'ഇന്നേവരെ പ്രതിഫലം ചോദിച്ച് വാങ്ങിയിട്ടില്ല, ഒരുപാട് പൈസ എനിക്ക് ആവശ്യമില്ല'; പ്രതിഫലത്തെ കുറിച്ച് സിദ്ദീഖ്!
ഇന്ത്യൻ സിനിമയിലെ പോപ്പുലർ താരങ്ങൾ എല്ലാവരും കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്നവരാണ്. മലയാളത്തിലെ വൻകിട താരങ്ങൾ ഒരു സിനിമയ്ക്ക് 10-12 കോടി രൂപ പ്രതിഫലം വാങ്ങുമ്പോൾ തമിഴിൽ സൂപ്പർ താരങ്ങളുടെ പ്രതിഫലം 100 കോടി രൂപ വരെയാണ്. ഹിന്ദിയിൽ വമ്പൻ താരങ്ങൾ 200 കോടി വരെ വാങ്ങുന്നുണ്ട്.
താരങ്ങളുടെ മാർക്കറ്റിന് അനുസരിച്ചാണ് സിനിമ കാണാൻ ജനം തിയേറ്ററിൽ കയറുന്നത്. താരപദവിക്ക് പകിട്ട് കൂടുമ്പോൾ പ്രതിഫലവും കൂടും. തിയറ്ററിലേക്ക് പ്രേക്ഷകരെ ആകർഷിക്കാനുള്ള വൻകിട താരത്തിന്റെ ശേഷിക്കാണ് നിർമാതാവ് കനത്ത പ്രതിഫലം നൽകുന്നത്.

ആ കഴിവ് താരത്തിന് ഇല്ലാതാകുമ്പോൾ അയാളുടെ പ്രതിഫലം കുറയും. ചിലപ്പോൾ സിനിമ തന്നെ ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ട അവസ്ഥയും വരാം. ചലച്ചിത്ര താരങ്ങളുടെ പ്രതിഫലം അടുത്തിടെയായി മലയാള സിനിമാ രംഗത്തെ ചൂടേറിയ ചർച്ചാ വിഷയമാണ്.
ഇത് ചർച്ചയാക്കിയത് നടി അപർണ ബാലമുരളിയാണ്. പ്രതിഫലത്തിന്റെ കാര്യത്തിൽ സിനിമാ രംഗത്ത് നിലനിൽക്കുന്ന വിവേചനം ശരിയല്ലെന്ന് പല വേദികളിലും അപർണ പറഞ്ഞിരുന്നു. മാത്രമല്ല ചില നിർമാതാക്കൾ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു.
കൊവിഡ് വന്നശേഷമാണ് താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് നിർമാതാക്കൾ ആവശ്യപ്പെട്ട്. ഈ രണ്ട് വിഷയത്തിലും തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് നടൻ സിദ്ദീഖ് ഇപ്പോൾ. 'എനിക്ക് അങ്ങനൊരു ഫിക്സഡ് ശബളമില്ല. എനിക്ക് ഇത്ര രൂപ തന്നാലെ അഭിനയിക്കൂവെന്ന് ഞാൻ പറഞ്ഞിട്ടില്ല. മാത്രമല്ല പണമുണ്ടാക്കാനുള്ള ഉപാധിയായി സിനിമയെ കണ്ടിട്ടില്ല.'
'എനിക്ക് നിർമാതാക്കൾ തരുന്ന പ്രതിഫലമാണ് എന്റെ പ്രതിഫലം. അല്ലാതെ ഇത്ര കിട്ടിയാലെ അഭിനയിക്കൂവെന്ന ക്രൈറ്റീരിയ ഇല്ല എനിക്ക്. ഞാൻ ഒരിക്കലും എന്റെ ശബളം ഇത്രയാണെന്ന് ഫിക്സ് ചെയ്ത് വെച്ചിട്ടില്ല. മാത്രമല്ല എന്റെ ഒരു സിനിമ ഹിറ്റായാൽ ഇനി ഇത്ര തന്നാലെ അഭിനയിക്കൂവെന്നും പറഞ്ഞിട്ടില്ല.'

'എനിക്ക് ഒരുപാട് പൈസ ആവശ്യമില്ലാത്തൊരാളാണ്. ജീവിതം വളരെ സിംപിളായിട്ടാണ് കൊണ്ടുപോകുന്നത്. ഇതുവരെ സിനിമ എനിക്ക് തന്നൊരു സമ്പത്തുണ്ട്. എനിക്ക് അത് മതി. അതിൽ കൂടുതൽ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഇനിയങ്ങോട്ട് കുറെ പൈസവേണമെന്ന ആഗ്രഹമില്ല. പത്തിന് വലിയ വാല്യു കൊടുക്കുന്ന ഒരു വ്യക്തിയുമല്ല ഞാൻ.'
'ഞാൻ എന്നും ഇൻഡസ്ട്രിയിൽ ഉണ്ടാകണമെന്നും എനിക്ക് വിധിച്ചിട്ടുള്ള പൈസ കുറച്ച് കുറച്ചായി പല സിനിമകളിൽ നിന്നും കിട്ടിയാൽ മതിയെന്നുമാണ് എന്റെ ആഗ്രഹം' സിദ്ദീഖ് പറഞ്ഞു.


Click it and Unblock the Notifications