'ഇഷ്ടങ്ങളില്‍ പലതും മാറ്റിവെച്ചത് പേളിക്ക് വേണ്ടി, പെര്‍ഫെക്ട് മാച്ചാണെന്നതിന് ഈ ഉത്തരങ്ങൾ വേണ്ട'; വീഡിയോ!
ബിഗ് ബോസിൽ വെച്ചാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും പ്രണയത്തിലായത്. ആദ്യം സൗഹൃദമായിരുന്നു. പിന്നീട് താൻ ആഗ്രഹിക്കുന്നതുപോലൊരു പങ്കാളി ശ്രീനിഷിലുണ്ടെന്ന് മനസിലാക്കി പേളി പ്രണയം പറയുകയായിരുന്നു. ഷോയിൽ തുടരാൻ സാധിക്കാതെ പുറത്ത് പോകാൻ പേളി ശ്രമിച്ചപ്പോഴും കരുത്ത് പകർന്ന് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നതും ശ്രീനിഷായിരുന്നു. മലയാളം മിനിസ്ക്രീൻ സീരിയലുകളിൽ നായകനായി കത്തി നിൽക്കുമ്പോഴായിരുന്നു ശ്രീനിഷ് ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയത്.
ഇതുവരെയുള്ള മലയാളം ബിഗ് ബോസ് സീസണുകളിൽ പേളി-ശ്രീനിഷ് ജോഡിയാകാൻ പലരും ശ്രമിച്ചുവെങ്കിലും ഇരുവരുടെയും പ്രണയത്തോളം മികച്ചതായിരുന്നില്ല അവയൊന്നും. പ്രണയത്തിന് കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കുമോയെന്ന സംശയത്തോടെയാണ് ഇരുവരും ഷോ കഴിഞ്ഞ് പുറത്തേക്കിറങ്ങിയത്.

പ്രതീക്ഷിച്ചതുപോലുള്ള എതിർപ്പുകളുണ്ടായില്ലെന്ന് മാത്രമല്ല മനോഹരമായി വിവാഹം നടക്കുകയും ചെയ്തു. ഇന്ന് പലരും മാതൃകയാക്കുന്ന ഒരു ദാമ്പത്യം കൂടിയാണ് പേളിഷിന്റേത്. നിലയ്ക്കും നിതാരയ്ക്കുമൊപ്പം ജീവിതം ആസ്വദിക്കുന്ന പേളിയും ശ്രീനിഷും യുട്യൂബിലാണ് ഇപ്പോൾ സജീവം. പേളി മാണി എന്ന യുട്യൂബ് ചാനലിന്റെ എല്ലാമെല്ലാം ശ്രീനിഷാണ്. അവതാരകയുടെ റോൾ മാത്രമാണ് പേളിക്ക്. വിവാഹത്തിനുശേഷം സീരിയൽ അഭിനയം അവസാനിപ്പിച്ച ശ്രീനിഷ് പേളിയുടെ ചാനലിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.
യുട്യൂബ് ചാനൽ കൂടുതൽ സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയതും ശ്രീനിഷിന്റെ വരവോടെയാണ്. സെലിബ്രിറ്റി ചാറ്റ് ഷോയടക്കം ഉണ്ടെങ്കിലും പേളിയുടെയും കുടുംബത്തിന്റെയും വീഡിയോയ്ക്കാണ് ആരാധകർ കൂടുതൽ. പേളിയും ശ്രീനിയും മക്കളും മാത്രമുള്ള വീഡിയോയാണെങ്കിൽ നിമിഷ നേരം കൊണ്ട് അത് വൈറലാകും.
ഇപ്പോഴിതാ പേളിയും ശ്രീനിഷും പങ്കുവെച്ച പുതിയൊരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ശ്രീനിഷിന്റെ താൽപര്യങ്ങളും ഇഷ്ടങ്ങളും പേളിക്ക് എത്രത്തോളം അറിയാമെന്നത് കണ്ടെത്തുന്നതിനായിരുന്നു രസകരമായ ചോദ്യങ്ങളും മറ്റും നിറഞ്ഞ വീഡിയോ. പെർഫക്ട് മാച്ചാണോ പേളിഷ് എന്ന് കണ്ടെത്താൻ നടത്തിയ ടെസ്റ്റിന്റെ വീഡിയോ ഇതിനോടകം നാല് ലക്ഷത്തിലധികം ആളുകൾ കണ്ടു. ഒട്ടുമിക്ക ചോദ്യങ്ങളും പേളി ശരിയാക്കി.
ചിലതൊക്കെ പതിവുപോലെ തെറ്റായി. അഞ്ച് വര്‍ഷമായിട്ടും നിനക്ക് ഇതൊന്നും മനസിലായില്ലേ എന്നാണ് ചില ഉത്തരങ്ങൾ തെറ്റിയപ്പോൾ ശ്രീനിഷിനോട് പേളി ചോദിച്ചത്. റിയൽ ലൈഫുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ എളുപ്പത്തിൽ ഉത്തരം പറയാൻ കഴിയുമെന്നും മറ്റുള്ള ചോദ്യങ്ങളാണ് തങ്ങളെ കുഴപ്പിക്കുന്നതെന്നും ഇരുവരും പറഞ്ഞു. പേളിക്കായി താൻ മാറ്റിവെച്ച താൽപര്യങ്ങളും ശ്രീനിഷ് പുതിയ വീഡിയോയിൽ വെളിപ്പെടുത്തി.

ഒരു ചക്ക പ്രേമിയായിരുന്നുവത്രെ ശ്രീനിഷ്. എന്നാൽ പേളി ചക്ക കഴിക്കാത്തത് കൊണ്ട് ആ ഇഷ്ടം ശ്രീനിഷ് മാറ്റിവെച്ചു. വീട്ടില്‍ പോവുമ്പോള്‍ മാത്രമാണ് ചക്ക കഴിക്കുന്നതെന്നും ശ്രീനിഷ് പറയുന്നു. എന്നാൽ തന്റെ കൂടെയായിരിക്കുമ്പോൾ തണ്ണിമത്തനാണ് ശ്രീനിഷ് കഴിക്കുന്നതെന്നും പിന്നെ ചക്കയോടുള്ള ശ്രീനിയുടെ ഇഷ്ടം താനെങ്ങനെ അറിയുമെന്നുമായിരുന്നു പേളിയുടെ ചോദ്യം. എന്നാൽ തന്റെ ഫേവറേറ്റുകൾ ഏതാണെന്ന് പേളി ചോദിച്ചിട്ടില്ലെന്നും ശ്രീനി പറഞ്ഞു.
എല്ലാം തന്റെ തെറ്റായിരുന്നുവെന്നും ഇപ്പോൾ എല്ലാം മനസിലായിയെന്ന് പേളിയും പറഞ്ഞു. എന്നാൽ ഇരുവരും ഉത്തരങ്ങൾ തെറ്റിച്ചുവെന്നത് ആരാധകരെ ബാധിച്ചിട്ടില്ല. പേളിയും ശ്രീനിഷും പെര്‍ഫെക്ട് മാച്ചാണെന്ന് പറയാന്‍ ഈ ചോദ്യോത്തരങ്ങൾ വേണ്ടെന്നാണ് ആരാധകരുടെ പക്ഷം. ശ്രീനി പേർളിയെ നന്നായി മനസിലാക്കിയിട്ടുണ്ടെന്നും പേളി മെച്ചപ്പെടാനുണ്ടെന്നുമെല്ലാം ചിലർ തമാശയായി കുറിച്ചിട്ടുണ്ട്.
കുറച്ച് ദിവസം മുമ്പ് അച്ഛൻ മാണിക്കും ശ്രീനിഷിനുമൊപ്പം ഹു നോസ് മീ ബെറ്റർ എന്ന ടാസ്ക്ക് ചെയ്തപ്പോൾ വിജയിച്ചതും ശ്രീനിയായിരുന്നു. പേളിയെ നന്നായി മനസിലാക്കിയിട്ടുള്ളതുകൊണ്ട് തന്നെ പതിനാല് മാർക്ക് ശ്രീനി നേടി. എന്നാൽ ശ്രീനി ജയിക്കണമെന്ന് തന്നെയാണ് താൻ ആഗ്രഹിച്ചതെന്നും അതിനാൽ പരാജയപ്പെട്ടതിൽ സങ്കടമില്ലെന്നുമായിരുന്നു മാണി പോളിന്റെ പ്രതികരണം.


Click it and Unblock the Notifications