെ ദൈവം നേരത്തെ വിളിക്കുമെന്നത് സുധിയുടെ കാര്യത്തിൽ കറക്ടാണ്. ഒരു വില കൂടിയ വസ്ത്രമോ ഷൂവോ ഒന്നും വാങ്ങാറില്ല. കിട്ടുന്നത് മുഴുവൻ അവൻ കുടുംബത്തിലേക്ക് കൊണ്ടുപോകും. അവന്റെ മരണം പോലും വീട്ടുകാർക്ക് വേണ്ടിയാണ്. ഞാൻ അങ്ങനെയാണ് വിശ്വസിക്കുന്നത്. കാരണം ഇപ്പോൾ അവന്റെ കുടുംബത്തിനും മക്കൾക്കും കേറി കിടക്കാൻ ഒരു വീടായി. അവന്റെ ഏറ്റവും വലിയ ക്വാളിറ്റി അവൻ ആരുടെയും കുറ്റം പറയില്ലെന്നതാണ്.
അഞ്ച് വർഷത്തോളം അവനും ഞാനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അവനെ എല്ലാവർക്കും ഇഷ്ടമാണ്. അവന്റെ വേർപാട് വലിയ നഷ്ടമാണ്. അവൻ എന്റെ കൂടപ്പിറപ്പായിരുന്നുവെന്നാണ് സുധിയുടെ ഓർമകൾ പങ്കിട്ട് താരം പറഞ്ഞത്. എന്റെ കരിയർ സക്സസായതിന് പിന്നിൽ എന്റെ ഭാര്യയുണ്ട്. അവളില്ലായിരുന്നുവെങ്കിൽ പരിപാടിക്ക് പോയി തിരിച്ച് വന്ന് വല്ല ലോഡ്ജിലും കിടന്ന് കൂട്ടുകാരുകൂടി പിരിവിട്ട് കുടിച്ച് നടന്നേനെ.
ഞാൻ ഇരുപത്തിനാലാമത്തെ വയസിൽ കല്യാണം കഴിച്ച വ്യക്തിയാണ്. അന്ന് ഭാര്യയ്ക്ക് 21 വയസെ ഉണ്ടായിരുന്നുള്ളു. പക്ഷെ മുപ്പത് വയസിന്റെ പക്വതയുണ്ടായിരുന്നു. ഒരു ടീ ഷർട്ടും മിഡിയുമിട്ടാണ് അവൾ അന്ന് എനിക്കൊപ്പം ഇറങ്ങി വന്നത്.
ഞാൻ സിനിമയിൽ ഒരു റോളിന് വേണ്ടി കോൺടാക്ട് ചെയ്യാത്തയാളാണ്. അതിൽ ഞാൻ കട്ട തോൽവിയാണ്. എനിക്ക് ഇപ്പോൾ മലയാളത്തിലുള്ള പുതിയ നടിമാരെയൊന്നും അധികം അറിയില്ല. മിക്കപ്പോഴും ഭാര്യയാണ് പറഞ്ഞ് തരാറുള്ളതെന്നും സാജു പറയുന്നു.


Click it and Unblock the Notifications











