ഭാര്യയാണ് മുന്നില്‍ നിന്നത്, വീട് വിറ്റിട്ട് മറ്റൊരാൾക്ക് വീടുണ്ടാക്കി! ഇപ്പോൾ വാടക വീട്ടിലെന്ന് പാഷാണം ഷാജി
മിമിക്രി താരവും നടനുമായ സാജു നവോദയ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാണ്. അതേ സമയം പാഷാണം ഷാജി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നടന്റെ ഒരു അഭിമുഖവും അതില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമാവുകയാണ്. സ്വന്തമായി ഉണ്ടാക്കിയ വീട് വിറ്റ് മറ്റൊരാള്‍ക്ക് വേണ്ടി വീട് നിര്‍മ്മിച്ച് കൊടുത്തതിനെ കുറിച്ചാണ് സാജു പറഞ്ഞത്.
വീട് വിറ്റത് കൊണ്ട് താനും ഭാര്യയും ഇപ്പോള്‍ വാടക വീട്ടിലാണ് താമസിക്കുന്നതെന്നും ബിഹൈന്‍ഡ്‌വുഡ്‌സ് കോള്‍ഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പറഞ്ഞു. ഒരാളെ സഹായിച്ചത് ആരോടും പറയുകയോ വാര്‍ത്താ പ്രധാന്യമാക്കി മാറ്റുകയോ ചെയ്യാത്ത സാജുവിനെ അഭിനന്ദിക്കുകയാണ് ആരാധകരിപ്പോള്‍.

ഞാനെന്റെ വീട് വിറ്റിട്ട് പാവപ്പെട്ട ഒരാള്‍ക്ക് വീട് വെച്ച് കൊടുത്തിട്ടുള്ള ആളാണ്. പതിനഞ്ച് വര്‍ഷത്തോളം വാടകയ്ക്ക് താമസിച്ചതിന് ശേഷമാണ് ഞാന്‍ സ്വന്തമായിട്ടൊരു വീട് ഉണ്ടാക്കുന്നത്. ആ വീട് വിറ്റിട്ട് പത്ത് ലക്ഷം രൂപ കൂടി ഇട്ടിട്ടാണ് വേറൊരാള്‍ക്ക് വീട് ഉണ്ടാക്കി കൊടുക്കുന്നത്. അദ്ദേഹം ക്യാന്‍സര്‍ രോഗിയാണ്.
അയാള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങി കൊടുക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാനും എന്റെ ഭാര്യയും കൂടി കാണാന്‍ പോയതാണ്. ഫ്‌ളക്‌സ് കൊണ്ട് മറച്ചൊരു വീടാണ്. മാത്രമല്ല ഈ രോഗിയായിട്ടുള്ള ആള് ഷീറ്റ് വിരിച്ചിട്ടാണ് കിടക്കുന്നത്. നമുക്കൊരു കട്ടില്‍ വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് ഞാനും ഭാര്യയും കൂടി അത് വാങ്ങാന്‍ പോയി.
എങ്കില്‍ പിന്നെ നമുക്ക് ചെറിയൊരു വീട് ഉണ്ടാക്കി കൊടുത്താലോ എന്ന് ഭാര്യ ചോദിച്ചു. കാരണം അവര്‍ക്ക് പ്ലസ് വണ്ണിലും പ്ലസ്ടുവിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളാണ്. അവര്‍ ടോയ്ലറ്റില്‍ പോവുന്നത് പുലര്‍ച്ചേ രണ്ട് മണിയ്ക്ക് എഴുന്നേറ്റിട്ടാണ്. കാരണം പറമ്പിലാണ് പോകുന്നത്. വീണ്ടും പോകണമെങ്കില്‍ നട്ടപാതിര ആവണം.
അതൊക്കെ കേട്ടപ്പോള്‍ ഒരു ചെറിയ വീട് അവര്‍ക്ക് ഉണ്ടാക്കി കൊടുക്കാമെന്ന് കരുതി. അങ്ങനെ ഞങ്ങള്‍ തീരുമാനിച്ചു. നാട്ടുകാരും അടുത്ത വീട്ടുകാരുമൊക്കെ ഇതറിഞ്ഞ് ഞങ്ങള്‍ക്കൊപ്പം കൂടി. എല്ലാവര്‍ക്കും കൂടി വലിയൊരു വീടാക്കാമെന്നാണ് അവര്‍ പറഞ്ഞത്. കല്ലെടുക്കാന്‍ ഒരാള്‍ വീതം ഉണ്ടെങ്കില്‍ പണിക്കൂലി കൊടുക്കേണ്ടി വരില്ലെന്നാണ് പറഞ്ഞത്.
പക്ഷെ, നാട്ടുകാരുടെ ഉത്സാഹം ഒരു ദിവസം കൊണ്ട് തീര്‍ന്നു. ആദ്യം കല്ല് ഇട്ട ദിവസം വന്ന ആളുകളൊന്നും പിന്നെ വന്നില്ല. ഞാനും ഭാര്യയും എന്റെ കൂടെയുള്ള പയ്യനും കൂടിയാണ് ബാക്കി കാര്യങ്ങളൊക്കെ ചെയ്തത്. തറക്കെട്ടിക്കോ എന്ന് പറഞ്ഞ് ഏല്‍പ്പിച്ച് ഞാന്‍ സിനിമയുടെ ഷൂട്ടിങ്ങിന് കോഴിക്കോടേക്ക് പോന്നു.

തറ കെട്ടാന്‍ എത്ര ലോഡ് കല്ല് അടിച്ചെന്ന് ചോദിച്ചപ്പോള്‍ പതിനാല് ലോഡ് കരിങ്കല്ല് ആയെന്ന് പറഞ്ഞു. ഞാന്‍ വന്ന് നോക്കുമ്പോള്‍ എന്റെ നെഞ്ചിനൊപ്പം പൊക്കത്തില്‍ തറ കെട്ടിയിരിക്കുകയാണ്. ഇതെന്താണ് ചേട്ടാ ഇങ്ങനെ ചെയ്തിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഇനി വെള്ളം കയറുക എങ്ങാനും ചെയ്താലോ എന്നായിരുന്നു പുള്ളിയുടെ ചോദ്യം. എന്തായാലും പിന്നെ ഞാന്‍ തന്നെ കൂടെ നിന്ന് വീട് നിര്‍മ്മിച്ച് കൊടുത്തു.
രണ്ട് ബെഡ് റൂം, അറ്റാച്ച്ഡ് ബാത്ത്‌റൂം, ഹാള്‍, കിച്ചണ്‍ ഒക്കെയുള്ള ആ വലിയ വീട് ഞാന്‍ നിര്‍മ്മിച്ച് കൊടുത്തു. ഇപ്പോള്‍ ആ കുഞ്ഞുങ്ങള്‍ നല്ല ടോയ്‌ലെറ്റില്‍ പോകുന്നു. ആ ഫാമിലി ഇപ്പോള്‍ ഹാപ്പിയാണ്. ഇടയ്ക്ക് എന്നെയും ഭാര്യയെയും വിളിക്കാറുണ്ട്. ഞാന്‍ ഇപ്പോള്‍ വാടകയ്ക്ക് എടുത്ത ഫ്‌ളാറ്റിലാണ് താമസിക്കുന്നത്.
എനിക്കും ഭാര്യയ്ക്കും ഞങ്ങളുടെ സന്തോഷമാണ് പ്രധാനം. ഞങ്ങള്‍ക്ക് കുഞ്ഞുങ്ങളുമില്ല. ഞാനിതൊക്കെ ചെയ്യുമ്പോള്‍ എന്റെ ഭാര്യ ഒരു പടി മുന്നില്‍ നിന്നുമാണ് ചെയ്യുന്നത്. ഇനിയെന്റെ ഭാര്യയുടെ ആഗ്രഹം ഒരു സ്ഥലം വാങ്ങി അവിടെ നല്ലൊരു വീടുണ്ടാക്കി, ആരോരുമില്ലാത്ത അമ്മമാരെയും അച്ഛന്മാരെയും പാര്‍പ്പിച്ച് അവരുടെ കൂടെ ഞങ്ങള്‍ക്കും ജീവിക്കാമെന്നാണ്.
അത് തന്നെയാണ് എന്റെയും തീരുമാനം. ഞങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെ ജീവിതം. പേരില്‍ മാത്രമേ പാഷാണം ഉള്ളു. ബാക്കിയെല്ലാം ഓക്കെയാണെന്നും നടന്‍ കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications











